Site iconSite icon Janayugom Online

ജോർജിയയെ തകർത്ത് സ്പെയിൻ

ജോർജിയ്ക്കെതിരെ എതിരില്ലാത്ത നാല് ഗോളിന്റെ ആധികാരിക വിജയം നേടിയ സ്പെയിൻ 2026 ലോകകപ്പിനുള്ള യോഗ്യത ഏറെക്കുറെ ഉറപ്പിച്ചു. ഗ്രൂപ്പ് ഇയിൽ കളിച്ച അഞ്ച് മത്സരങ്ങളിലും സ്പെയിന്‍ വിജയം നേടി. രണ്ടാം സ്ഥാനക്കാരായ തുര്‍ക്കിയേക്കാള്‍ മൂന്ന് പോയിന്റ് മുന്നിലാണ്. അവസാന മത്സരത്തില്‍ തുര്‍ക്കിയാണ് സ്പെയിനിന്റെ എതിരാളികള്‍. മത്സരത്തില്‍ ജയിക്കാനായില്ലെങ്കില്‍ തന്നെ മികച്ച ഗോൾ വ്യത്യാസം സ്പെയിന്റെ സാധ്യതകള്‍ ഉറപ്പിക്കുന്നു. തുർക്കിയ ഏഴോ അതിലധികമോ ഗോളുകൾക്ക് സ്പെയിനിനെ തോല്പിച്ചാല്‍ മാത്രമേ ഗോള്‍ വ്യത്യാസത്തിലെ മേല്‍ക്കൈ നഷ്ടപ്പെടുകയുള്ളൂ. ബൾഗേറിയയെ 2–0ന് തോല്പിച്ചാണ് വിൻസെൻസോ മോണ്ടെല്ലയുടെ തുർക്കിയ ചൊവ്വാഴ്ചത്തെ മത്സരത്തിനിറങ്ങുന്നത്. സൂപ്പര്‍ താരങ്ങളായ ലാമിൻ യാമാൽ, റോഡ്രി ഹെർണാണ്ടസ്, ഡാനി കാർവഹാൽ, നിക്കോ വില്യംസ് തുടങ്ങിയവര്‍ ഇല്ലാതിരുന്നിട്ടും സ്പെയിൻ ടിബിലിസിയിൽ അനായാസം വിജയംകുറിച്ചു. മൈക്കൽ ഒയാർസബാൽ പെനാൽറ്റിയിലൂടെ ആദ്യ ഗോൾ നേടി, തുടർന്ന് മാർട്ടിൻ സുബിമെൻഡിയും ഫെറാൻ ടോറസും ആദ്യ പകുതിയിൽ ലീഡ് വര്‍ധിപ്പിച്ചു, അതിനുശേഷം ഒയാർസബാൽ വീണ്ടും വല കുലുക്കി. തുടർച്ചയായി പതിമൂന്നാം ലോകകപ്പ് പ്രവേശനമാണ് സ്പെയിന്‍ ഉറപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പിൽ 19 ഗോളുകൾ നേടിയപ്പോൾ ഒന്നുപോലും വഴങ്ങിയിട്ടില്ല.

ഫറോ ദ്വീപുകളെ ഒന്നിനെതിരേ മൂന്നുഗോളിനു പരാജയപ്പെടുത്തി ക്രൊയേഷ്യ യോഗ്യത പൂര്‍ത്തിയാക്കി. ഒരു കളി ബാക്കിനില്‍ക്കെ ഗ്രൂപ്പ് എല്ലില്‍ നിന്നും ഒന്നാം സ്ഥാനക്കാരായാണ് ക്രൊയേഷ്യയുടെ മുന്നേറ്റം. 2018 ലോകകപ്പ് ഫൈനലിസ്റ്റാണ് ക്രൊയേഷ്യ.
ഫറോസിന്റെ ഗെസ ഡേവിഡ് ട്യൂരിയാണ് മല്‍സരത്തില്‍ ആദ്യ ഗോള്‍ നേടിയത്. ഈ ഗോളിനു മറുപടി നല്‍കി ക്രൊയേഷ്യ തിരിച്ചുവരവ് നടത്തുകയായിരുന്നു. ക്രൊയേഷ്യക്കു വേണ്ടി ജോസ്കോ ഗ്വാര്‍ഡിയോള്‍ സമനില ഗോള്‍ നേടി. തുടര്‍ന്ന് രണ്ടാം പകുതിയില്‍ പെറ്റാര്‍ മൂസ, നിക്കോള വ്ലാസിച്ച് എന്നിവര്‍ ഓരോ ഗോള്‍ കൂടി നേടി വിജയം ഉറപ്പിച്ചു. ഇതോടെ നായകന്‍ ലൂക്കാ മോഡ്രിച്ച് തന്റെ അഞ്ചാം ലോകകപ്പില്‍ പന്തു തട്ടാനിറങ്ങും. 

Exit mobile version