Site iconSite icon Janayugom Online

മുല്ലപ്പെരിയാറിൽ മഴകൂടി; എട്ട് ഷട്ടറുകൾ തുറന്നു

മുല്ലപ്പെരിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചതോടെ സ്പിൽവേയിലെ 8 ഷട്ടറുകൾ ഉയർത്തി. ഷട്ടറുകൾ 60 സെന്റീ മീറ്റർ വീതം ഉയർത്തി നിലവിൽ 3870. 98 ക്യുസെക്സ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ശരാശരി 4600. 35 ക്യുസെക് ജലം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. നിലവിൽ ഡാമിലെ ജലനിരപ്പ് 138.85 അടിയാണ്. നവംബർ 10 വരെ ഡാമിൽ ജലനിരപ്പ് റൂൾ കർവ് അനുസരിച്ച് 139.5 അടി വരെ നിലനിർത്താം.
അതേസമയം കഴിഞ്ഞദിവസം അടച്ച സ്പിൽവേ ഷട്ടറുകൾ വീണ്ടും തുറക്കുന്നത് സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകാതെ പെട്ടെന്ന് ഉയർത്തിയതിൽ പെരിയാറിലെ പ്രദേശവാസികൾ ആശങ്ക അറിയിച്ചു. ഷട്ടറുകൾ തുറക്കുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും വിവരം കൈമാറണമെന്നാണ് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടിട്ടുള്ളത്. 

ഇന്നലെ രാവിലെ 6.30ന് ആണ് സ്പിൽവേയിലെ 2,3,4 ഷട്ടറുകൾ 60 സെന്റീ മീറ്റർ വീതം ആദ്യം ഉയർത്തിയത്. തുടർന്ന് രാവിലെ 8മണിയോടെ മൂന്ന് സ്പിൽവേ ഷട്ടറുകൾ കൂടി തുറക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ 13 സ്പിൽവേ ഷട്ടറുകളിൽ എട്ടും ഉയർത്തി. നിലവിൽ പെരിയാറിന്റെ തീരത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പീരുമേട് തഹസിൽദാർ കെ എസ് വിജയലാൽ അറിയിച്ചു.ചൊവ്വാഴ്ച നേരത്തെ ഉയർത്തിയിരുന്ന സ്പിൽവേ വഴിയുള്ള ആറിൽ അഞ്ച് ഷട്ടറുകളും അടച്ചിരുന്നു. എന്നാൽ ഇന്നലെ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാകുകയായിരുന്നു. ഇടുക്കിയിലെ ജലനിരപ്പ് ഇന്നലെ വൈകിട്ടോടെ 2398.10 അടിയായി കുറഞ്ഞു. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയില്ലെങ്കിലും ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത് മാത്രമാണ് ആശങ്കയ്ക്ക് ആധാരം. ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് വൈദ്യുതോല്പാദനം പൂർണശേഷിയിൽ എത്തിയത് ആശ്വാസകരമാണ്. മണിക്കൂറിൽ 0. 687 മുതൽ 0. 719 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ മൂലമറ്റത്ത് ഉല്പാദിപ്പിക്കുന്നുണ്ട്. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടും നാളെ മുതൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
eng­lish summary;special sto­ry about Mullaperiyar
you may also like this video;

Exit mobile version