ദക്ഷിണ കൊറിയൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ വിധി പ്രസ്താവത്തിന് രാജ്യം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കലാപക്കേസിൽ മുൻ പ്രസിഡന്റ് യുൻ സുക് യോളിന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. സിയോള്‍ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതിയിലെ 417-ാം നമ്പർ കോടതി മുറിയിൽ നടക്കുന്ന വിധി പ്രസ്താവം തത്സമയം സംപ്രേഷണം ചെയ്യും.
മൂന്ന് പതിറ്റാണ്ട് മുമ്പ് സൈനിക സ്വേച്ഛാധിപതി ചുൻ ഡൂ-ഹ്വാന് വധശിക്ഷ വിധിച്ച അതേ കോടതി മുറിയിൽ വെച്ചാണ് യുൻ സുക് യോളും വിധി കേൾക്കുന്നത് എന്ന പ്രത്യേകതയുണ്ട്. ചുൻ ഡൂ-ഹ്വാന്റെ മേൽ ചുമത്തിയ അതേ കുറ്റങ്ങൾ തന്നെയാണ് യോളിനെതിരെയും ചുമത്തിയിരിക്കുന്നത്. ദക്ഷിണ കൊറിയൻ നിയമമനുസരിച്ച് ഇത്തരം കുറ്റകൃത്യങ്ങൾക്ക് വധശിക്ഷയോ ജീവപര്യന്തമോ ആണ് നൽകാവുന്നത്. എന്നാൽ 1997ന് ശേഷം രാജ്യം വധശിക്ഷ നടപ്പിലാക്കാത്തതിനാൽ, വധശിക്ഷ വിധിച്ചാലും അത് പരോളില്ലാത്ത ജീവപര്യന്തമായിരിക്കും പ്രായോഗികമായി മാറുന്നത്.

