കണ്ടല സർവീസ് സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കുന്നതിന് സഹകരണ മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് ഡെപ്പോസിറ്റ് ഗ്യാരന്റി ബോർഡ്, സഹകരണ പുനരുദ്ധാരണനിധി, കേരളബാങ്ക് എന്നിവിടങ്ങളിൽ നിന്ന് പണം ലഭ്യമാക്കുന്നതിന് യോഗത്തിൽ തീരുമാനമെടുത്തു. പുനരുദ്ധാരണത്തിന് ആവശ്യമായ ഫണ്ട് മറ്റു സംഘങ്ങളിൽ നിന്ന് കണ്ടത്തുന്നതിനായി തിരുവനന്തപുരം ജില്ലയിലെ സഹകരണസംഘങ്ങളുടെ യോഗം വിളിച്ചു ചേർക്കും.
കടാശ്വാസ കമ്മിഷനിൽ നിന്നും സംഘത്തിന് ലഭിക്കാനുള്ള തുക ലഭ്യമാക്കുന്നതിനും, കേരള ബാങ്കിന്റെ ഭാഗത്ത് നിന്നും സഹായങ്ങൾ ലഭ്യമാക്കുന്നതിനും ആവശ്യമായ തീരുമാനങ്ങളും നിയമപരമായ നടപടികളും സ്വീകരിക്കുവാൻ മന്ത്രി നിർദേശം നൽകി. ജനപ്രതിനിധികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും സഹകാരികളുടെയും നിക്ഷേപകരുടെയും യോഗം വിളിച്ച് സംഘത്തിന്റെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതിനും സംഘത്തിൽ നിലവിലുള്ള ആശുപത്രിയുടെ പ്രവർത്തനം ലാഭകരമായ രീതിയിൽ പുനഃക്രമീകരിക്കുന്നതിനും സംഘത്തിന്റെ നിഷ്‌ക്രിയ ആസ്തികൾ വില്പന നടത്തി തുക കണ്ടെത്തുന്നതിനും തീരുമാനമെടുത്തു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന കമ്മിറ്റി ബാങ്കിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കും. കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തണമെന്ന് മന്ത്രി നിർദേശിച്ചു.
റിക്കവറി നടപടി വേഗത്തിലാക്കുന്നതിന് നിയമപരമായ മാർഗം സ്വീകരിക്കും. കൂടുതൽ ഉദ്യോഗസ്ഥരുടെ സേവനം ബാങ്കിന് ലഭ്യമാക്കുവാനും മന്ത്രി സഹകരണവകുപ്പിന് നിർദേശം നൽകി. ബാങ്കിലെ ക്രമക്കേടിന് ഉത്തരവാദികളെ ശിക്ഷിക്കുന്നതിനൊപ്പം ബാങ്കിനെ തിരിച്ചുകൊണ്ടു വരാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകും. കർശന നടപടികൾ എടുത്ത് നിക്ഷേപകന് ഒരു രൂപ പോലും നഷ്ടമാകാത്ത വിധത്തിൽ സംരക്ഷണം നൽകുക തന്നെ ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
കരുവന്നൂർ ബാങ്ക് : 124 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകി
തിരുവനന്തപുരം: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക ഒറ്റത്തവണ വായ്പാതീർപ്പാക്കൽ പദ്ധതി നടപ്പിലാക്കാനും പ്രാഥമിക സഹകരണ ബാങ്കുകളുടെ കൺസോര്‍ഷ്യത്തിൽ നിന്ന് എട്ട് കോടി രൂപ കൂടി അനുവദിക്കാനും സഹകരണ മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
നിലവിൽ 124.34 കോടി രൂപ ബാങ്ക് നിക്ഷേപകർക്ക് തിരികെ നൽകിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ഒരുവർഷം കൊണ്ട് 10.28 കോടി രൂപയുടെ പുതിയ വായ്പയും ബാങ്ക് അനുവദിച്ചതായി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗത്തിൽ അറിയിച്ചു. കൃത്യമായ ഇടവേളകളിൽ വകുപ്പുതല വിലയിരുത്തലും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ യോഗങ്ങളും നടത്തി ബാങ്കിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിക്കണമെന്ന് മന്ത്രി നിർദേശം നൽകി.
English Summary:
You may also like this video