കേരളത്തിന്റെ റയിൽവേ വിഷയങ്ങളിൽ കർണാടകയുമായി പ്രത്യേക ചർച്ച നടത്തും. തലശേരി–മൈസൂർ, നിലമ്പൂർ–നഞ്ചങ്കോട് റയിൽപ്പാത വികസന കാര്യങ്ങളിൽ കർണാടക മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സതേൺ കൗൺസിൽ യോഗത്തിൽ പിണറായി വിജയൻ പറഞ്ഞു.
കേരളവുമായി ബന്ധപ്പെട്ട റയിൽവേ വിഷയങ്ങൾ കൗൺസിൽ യോഗത്തിൽ അജണ്ടയായി വന്നിരുന്നു. എന്നാൽ, ഇക്കാര്യങ്ങളിൽ ഇരുസംസ്ഥാനങ്ങളും തമ്മിൽ പ്രത്യേകം ചർച്ച നടത്തേണ്ടതുണ്ടെന്നും അതിന് ശേഷം ഇക്കാര്യം കൗൺസിൽ യോഗത്തിൽ ചർച്ച നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിൽവർലൈൻ മംഗളുരു വരെ നീട്ടുന്ന കാര്യവും ഈ അജണ്ടയുടെ ഭാഗമായിരുന്നെങ്കിലും ചർച്ചയായില്ല.
യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ അധ്യക്ഷനായി. തമിഴ്‌നാട് മുഖ്യന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ആന്ധ്രപ്രദേശ് ധനമന്ത്രി ബഗ്ഗ്‌റ രാജേന്ദ്രനാഥ്, തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്‌മൂദ്, പുതുച്ചേരി ലഫ്. ഗവർണർ തമിഴിസൈ സൗന്ദരരാജൻ, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ, ആൻഡമാൻ നിക്കോബാർ ലഫ്. ഗവർണർ അഡ്മിറൽ ഡി കെ ജോഷി എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും റയിൽവേ വിഷയങ്ങൾ യോഗത്തിൽ ഉന്നയിച്ചു. വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് തമിഴ്‌നാടിന് ഹൈ സ്പീഡ് റയിൽ ഇടനാഴി ആവശ്യമാണെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു. മധുര, കോയമ്പത്തൂർ, തൂത്തുക്കൂടി തുടങ്ങിയ പ്രദേശങ്ങൾ ബന്ധിപ്പിച്ച് റയിൽവേ ഇടനാഴി വേണമെന്ന ആവശ്യമാണ് സ്റ്റാലിൻ ഉന്നയിച്ചത്.
ആകെ 26 വിഷയങ്ങളാണ് യോഗത്തിൽ ചർച്ചയായത്. ഒമ്പതെണ്ണത്തിൽ തീരുമാനമായി. 17 വിഷയങ്ങൾ കൂടുതൽ പരിഗണനയ്‌ക്കായി മാറ്റി. ഇതിൽ ഒമ്പതെണ്ണം ആന്ധ്രാപ്രദേശ് പുനഃസംഘടനയുമായി ബന്ധപ്പെട്ടതാണ്. ഇക്കാര്യങ്ങൾ ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങള്‍ പരസ്പര ധാരണയോടെ പരിഹരിക്കണമെന്ന് അമിത്‌ഷാ ആവശ്യപ്പെട്ടു. വെള്ളം പങ്കിടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സംയുക്ത പരിഹാരം തേടണമെന്ന നിർദ്ദേശവും യോഗത്തിലുണ്ടായി.
English Summary: Special discussion with Karnataka on railway issues
You may like this video also