Site icon Janayugom Online

ശാസ്ത്രത്തിനുമീതെ ചാണക രാഷ്ട്രീയം

താണ്ട് മൂന്നുവര്‍ഷം മുമ്പ് നടന്ന ഒരു സംഭവം ഓര്‍മ്മപ്പെടുത്തി തുടങ്ങാം. ഛത്തീസ്ഗണ്ഡിലെ റായ്പൂരിനടുത്ത് ബാഗ്ബഹാര്‍ എന്ന കൊച്ചു കര്‍ഷക ഗ്രാമത്തില്‍ പാടത്ത് പണിയെടുത്തുകൊണ്ടിരുന്ന മൂന്നുപേര്‍ക്ക് ശക്തമായ ഇടിമിന്നലേറ്റു. ഇവരെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാനല്ല നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ശ്രമിച്ചത്. ശരീരമാസകലം പൊള്ളി തൊലിയടര്‍ന്നവരെ ചാണകത്തില്‍ കുഴിച്ചിട്ടു. നമുക്കൊന്നും ചിന്തിക്കാന്‍ കഴിയുന്ന കാര്യമേ അല്ല. പക്ഷെ ചാണകത്തിന്റെ അമൂല്യമായ ഔഷധ സിദ്ധിയെക്കുറിച്ചുള്ള കപടശാസ്ത്ര പ്രചാരണത്തില്‍ വിശ്വാസമര്‍പ്പിച്ച ഗ്രാമീണര്‍, തങ്ങളുടെ പ്രിയപ്പെട്ടവര്‍ സുഖപ്പെടുമെന്ന് കരുതിയാണ് ചാണകത്തില്‍ കുഴിച്ചിട്ടത്. പിന്നീട് പൊലീസ് മൂവരെയും മോചിപ്പിച്ച് ആശുപത്രിയിലെത്തിച്ചു. സുനില്‍ സായ് (22), ചമ്പറാവുത് (20) എന്നിവര്‍ ചാണക രാഷ്ട്രീയത്തിന്റെ രക്തസാക്ഷികളായി. മറ്റൊരാള്‍ കഷ്ടിച്ച് രക്ഷപ്പെട്ടു.

ഈയൊരു ദുരന്തത്തിന് രണ്ട് വര്‍ഷം മുമ്പുണ്ടായ മറ്റൊരു സംഭവംകൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. കപട ശാസ്ത്രത്തെ മതവിശ്വാസത്തിന്റെ ഭാഗമാണെന്ന് പ്രചരിപ്പിച്ച്, മനുഷ്യന്റെ ശാസ്ത്രബോധത്തെ നൂറ്റാണ്ടിലേക്ക് കൊണ്ടുപോയതാരെന്ന് ബോധ്യമാകാനും അത് പറയേണ്ടിവരും. നരേന്ദ്ര മോഡി സര്‍ക്കാര്‍ ഒരു തീരുമാനമെടുത്തു. പശുവിന്റെ ചാണകത്തിലും മൂത്രത്തിലുമുള്ള ഔഷധ മൂല്യത്തെക്കുറിച്ച് പഠിക്കാന്‍ കോടികളുടെ ധനസഹായ പദ്ധതി. പശുവിന്റെ വിസര്‍ജ്യത്തിന് കാന്‍സര്‍ അടക്കമുള്ള രോഗങ്ങളെ ചെറുക്കാനുള്ള കഴിവുണ്ടെന്ന കപടശാസ്ത്രവാദികളുടെ പ്രചാരണത്തിന് ആധികാരികത കൊടുക്കാന്‍ ബോധപൂര്‍വം നടത്തിയ ഇടപെടല്‍ ആയിരുന്നു അത്. ‘സൂത്രാപിക്’ എന്ന പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ ആ പദ്ധതി ആരംഭിച്ചത്.

കപടശാസ്ത്രീയ പ്രചാരങ്ങളുടെ ആധികാരികതയ്ക്കുള്ള ഔദ്യോഗിക ഇടപെടല്‍

2014ല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ഹിന്ദുത്വ ദേശീയതയ്ക്കും കപടശാസ്ത്രീയ പ്രചാരങ്ങള്‍ക്കും ആധികാരികത ലഭിക്കാന്‍ ഔദ്യോഗിക ഇടപെടല്‍ ശക്തമാണ്. 2017നു ശേഷമാണ് ഇന്ത്യയിലെമ്പാടും ഔഷധം എന്ന പേരില്‍ വ്യാപകമായി പശുവിന്റെ വിസര്‍ജ്യം കുപ്പികളിലും പാത്രങ്ങളിലുമായി മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും മരുന്നുകടകളിലടക്കം എത്തിത്തുടങ്ങിയത്. ഗുരുതരമായ രോഗാവസ്ഥയില്‍ ചികിത്സ തേടാതെ ചാണകവും മൂത്രവും സേവിച്ച് മരിച്ചവരുടെ കണക്കെടുക്കാനാണ് സത്യത്തില്‍ പഠനം വേണ്ടത്. കോവിഡുകാലത്തെ ശാസ്ത്രവിരുദ്ധ പ്രചാരണത്തിന്റെ ഭീകരത അത്രമേല്‍ വലുതായിരുന്നു.

പാത്രം കൊട്ടാനും വിളക്ക് തെളിയിക്കാനും പ്രധാനമന്ത്രി നടത്തിയ ആഹ്വാനം, വീട്ടിലടച്ചിരുന്ന ദുരന്തകാലത്ത് പ്രത്യാശ കൈവിടാതിരിക്കാന്‍ ചില പൊടിക്കൈകളായി വ്യാഖ്യാനിച്ചവരുണ്ട്. പക്ഷെ അതൊക്കെ കപടശാസ്ത്ര പ്രചാരണത്തിന് ആള്‍ക്കൂട്ട ആഘോഷമാക്കി മാറ്റിയത്, അടിമകളായ സംഘ്പരിവാര്‍ നേതാക്കളും അണികളുമാണ്. പാത്രം കൊട്ടി കൊറോണ വൈറസിന്റെ ചെവി തകര്‍ക്കാന്‍ സ്യൂഡോ സയന്‍സ് അടിമകള്‍ കൂട്ടത്തോടെ ഇറങ്ങിയത്, ‘ഗോ കൊറോണ… ഗോ കൊറോണ…’ മുദ്രാവാക്യം വിളിച്ചതാണ്. അമിത് മാളവ്യയുടെ നേതൃത്വത്തിലുള്ള ബിജെപി ഐടി സെല്‍, കൊറോണക്കാലത്ത് ഓവര്‍ടൈം പണിയെടുത്തത് ഗോമൂത്രത്തിന്റെ മാര്‍ക്കറ്റിങ്ങിനുവേണ്ടിയാണ്. ആണ്‍ മക്കളുടെ എണ്ണത്തിനനുസരിച്ച് ദീപം തെളിയിച്ചാല്‍ കോവിഡ് ഒഴിഞ്ഞുപോകുമെന്ന് വാട്സ്ആപ് യൂണിവേഴ്സിറ്റി കേരളത്തിലടക്കമുള്ള കേശവമാമന്മാരെ ഉദ്ബോധിപ്പിച്ചു.

മനുഷ്യന്‍ ജീവന് വിലകല്പിക്കാതെ ഹിന്ദുത്വ ഔഷധങ്ങള്‍

ബാബാ രാംദേവ് കിറ്റ് ഒന്നിന് 600 രൂപയ്ക്ക് കോവിഡ് പ്രതിരോധത്തിനെന്ന പേരില്‍ ഉഡായിപ്പ് മരുന്ന് വിറ്റ് കാശുവാരി. കേന്ദ്രമന്ത്രിമാരായ നിധിന്‍ ഗഡ്കരിയും ഹര്‍ഷവര്‍ധനനും ഇടതും വലതും നിന്ന് ബാബാ രാംദേവിന് കൂടുതല്‍ പ്രചാരം നല്‍കി. ബാബാ രാംദേവ് വില്‍ക്കുന്ന മരുന്നിന്റെ തട്ടിപ്പ് ലോകാരോഗ്യ സംഘടന വിളിച്ചുപറഞ്ഞെങ്കിലും പല സംസ്ഥാനങ്ങളും കിട്ടിയ അവസരത്തില്‍ തന്നെ ഒരു ഹിന്ദുത്വ ഔഷധമായി ബാബാ രാംദേവിന്റെ മരുന്ന് വിതരണം ചെയ്തു. ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (IMA) മുന്‍ മേധാവി വിനയ് അഗര്‍വാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും മോഡി സര്‍ക്കാര്‍ രാംദേവിനെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്.

നമ്മള്‍ കണ്ടും അനുഭവിച്ചും തീര്‍ന്ന ചില മണ്ടത്തരങ്ങളെ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞുനോക്കുന്നത് ഓര്‍മ്മശക്തി കൂട്ടാന്‍ ഉപകരിക്കും. അന്ന് കേന്ദ്രമന്ത്രി ആയിരുന്ന അര്‍ജുന്‍ മേഘ്യാള്‍ വളരെ നൂതനവും വ്യത്യസ്ഥവുമായ ഒരു മരുന്ന് അവതരിപ്പിച്ചു. ‘ബാബാജി പപ്പട്’. ആ പപ്പടം കഴിച്ചാല്‍ കോവിഡ് പപ്പടം പോലെ പൊടിഞ്ഞുപോകും എന്നായിരുന്നു മന്ത്രിയുടെ കണ്ടുപിടിത്തവും അവകാശവാദവും. അതുപക്ഷെ അധികം നാള്‍ നീണ്ടില്ല. രണ്ടാഴ്ചയ്ക്കകം കോവിഡ് ബാധിച്ച് അവശനായതോടെ മന്ത്രി പപ്പട മാര്‍ക്കറ്റ് അവസാനിപ്പിച്ചു. ഗോമൂത്രം കുടിച്ച് പണ്ടേ കാന്‍സര്‍ മാറിയെന്ന് അവകാശപ്പെടുന്ന ബിജെപി എംപി പ്രഗ്യാസിങ് താക്കൂര്‍ കോവിഡ് മാറ്റാന്‍ നിര്‍ദേശിച്ചത് പശുവിന്‍ മൂത്രം തന്നെയാണ്. പലയിടത്തും ചാണക പാര്‍ട്ടികളും നടത്തി. ചാണകം ദേഹമാസകലം പുരട്ടി, മൂത്രം കുടിച്ച്, തൈരില്‍ കുളിച്ചുള്ള ആള്‍ക്കൂട്ട പാര്‍ട്ടികള്‍ ആരും മറക്കാനിടയില്ല.

ശംഖ് ഊതി കോവിഡിനെ ഓടിച്ച ബിജെപി എംപി ഉഷാ താക്കൂറും മൂക്കില്‍ നാരങ്ങാ നീരൊഴിച്ച കര്‍ണാടകയിലെ വിജയ് സന്ദേശറും ഉള്‍പ്പെടെയുള്ള എല്ലാ ബിജെപി നേതാക്കളും കോവിഡ് കാലത്ത് അന്തവിശ്വാസ പ്രചാരണത്തില്‍ ആറാടി. എല്ലാത്തിനും കൃത്യമായ ഹിന്ദുത്വയുടെ അടുക്കും തൊങ്ങലും ചാര്‍ത്തിയിരുന്നു. ഐഎംഎ അടക്കം പല സംഘടനകളും പറഞ്ഞ് മടുത്ത് പിന്‍വാങ്ങി. ഒടുവില്‍ ബ്ലാക് ഫംഗസിന്റെ വ്യാപനത്തിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതോടെയാണ്, ചാണകക്കുളി പൊടിക്കെങ്കിലും അടങ്ങിയത്.

കോവിഡ് കാലത്ത് ബിജെപി നേതാക്കളുടെ വാക്ക് വിശ്വസിച്ചുള്ള ചാണക ചികിത്സയെത്തുടര്‍ന്ന് എത്രപേര്‍ മരിച്ചിട്ടുണ്ടാകും എന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? അതിന്റെയൊക്കെ കണക്ക് ആരെങ്കിലും എടുത്തിട്ടുണ്ടാകുമോ?

ഈ വര്‍ഷം ഇന്ത്യന്‍ വെറ്ററിനറി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. പശുവിന്റെ വിസര്‍‍ജ്യത്തിന് ഔഷധഗുണമുണ്ടെന്ന ഹിന്ദുത്വ ലോബിയുടെ അവകാശവാദങ്ങളെ ആധികാരികമായി തള്ളിക്കളയുന്ന ഒന്നായിരുന്നു അത്. എന്നുമാത്രമല്ല, പശുവിന്റെ വിസര്‍ജ്യം സേവിച്ചാല്‍ ഗുരുതരമായ രോഗബാധയുണ്ടാകുമെന്നും കണ്ടെത്തി. പക്ഷെ എന്ത് ഫലം? ശാസ്ത്രീയ ചിന്തയിലും യുക്തിബോധത്തിലും നൂറ്റാണ്ടുകള്‍ക്കൊണ്ട് ആര്‍ജിച്ച വളര്‍ച്ചയെ, നൂറ്റാണ്ടുകള്‍ പിന്നോട്ടടുപ്പിക്കാന്‍ കഴി‍ഞ്ഞ 10 വര്‍ഷത്തെ ചാണക രാഷ്ട്രീയത്തിന് കഴിഞ്ഞിട്ടുണ്ട്. എല്ലാ ചാണക ഔഷധങ്ങളും മാര്‍ക്കറ്റില്‍ കോടികള്‍ വാരുന്നു. ഇനിയും എത്ര വാരാനിരിക്കുന്നു. അതിലൂടെ എത്ര തലമുറ അശാസ്ത്രീയതയുടെ ദുരന്തകാലത്തിലൂടെ സഞ്ചരിക്കേണ്ടിവരും! അശാസ്ത്രീയതയുടെ പ്രചാരണം സമൂഹത്തിനുമേല്‍ ഒരു ദുരന്തമായി പതിക്കുന്നു എന്ന് ഉദാഹരിക്കാന്‍ കോവിഡ്കാലം മാത്രം മതി.

ശാസ്ത്രത്തിനുമേല്‍ മിത്തിനെ സ്ഥാപിക്കല്‍

ഇപ്പോള്‍ ശാസ്ത്രത്തിനുമേല്‍ മിത്തിനെ സ്ഥാപിക്കാന്‍ ഇറങ്ങിയിരിക്കുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരനും അടക്കമള്ളവര്‍ എന്തായാലും കോവിഡ് ബാധിച്ചാല്‍ ചാണക ചികിത്സ നടത്താന്‍ മിനക്കെടില്ല. പക്ഷെ ചാണകത്തിന്റെ രാഷ്ട്രീയ സാധ്യത തേടുമെന്ന് ഉറപ്പാണ്. അതുതന്നെയാണ് ഇപ്പോള്‍ തേടിക്കൊണ്ടിരിക്കുന്നതും.

ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയെക്കുറിച്ച്, അതിന്റെ പുതിയകാല രീതികളെക്കുറിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞ കാര്യങ്ങളില്‍ വിയോജിപ്പുള്ളവര്‍ ചിലതുകൂടി ഓര്‍ക്കണം. ജി സുകുമാരന്‍ നായരും ഷംസീറിന്റെ കൈ വെട്ടുമെന്ന് ഭീഷണി മുഴക്കിയ യുവമോര്‍ച്ചയും മനസിലാക്കേണ്ട കാര്യമാണ്; ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 എ ഓരോ പൗരന്റെയും കടമകളെക്കുറിച്ച് കൃത്യമായി നിര്‍വചിക്കുന്നുണ്ട്. അതില്‍ എട്ടാമതായി പറയുന്നത്, ശാസ്ത്രീയ ചിന്തയും മാനവികതയും അന്വേഷണത്തിനും പരിഷ്കാരത്തിനും ഉള്ള മനോഭാവം വികസിപ്പിക്കുന്നതനുള്ള ഉത്തരവാദിത്തമാണ് എന്നാണ്. അത് കേരളത്തിനും പൊതുവില്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രത്യേകിച്ചും ഏറെ പ്രസക്തമാണ്. ആ ഉത്തരവാദിത്തം മാത്രമാണ് എ എന്‍ ഷംസീറും നിര്‍വഹിച്ചിട്ടുള്ളത്.

2014ല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാജ്യത്തെ ശാസ്ത്ര സ്ഥാപനങ്ങളില്‍ ഹിന്ദുത്വ മതരാഷ്ട്ര സംസ്കാരം ആക്രമണാത്മകമായി പ്രചരിപ്പിക്കപ്പെടുകയാണ്. ഭരണഘടനാ വിരുദ്ധമാണത്. ആര്‍എസ്എസിന്റെ ശാസ്ത്രവിഭാഗമായ ‘വിജ്ഞാന ഭാരതി’ അഥവാ ‘വിഭ’, ശാസ്ത്രസാങ്കേതിക വിദ്യയിലൂടെ ഇന്ത്യയുടെ വികസനം ലക്ഷ്യമിടുന്ന സംഘടന ആണെന്നാണ് സങ്കല്പം. പക്ഷെ സ്വദേശിശാസ്ത്രം എന്ന മട്ടില്‍ പരമ്പരാഗത വിശ്വാസങ്ങളെയും ഹിന്ദു ആത്മീയതയെയും ശാസ്ത്രവേദികളില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ആര്‍എസ്എസില്‍ തന്നെ കപട ശാസ്ത്രത്തെ എതിര്‍ക്കുന്നവരും ഉണ്ട്. എ എന്‍ ഷംസീറിന്റെ പ്രസംഗം വിവാദമാക്കിയശേഷം ആര്‍എസ്എസ് സൈദ്ധാന്തികനായ ആര്‍ ഹരി എന്ന രംഗ ഹരിയുടെ വാക്കുകള്‍ പ്രചരിച്ചുകണ്ടു. ലോകത്തെ ആദ്യത്തെ വിമാനമാണ് പുഷ്പകവിമാനം എന്ന പ്രചാരണത്തെ ആര്‍ ഹരി ‘സ്യൂഡോ സയന്‍സ്’ എന്ന് പരിഹസിക്കുകയായിരുന്നു. എന്നിട്ടും എന്ത് കാര്യം? അമിത് മാളവ്യയും മറ്റും ആര്‍ ഹരിയുടെ വിമര്‍ശനം ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ കളയും. എന്നിട്ട്, പശുവിന്റെ കൊമ്പില്‍ റേഡിയോ ആക്ടീവ് തരംഗങ്ങള്‍ ഉണ്ട് എന്ന ബി ഗോപാലകൃഷ്ണന്റെ പ്രസംഗവും ചന്ദ്രഗ്രഹണദിവസം ഭക്ഷണം വിഷമാകും എന്ന ആള്‍ദൈവം ജഗ്ഗി വാസുദേവിന്റെ പ്രസംഗവും പത്ത് പേര്‍ക്ക് അധികം ഷെയര്‍ ചെയ്യും. ആര്‍ ഹരി പറഞ്ഞതുതന്നെയാണ് എ എന്‍ ഷംസീറും പറഞ്ഞത്. ആര്‍ ഹരി പറഞ്ഞത് എന്താണെന്ന് ജി സുകുമാരന്‍ നായര്‍ക്കും വി മുരളീധരനും അറിയില്ല. എന്നാല്‍ എ എന്‍ ഷംസീര്‍ എന്ന പേര് ഏത് മതത്തില്‍പ്പെട്ടതാണെന്ന് ഇവര്‍ക്ക് രണ്ടുപേര്‍ക്കും നന്നായി അറിയുകയും ചെയ്യാം.

പ്ലാസ്റ്റിക് സര്‍ജറിയും നരേന്ദ്ര മോഡിയും

2014ല്‍ നരേന്ദ്ര മോഡി ഡോക്ടര്‍മാരെ മുന്നിലിരുത്തി മുംബൈയില്‍ നടത്തിയ പ്രസംഗിച്ചത്, ഗണപതി തലമാറ്റിവച്ച കഥ പ്രാചീനഭാരതത്തിലെ പ്ലാസ്റ്റിക് സര്‍ജറിക്ക് തുല്യമെന്നായിരുന്നു. ഹിന്ദു പാരമ്പര്യത്തില്‍ അഭിമാനംകൊള്ളാനുള്ള മോഡിയുടെ ആഹ്വാനം ആവേശത്തോടെയാണ് കേന്ദ്രമന്ത്രിമാരും നേതാക്കളും മറ്റു ഹിന്ദുത്വവാദികളായ ശാസ്ത്രജ്ഞരും സ്വീകരിച്ചത്. പിന്നീട് നടന്ന ശാസ്ത്രകോണ്‍ഗ്രസിലെ ചര്‍ച്ചകളൊക്കെയും വിദേശ മാധ്യമങ്ങളില്‍ തമാശക്കഥയായാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്യഗ്രഹങ്ങളിലേക്ക് യാത്രചെയ്യാന്‍ കഴിയുന്ന 40 എന്‍ജിനുകളുള്ള വിമാനം കണ്ടുപിടിച്ചതടക്കം ശാസ്ത്രകോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്തു. ആ ആര്‍ഷഭാരത പൂരിശയുടെ വാര്‍ത്തകള്‍ ഇപ്പോഴും വാഷിങ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൈത്തഗോറസ് സിദ്ധാന്തം കണ്ടുപിടിച്ചത് ഇന്ത്യക്കാരാണെന്നും അതിന്റെ ക്രെഡിറ്റ് ഗ്രീക്കുകാര്‍ അടിച്ചുമാറ്റിയതാണെന്നും പറഞ്ഞത് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷ് വര്‍ധന്‍ ആണ്.

വിശാഖപട്ടണത്തെ ആന്ധ്രാപ്രദേശ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ജി നാഗേശ്വര റാവു വാചാലനായത് പ്രാചീന ഭാരതത്തിലെ സ്റ്റെം സെല്‍ ഗവേഷണത്തെക്കുറിച്ചാണ്. ടെസ്റ്റ് ട്യൂബ് ഫെര്‍ട്ടിലൈസേഷനും സെറ്റം സെല്‍ ഗവേഷണങ്ങളുമെല്ലാം നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഉണ്ടായിരുന്നു എന്നും അതിലാണ് മഹാഭാരതത്തിലെ ഗാന്ധാരിക്ക് നൂറ് മക്കളുണ്ടായത് എന്നും അദ്ദേഹത്തിന് സമര്‍ത്ഥിക്കാനുള്ള ധൈര്യം തീര്‍ച്ചയായും പ്രധാനമന്ത്രിയില്‍ നിന്ന് തന്നെ കിട്ടിയതായിരിക്കണം. മനുഷ്യന്റെ ഭാവിജീവിതത്തെ നിര്‍ണയിക്കുന്ന തരത്തില്‍ രത്നക്കല്ലുകള്‍ ധരിക്കുന്നതെക്കുറിച്ചും പഠിക്കണം എന്ന് വാദിച്ചത്, ജവഹര്‍ലാന്‍ നെഹൃ സര്‍വകലാശാല ചാന്‍സലറും തിരുവനന്തപുരം ശ്രീ ചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ പ്രസിഡന്റുമായ വിജയ് കുമാര്‍ സരസ്വത് ആണ്. ആര്‍എസ്എസ് സംഘടനയായ വി‍ജ്ഞാന്‍ ഭാരതിയുടെ ഉപദേശക സമിതി അംഗവും പ്രതിരോധ മന്ത്രിയുടെ മുന്‍ മുഖ്യ ഉപദേഷ്ടാവുമായിരുന്നു വിജയ് കുമാര്‍.

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അഥവ ‘എല്ലാം മായ’

ഇങ്ങനെയൊക്കെ ആധികാരികമായി മണ്ടത്തരങ്ങള്‍ പറയുന്നത് മഹത്തരവും ഭരണഘടനാപരമായി ശാസ്ത്രചിത്ര പ്രചരിപ്പിക്കുന്നത് പാതകവും ആവുന്ന കാലത്താണ് ലോകം ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിലേക്ക് കടക്കുന്നത്. അപ്പോള്‍ ഈ ഹിന്ദുത്വവാദികള്‍ എന്ത് പറയും എന്ന ചോദ്യത്തിന് ‘എല്ലാം മായ’ എന്ന ഉത്തരം തരും. നമ്മള്‍ അതും അന്തംവിട്ട് കേള്‍ക്കേണ്ടിവരും.

വിശ്വാസത്തിന്റെ വാള്‍ത്തലപ്പാല്‍ എ എന്‍ ഷംസീറിനെ വെട്ടാന്‍ നില്‍ക്കുന്ന സുകുമാരന്‍ നായരുടെ പട, സ്വന്തം മക്കളുടെ പാഠപുസ്തകം വല്ലപ്പോഴും മറിച്ചുനോക്കണം. സ്വാതന്ത്ര്യം മുതല്‍ സോഷ്യലിസം വരെയും മുഗള്‍ ഭരണം മുതല്‍ ടിപ്പുവിന്റെ കാലം വരെയുള്ളതെല്ലാം വെട്ടിനിരത്തി. ജനാധിപത്യം, നാനാത്വം, പ്രക്ഷോഭങ്ങള്‍ തുടങ്ങി ആര്‍എസ്എസിന് അവകാശപ്പെടാന്‍ ഒന്നുമില്ലാത്ത കാര്യങ്ങള്‍ സിലബസില്‍ നിന്ന് എന്‍സിഇആര്‍ടി നീക്കി. ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഇനി കുട്ടികള്‍ക്ക് പഠിക്കേണ്ടതില്ല എന്ന വ്യക്തമായ ധാരണ കേന്ദ്ര സര്‍ക്കാരിനുണ്ട്. ചരിത്രത്തെ പാഠപുസ്തകത്തില്‍ നിന്ന് പിച്ചിചീന്തി. സര്‍ക്കാര്‍ സംരക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ളപ്പോള്‍, എന്‍സിആര്‍ഇടിയുടെ ഈ കടുംവെട്ട് ജി സുകുമാരന്‍ നായര്‍ അറിയാഞ്ഞിട്ടാണോ? വിശ്വാസ സംരക്ഷണത്തോളം വേണ്ട, അതിന്റെ പകുതിയെങ്കിലും ചരിത്ര സംരക്ഷണത്തിനായി സുകുമാരന്‍ നായര്‍ പരിശ്രമിക്കണം. പക്ഷപാതപരവും കാലഹരണപ്പെട്ടതുമായ ചരിത്ര രീതിയാണ് ഇപ്പോള്‍ പാഠപുസ്തകത്തില്‍ ഉള്ളത്.

പാഠപുസ്തകത്തിലെ സരസ്വതി നദിയും വൈകുണ്ഠ പര്‍വതവും

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം രാമായണകാലം മുതല്‍ക്കെയുള്ളതാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചരിത്രവും മിത്തും തമ്മിലുള്ള അതിര്‍വരമ്പ് അവിടെ മായ്ക്കപ്പെട്ടു എന്നതാണ് വാസ്തവം. ശാസ്ത്രീയമായ തെളിവുകള്‍ ഉള്ള കാലങ്ങള്‍ക്കിടയില്‍ ഒരു രാമായണകാലം. കൈലാസവും ‘വൈകുണ്ഠ’വും വിശുദ്ധ പര്‍വതങ്ങള്‍, ഗംഗയും ‘സരസ്വതി‘യും കാവേരിയും വിശുദ്ധ നദികള്‍ എന്നാണ് കുട്ടികള്‍ പഠിക്കേണ്ടത്. കൈലാസം നമുക്ക് മുന്നിലുള്ള പര്‍വതമാണ്. പക്ഷെ വൈകുണ്ഠമെന്ന പര്‍വതവും സരസ്വതി എന്ന നദിയും ഹിന്ദുമത വിശ്വാസ സങ്കല്പമല്ലേ. രണ്ടും ചരിത്രത്തിന്റെ അടയാളങ്ങളായി ആറാം ക്ലാസിലെ പാഠപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എല്ലാ കണ്ടെത്തലുകളുടെയും കാലം വേദകാലമാണെന്നും എന്‍സിഇആര്‍ടിയുടെ പുതിയ പാഠപുസ്തകത്തിലൂടെ സമര്‍ത്ഥിക്കുകയാണ്. അതാണ് സംഘ്പരിവാറിന്റെ രാഷ്ട്രീയത്തിനും വേണ്ടതും.

വേദകാലത്ത് നാണയവിനിമയം ഉണ്ടായിരുന്നുവെന്ന തെളിവില്ലാത്ത വാദം വൈദികമതത്തിന്റെ ഔന്നിദ്ധ്യവും പാഠപുസ്തകത്തിലുണ്ട്. സൂര്യകേന്ദ്രീകൃതമായ ജ്യോതിശാസ്ത്രം മുതല്‍ പൂജ്യവും ദശാംശവും ഒക്കെ കണ്ടെത്തിയത് വേദകാലത്താണെന്നുമുള്ള പരിഹാസ്യമായ വാദവും എന്‍സിഇആര്‍ടി കൊണ്ടുവരികയാണ്. ലോകത്തിനുമുന്നില്‍ നമ്മുടെ കുട്ടികളെ നാണം കെടുത്താനാണ് വേദകാലത്തിന്റെ ബന്ധം പറയാന്‍ ചരിത്രത്തെ വിരുദ്ധമായി പഠിപ്പിക്കുന്നത്.

ഇതിനെതിരെയാണ് ഷംസീറിനെപോലെയൊരാള്‍ തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നത്. ‘ഞാന്‍ പഠിച്ച കാലത്ത് വിമാനം കണ്ടുപിടിച്ചത് ആര് എന്ന ചോദ്യത്തിന് റൈറ്റ് സഹോദരന്‍മാര്‍ എന്നായിരുന്നു ഉത്തരം. ഇന്ന് ഹിന്ദു മിത്തോളജിയിലെ വിമാനമാണ് ഉത്തരം എന്ന് പഠിക്കേണ്ടിയിരിക്കുന്നു. ആധുനിക ചികിത്സാരീതിയായ പ്ലാസ്റ്റിക് സര്‍ജറി ഏതാണെന്നതിന് ഗണപതിയുടെ തല മാറ്റിപ്പിടിപ്പിച്ചതെന്ന ഉത്തരം പറയേണ്ടിവരുന്നു. ഇത്തരം മിത്തുകള്‍ക്ക് പകരം ശാസ്ത്രമാണ് പഠിക്കേണ്ടത്’- ഷംസീര്‍ പറഞ്ഞതിന്റെ രത്നചുരുക്കം ഇതാണ്. ഇങ്ങനെ പറഞ്ഞത് വിശ്വാസികളെ വേദനിപ്പിച്ചുവെന്നാണ് സുകുമാരന്‍ നായരുടെ വാദം. വിശ്വാസ സംരക്ഷണമാണ് ലക്ഷ്യം എങ്കില്‍, സുകുമാരന്‍ നായര്‍ ഷംസീറിനെതിരായ മുദ്രാവാക്യം ആര്‍എസ്എസ് നേതാവ് ആര്‍ ഹരിക്കെതിരെയും ഉയര്‍ത്തണം. അതല്ലെങ്കില്‍ മുസ്ലിം നാമധാരിയായ ഒരു കമ്മ്യൂണിസ്റ്റിനെ ഉന്നമിടുന്ന വെറും വര്‍ഗീയവാദിയായി ജി സുകുമാരന്‍ നായര്‍ മുദ്രകുത്തപ്പെടും.

Eng­lish Summary:Faith is impor­tant, not sci­ence ; speak­er and suku­maran nair issue-arti­cle by T M Harshan

You may also like this video

Exit mobile version