Site iconSite icon Janayugom Online

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂണ്‍ മൂന്നിന്

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂണ്‍ മൂന്നിന് നടക്കുമെന്ന് സൂചന. യോൻഹാപ്പ് വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ തീയതി സംബന്ധിച്ച് അന്തിമ തീരുമാനമാകും.
നിലവിലെ പ്രസിഡന്റ് മരിക്കുകയോ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയോ ചെയ്താൽ 60 ദിവസത്തിനുള്ളിൽ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. മാധ്യമ റിപ്പോർട്ടുകളിൽ പരാമർശിച്ചിരിക്കുന്ന തീയതി അന്തിമമല്ലെന്നും ആക്ടിങ് പ്രസിഡന്റ് ഹാൻ ഡക്ക്-സൂ പ്രഖ്യാപിക്കുന്നതുവരെ ഒരു തീയതിയും ഔദ്യോഗികമാകില്ലെന്നും ദേ­ശീയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊതു സുരക്ഷയും ക്രമസമാധാനവും നിലനിർത്തികൊണ്ട് തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഹാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

സെെ­നിക നിയമ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് യൂന്‍ സുക് യോളിനെതിരായ ഇംപീച്ച്മെന്റ് നടപടി ഭരണഘടനാ കോടതി ശരിവച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നിനാണ് യോള്‍ അപ്രതീക്ഷിതമായി സെെ­നിക നിയമം പ്രഖ്യാപിച്ചത്. ബെഞ്ചിലെ എട്ട് ജഡജിമാരും ഏകകണ്ഠേനെയാണ് ഇംപീച്ച്മെന്റ് ശരിവച്ചത്. ഭരണഘടന പ്രകാരം നല്‍കിയിട്ടുള്ള അധികാരങ്ങള്‍ക്ക് അതീതമായ നടപടികള്‍ ലംഘിച്ചുകൊണ്ട് പ്രസിഡന്റ് എന്ന നിലയില്‍ യോള്‍ കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടതായും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യത്തിന് ഗുരുതരമായ വെല്ലുവിളിയാണെന്നും കോടതി നിരീക്ഷിച്ചു. 2017ൽ പാർക്ക് ഗ്യൂൻ‑ഹൈയ്ക്ക് ശേഷം ഇംപീച്ച്‌മെന്റിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെടുന്ന രണ്ടാമത്തെ ദക്ഷിണ കൊറിയൻ പ്രസിഡന്റായി യോള്‍ മാറി. ക്രിമിനൽ വിചാരണയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, അദ്ദേഹത്തിന് ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കും. 

Exit mobile version