നടിയെ ആക്രമിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കുറ്റാരോപിതൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷകളിൽ ഹൈക്കോടതി ഇന്ന് നേരിട്ട് വാദം കേൾക്കും. ഇതിനായി അവധി ദിനമായ ഇന്ന് കോടതി പ്രത്യേക സിറ്റിങ് നടത്തും. ദിലീപിനെതിരെ ഗൂഢാലോചനയ്ക്ക് പുറമെ കൊലപാതകം ലക്ഷ്യം വച്ചുള്ള ഗൂഢാലോചന വകുപ്പും ചുമത്തി.
മറ്റേത് കേസിനെക്കാളും പ്രാധാന്യം ഉള്ളതുകൊണ്ടല്ല വാദത്തിന് അധിക സമയം വേണമെന്നതു കൊണ്ടാണ് കേസ് മാറ്റുന്നതെന്ന് ജസ്റ്റിസ് പി ഗോപിനാഥ് വ്യക്തമാക്കി. ദിലീപ്, സഹോദരൻ ശിവകുമാർ (അനൂപ്), സഹോദരി ഭർത്താവ് ടി എൻ. സൂരജ്, മറ്റു പ്രതികളായ ബി ആർ ബൈജു, ആർ കൃഷ്ണപ്രസാദ്, ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതിയുടെ മുന്നിലുള്ളത്.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എടുത്ത കേസിൽ, ബാലചന്ദ്രകുമാറിന്റെ മൊഴിയും മറ്റു രേഖകളും മുദ്രവച്ച കവറിൽ പൊലീസ് കോടതിക്ക് കൈമാറും. അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കുന്നതിനായി കെട്ടിച്ചമച്ച കേസാണെന്നായിരുന്നു ദിലീപിന്റെ ഹർജി. എന്നാൽ തെളിവുകളെല്ലാം ശേഖരിച്ചശേഷമാണ് ദിലീപിനെ കേസിൽ പ്രതി ചേർത്തതെന്ന് പ്രോസിക്യൂഷനും വ്യക്തമാക്കി. ദിലീപുൾപ്പെടെയുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ക്രൈംബ്രാഞ്ച് സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. കേസിലെ മുഖ്യ സൂത്രധാരൻ നടൻ ദിലീപാണന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ലൈംഗിക പീഡനത്തിന് ക്വട്ടേഷൻ ചരിത്രത്തിലാദ്യമാണെന്നും അസാധാരണമായ കേസാണിതെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. നേരിട്ടുള്ള മൊഴി കൂടാതെ പ്രതികൾ തമ്മിലുള്ള സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പും ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
English Summary: Special sitting today on Dileep’s anticipatory bail application
You may like this video also