കോവിഡിനു മുമ്പേ തകർന്നടിഞ്ഞ മേഖലയാണ് നെയ്യാറ്റിൻകരയിലെ ഇഷ്ടിക കളങ്ങൾ. നെയ്യാറിന്റെ പ്രദേശങ്ങളായ ചെമ്പരത്തിവിള, പിരായുംമൂട്, ഓലത്താന്നി, പഴയകട, തിരുപുറം, കാലുംമുഖം എന്നിവടങ്ങളിൽ ഇഷ്ടികക്കളങ്ങൾ ധാരാളമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇഷ്ടികക്കളങ്ങൾ എങ്ങും കാണാനേയില്ല. ചൂളകളിൽ നിന്നുമുയരുന്ന പുകയും മണ്ണ് വേകുന്ന മണവും പുതു തലമുറയ്ക്ക് അറിയുകയുമില്ല. മണ്ണിന്റെ ലഭ്യതക്കുറവും ഹോളോബ്രിക്സിന്റെ കടന്നുകയറ്റവുമാണ് ഈ മേഖല തകർന്നടിയാനുള്ള പ്രധാന കാരണങ്ങൾ.
അടുത്ത കാലം വരെ നെയ്യാറ്റിൻകര താലൂക്കിന്റെ കിഴക്കൻ മേഖല ഇഷ്ടിക നിർമ്മാണത്തിന് പേരുകേട്ട ഇടമായിരുന്നു. നൂറ് കണക്കിന് ചൂളകൾ തലയെടുപ്പോടെ ഉയർന്നു നിന്നിരുന്നു. ഒരു പരമ്പരാഗത തൊഴിലിടം കൂടിയായിരുന്നു ഇഷ്ടികക്കളങ്ങൾ. നൂറ് കണക്കിന് കുടുംബങ്ങളാണ് ഈ വ്യവസായത്തെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്നത്.
തൊഴിലാളികൾ സൂര്യനുദിക്കുന്നതിന് മുമ്പ് ഇഷ്ടികക്കളത്തിലിറങ്ങും. സ്ത്രീകൾ ധാരാളമായി തൊഴിലെടുത്തിരുന്ന മേഖലയാണിത്. കല്ലുകൾ ഓരോന്നായി എടുത്ത് തലയിൽ വച്ചിരിക്കുന്ന പലകയിൽ അടുക്കി വച്ച് കൊണ്ടു പോകുന്ന ജോലികളിൽ സ്ത്രീകൾ സജീവമായിരുന്നു.ചുള്ളയിലെ പണി നഷ്ടപ്പെട്ടപ്പോൾ പല സ്ത്രീ തൊഴിലാളികളും പട്ടിണിയിലായി. മണ്ണ് പാകപ്പെടുത്തുന്നതും കല്ലുണ്ടാക്കുന്നതും അവ ഉണക്കി പരുവപ്പെട്ടത്തുന്നതും പിന്നെയത് ചൂളയിൽ അടുക്കി പാകപ്പെടുത്തുന്നതും പ്രത്യേകം പ്രാവീണ്യമുള്ള തൊഴിലാളികളാണ്. ഇവരുടെ കരവിരുതിനാൽ രൂപപ്പെടുന്ന കല്ലുകൾക്ക് വിപണിയിൽ നല്ല മാർക്കറ്റായിരുന്നു. ഒരു ചൂളയിൽ ഒരു പ്രാവശ്യം അമ്പതിനായിരം മുതൽ ഒരു ലക്ഷം കല്ലുകൾ വരെ വേകിച്ചെടുക്കാനാകും. ഇന്ന് ഈ കാഴ്ചകളെല്ലാം പോയ് മറഞ്ഞു. തൊഴിൽ നഷ്ടപ്പെട്ടവരിൽ ചിലർ മറ്റ് മേഖലകൾ തേടി പോയി. കൂടുതലും തൊഴിൽരഹിതരായി ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ചൂളകൾ ഓരോന്നായി തകർന്ന് വീണു. അവശേഷിക്കുന്നത് തിരുപുറം പഞ്ചായത്തിലെ പഴയകടയ്ക്ക് സമീപം കാലുംമുഖം ഭാഗത്തുള്ള ഇഷ്ടികക്കളമാണ്. അവയും ഇനി ഏറെനാൾ ഉണ്ടാകില്ലെന്നാണ് നടത്തിപ്പുകാർ പറയുന്നത്.
പുതിയ ഭൂവിനിയോഗ നിയമം വന്നതോടുകൂടി മണ്ണ് കുഴിച്ചെടുക്കുന്നതിന് നിയന്ത്രണങ്ങളുണ്ടായി. ആയതിന്റെ ഫലമായി ഇഷ്ടിക നിർമ്മിക്കാൻ മണ്ണ് കിട്ടാതെയുമായി. കൂടാതെ സിമന്റ് കല്ലുകളുടെ കടന്നു വരവും പ്രതിസന്ധി സൃഷ്ടിച്ചു. ഇവ തരണം ചെയ്യാൻ ശ്രമിക്കുമ്പോഴെല്ലാം തമിഴ്‌നാട് കല്ല് വില കുറച്ചുകാട്ടുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഏതാനും മാസങ്ങൾ കൂടി കഴിയുമ്പോൾ അവശേഷിക്കുന്ന ഇവിടത്തെ നാല് ചൂളകളും പൂട്ടുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് തൊഴിലാളികൾ പറഞ്ഞു. മറ്റ് തൊഴിലൊന്നുമറിയാത്ത ഇവരുടെ കാര്യം ഏറെ പ്രതിസന്ധി നിറഞ്ഞതാണ്.
ഇവിടെ നിർമ്മിക്കുന്ന കല്ലുകൾക്ക് മൂന്ന് ഇഞ്ച് കനവും നാലര ഇഞ്ച് വീതിയും ഒൻപത് ഇഞ്ച് നീളവുമുണ്ട്. പൂഴിമണൽ ചേരാത്തതിനാൽ ബലവും കൂടുതലാണ്. ഇത്രയും വലിപ്പം തമിഴ്‌നാട് കല്ലിനില്ല. നിറത്തിനു വേണ്ടി പൂഴിമണൽ ചേർത്താണ് അവർ കല്ലുകൾ നിർമ്മിക്കുന്നതും. നിർമ്മാണ മേഖലയിലെ കോൺട്രാക്ട് വ്യവസ്ഥകൾ ശക്തി പ്രാപിച്ചതോടു കൂടി ഉല്പന്നങ്ങളുടെ ഗുണനിലവാരത്തെക്കാൾ വിലക്കുറവിനാണ് പ്രാധാന്യം കല്പിക്കുന്നതെന്നും അതാണ് ഇഷ്ടിക നിർമ്മാണമേഖല ഇത്രമേൽ പ്രതിസന്ധി നേരിടാൻ കാരണമായതെന്നുമാണ് ചൂള നടത്തിപ്പുകാർ പറയുന്നത്. ഒരു ചൂളയിൽ 15 മുതൽ 20 വരെ തൊഴിലാളികളാണ് പണിയെടുക്കാറുള്ളത്.
english sumamry;special story about The brick area in Neyyattinkara
you may also like this video;