ചെന്നൈയില്‍ നിന്ന് ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പല്‍ തങ്ങളുടെ തുറമുഖത്ത് നങ്കൂരമിടുന്നത് തടഞ്ഞ് സ്പെയിന്‍. 27 ടണ്‍ സ്ഫോടക വസ്തുക്കളുമായി ഇസ്രയേലിലെ ഹൈഫ തുറമുഖത്തേക്ക് പോയതായിരുന്നു കപ്പല്‍. സ്പാനിഷ് വിദേശകാര്യ മന്ത്രി ഹോസെ മാനുവല്‍ ആല്‍ബാരസാണ് കപ്പല്‍ കാര്‍ട്ടജീന തുറമുഖത്ത് നങ്കൂരമിടുന്നതിന് അനുമതി നിഷേധിച്ച കാര്യം വ്യക്തമാക്കിയത്.
‘ഇതാദ്യമായാണ് ഞങ്ങള്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. ഇസ്രയേലിലേക്കുള്ള ആയുധവുമായി സ്പാനിഷ് തുറമുഖത്ത് ഒരു കപ്പലെത്തുന്നതും ആദ്യമായാണ്. ഇസ്രയേലിലേക്കുള്ള ആയുധവുമായി സ്പാനിഷ് തുറമുഖത്ത് എത്തുന്ന ഏതൊരു കപ്പലിന്റെ കാര്യത്തിലും ഇതേ നയമായിരിക്കും സ്വീകരിക്കുക. പശ്ചിമേഷ്യയില്‍ ഇപ്പോള്‍ ആയുധങ്ങളല്ല, സമാധാനമാണ് ആവശ്യമെന്നും ഹോസെ മാനുവല്‍ പറഞ്ഞു.
കപ്പലിന്റെ വിശദവിവരങ്ങള്‍ കൈമാറാന്‍ അദ്ദേഹം തയാറായിട്ടില്ല. എന്നാല്‍ തെക്കുകിഴക്കന്‍ തുറമുഖമായ കാര്‍ട്ടജീനയില്‍ നങ്കൂരമിടാന്‍ മരിയാന ഡാനിക്ക എന്ന കപ്പല്‍ അനുമതി തേടിയതായി ഗതാഗത മന്ത്രി ഓസ്കാര്‍ പ്യൂണ്ടെ അറിയിച്ചു.
സൈനിക സാമഗ്രികളുമായി വരുന്ന ബോര്‍ക്കോം എന്ന മറ്റൊരു കപ്പൽ കാർട്ടജീനയിൽ നങ്കൂരമിടുന്നത് തടയണമെന്ന സ്പെയിനിലെ ഇടതുപക്ഷ സഖ്യത്തിന്റെ ആവശ്യത്തിനിടയിലാണ് ഇന്ത്യയില്‍ നിന്നുള്ള കപ്പല്‍ തടഞ്ഞത്. അതേസമയം ബോര്‍ക്കോം ചെക്ക് റിപ്പബ്ലിക്കിലേക്കാണ് പോകുന്നതെന്ന് ഓസ്കാര്‍ പ്യൂണ്ടെ പറഞ്ഞു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്ന യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് സ്പെയിന്‍. ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ആയുധ വിതരണം സ്പെയിന്‍ അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഗാസ ആക്രമണത്തിൽ 15,000 കുട്ടികളടക്കം 35,774 പേർ ഇതുവരെ കൊല്ലപ്പെട്ടു.
English Summary: Spain denies permission to ship from India
You may also like this video