മഹാരാഷ്ട്ര നിയമസഭയിലെ അയോഗ്യതാ തർക്കത്തിൽ ഉദ്ധവ് താക്കറേക്ക് തിരിച്ചടി. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഉദ്ധവിന് അധികാരമില്ലെന്നും ഷിൻഡെയുടെതാണ് യഥാർത്ഥ ശിവസേനയെന്നും സ്പീക്കർ രാഹുൽ നാർവേക്കർ. ഷിൻഡെയെയും 16 എംഎൽഎമാരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് സ്പീക്കർ തീർപ്പുകല്പിച്ചത്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി.
ഭൂരിപക്ഷം എംഎൽഎമാരും ഷിൻഡെക്കൊപ്പമായതിനാല്‍ അയോഗ്യരാക്കാൻ സാധിക്കില്ല. ഭൂരിപക്ഷത്തിന്റെ തീരുമാനം പാർട്ടിയുടെ തീരുമാനമായി കണക്കാക്കുന്നു. പാര്‍ട്ടി ഭരണഘടന പ്രകാരം ദേശീയ എക്സിക്യൂട്ടീവാണ് പരമോന്നത സമിതി. താക്കറെയുടെ തീരുമാനങ്ങളാണ് പാർട്ടി താല്പര്യമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും സ്പീക്കർ പറഞ്ഞു. ഉദ്ധവ് പക്ഷം നൽകിയ 2018ലെ ശിവസേനാ ഭരണഘടന അംഗീകരിക്കാനാകില്ല. തെരഞ്ഞെടുപ്പ് കമ്മിഷനിലെ രേഖകളിൽ ഉള്ളത് 1999ലെ ഭരണഘടനയാണ്. ഇതുപ്രകാരം പാർട്ടി പ്രതിസന്ധിയിലാകുമ്പോൾ കൂട്ടായാണ് തീരുമാനമെടുക്കേണ്ടത്. എന്നാൽ 2022ൽ പ്രശ്നമുണ്ടായപ്പോൾ ഉദ്ധവ് ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നു. ഇത് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും സ്പീക്കര്‍ വിലയിരുത്തി.
ഉദ്ധവും ഷിൻഡെയും പിരിഞ്ഞ് 18 മാസങ്ങൾക്കു ശേഷമാണ് തർക്കത്തിൽ വിധി വരുന്നത്. 2022ൽ ഷിൻഡെ നടത്തിയ വിമത നീക്കമാണ് പാർട്ടിയെ പിളർപ്പിലേക്ക് നയിച്ചത്. അതോടെ കോൺഗ്രസും എൻസിപിയും കൂടി ഉൾപ്പെട്ട മഹാ വികാസ് അഘാഡി സർക്കാർ താഴെ വീഴുകയായിരുന്നു. അയോഗ്യതയുമായി ബന്ധപ്പെട്ട് 34 പരാതികളാണ് സ്പീക്കർക്കു മുന്നിൽ എത്തിയിരുന്നത്. ഇവ ആറായി തിരിച്ചാണ് പരിഗണിച്ചത്. അയോഗ്യത സംബന്ധിച്ച വിഷയത്തിൽ സ്പീക്കര്‍ വിധി പറയാൻ വൈകുന്നതിനെതിരെ സുപ്രീം കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.
English Summary; Speaker that the real Shiv Sena is Shinde’s side
You may also like this video