സീസണിന് മുന്നോടിയായി സ്പാനിഷ് സെന്റർ ബാക്ക് ജുവാൻ റോഡ്രിഗസ് മാർട്ടിനെസിനെ ടീമിലെത്തിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. സ്പെയിനിലെ പ്രൈമേര ഫെഡറേഷനിലെ സി ഡി ലുഗോയ്ക്ക് വേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചതിന് ശേഷമാണ് 30 കാരനായ ഈ പ്രതിരോധതാരം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. റേസിങ് ഫെറോളിന്റെ യൂത്ത് അക്കാദമിയിലൂടെ വളർന്നുവന്ന ജുവാൻ പിന്നീട് സ്പോർട്ടിങ് ഗിജോൺ, ജിംനാസ്റ്റിക് ഡി ടരാഗോണ, സാൻ ഫെർണാണ്ടോ സിഡി, എസ് ഡി അമോറെബിയേറ്റ, അൽജെസിറാസ്‌സിഎഫ്, ഏറ്റവും ഒടുവിൽ സിഡി ലുഗോ എന്നിവയുൾപ്പെടെ നിരവധി സ്പാനിഷ് ക്ലബ്ബുകൾക്കായി കളിച്ചു. തന്റെ പ്രൊഫഷണൽ കരിയറിൽ 200ൽ അധികം മത്സരങ്ങൾ കളിച്ച ഇദ്ദേഹം, സ്പെയിനിലെ മികച്ച പ്രതിരോധതാരമായി ആണ് അറിയപ്പെടുന്നത്. സൂപ്പർ കപ്പിനായുള്ള ഒരുക്കങ്ങൾ ബ്ലാസ്റ്റേഴ്സ് ശക്തമാക്കുന്നതിനിടെ, മെഡിക്കൽ പരിശോധനകൾക്ക് വിധേയനായ ശേഷം ജുവാൻ ഗോവയിൽ പുതിയ സഹതാരങ്ങളോടൊപ്പം പ്രീ സീസൺ ക്യാമ്പിൽ ചേരും.
സ്പാനിഷ് താരം ജുവാൻ റോഡ്രിഗസ് മാർട്ടിനെസ് ബ്ലാസ്റ്റേഴ്സിൽ

