Site iconSite icon Janayugom Online

മാടനും മറുതയുമല്ല മനസാണെല്ലാം

ഫേസ്ബുക്കില്‍ ഡൂഡില്‍ മുനിയുടെ പേജ് വഴി വൈറലാകുന്ന ജാനിയുടെ കഥയറിയുമോ .…? ജാനിയുടെ കഥയറിയണമെങ്കില്‍ നോട്ട് സ്റ്റോറീസിനെ കുറിച്ചറിയണം. അതുമാത്രമല്ല ഡിജിറ്റല്‍ ഇല്ലസ്ട്രേറ്ററായിരുന്ന സിനു രാജേന്ദ്രനെ കുറിച്ചും പുതിയൊരഥിതിയെത്തിയ സന്തോഷത്തിനൊപ്പം വിളിക്കാതെ കേറിവന്ന പ്രസവാനന്തര വിഷാദത്തെക്കുറിച്ചുമറിയണം. കോഴിക്കോട് സ്വദേശിനിയായ സിനു രാജേന്ദ്രന്‍ കോവിഡ് കാലത്താണ് ജാനി എന്ന കുട്ടിക്കുറുമ്പിയെ ഇങ്ങോട്ടേക്കെത്തിച്ചത്. അവളുടെ ചിരികള്‍ക്കപ്പുറം ഭര്‍ത്താവ് ആരോഷും സഹോദരിയും ലോക്ക്ഡൗണില്‍ ജോലി സ്ഥലത്ത് പെട്ടുപോയതും കോവിഡ് കാലത്തിന്റെ അസ്വസ്ഥതകളും സിനുവിനെ മാനസികമായി തളര്‍ത്തി. അവിടെ നിന്ന് പിടിച്ചുകയറാന്‍ കണ്ടെത്തിയ നിറമുള്ള നൂലാണ് ‘നോട്ട് സ്റ്റോറീ‘സായി മാറിയത്. അതായത് കെട്ടുപൊട്ടിച്ച് ഓടാന്‍ നോക്കിയ മനസിനെ പലനിറത്തിലുള്ള നൂലിട്ട് പിടിച്ചുകെട്ടി ഭംഗിയുള്ള ചുവരലങ്കാരങ്ങളാക്കി സിനു മാറ്റിയ കഥയാണ് ‘നോട്ട് സ്റ്റോറീ‘സിന്റേത്. ഇപ്പോള്‍ കലയും മാനസികാവസ്ഥയും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ ? എന്ന് ചോദിച്ചാല്‍ ചെറുചിരിയോടെ പുള്ളിക്കാരി പറയും അതിന്റെ ലക്ഷ്യം തന്നെ സുഖപ്പെടുത്തല്‍ അല്ലേയെന്ന്.
പ്രസവശേഷമുള്ള ശാരീരിക — മാനസികാവസ്ഥയിലെ വ്യത്യാസങ്ങളാണ് സിനുവിന്റെ മനസെന്ന പട്ടത്തിന്റെ നൂല് പൊട്ടിക്കാനൊരു ശ്രമം നടത്തിയത്. ആദ്യമായി അമ്മയായതിന്റെ ബുദ്ധിമുട്ട്, ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ ഒക്കെയായിരുന്നു ഇതിന് പിന്നില്‍. ഗര്‍ഭിണിയായി ആറ് മാസം കഴിഞ്ഞാണ് ലോക്ക്ഡൗണ്‍ വരുന്നത്. ഏഴാം മാസത്തില്‍ ഡോക്ടറെ കാണാന്‍ പറ്റിയില്ല. ലോക്ക്ഡൗണ്‍ കാരണം പ്രസവസമയത്ത് ഭര്‍ത്താവ് ആരോഷും കൂടെയില്ലായിരുന്നു. അതിന്റെ വിഷമങ്ങളും സിനുവിനെ ബാധിച്ചു. ഗര്‍ഭകാലാവസ്ഥയില്‍ തന്നെ പ്രസവാനന്തര വിഷാദത്തെക്കുറിച്ച് ഒരു ഐഡിയ ഉണ്ടായിരുന്ന സിനു തന്നിലെ മാറ്റങ്ങളെ പെട്ടെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് സുഹൃത്ത് കൂടിയായ ഡോ. ഷിംന അസീസിന്റെ സഹായം തേടുന്നത്. പുതിയതായി എന്തെങ്കിലും കണ്ടെത്തി ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ഡോക്ടറുടെ നിര്‍ദേശം. ആ നിര്‍ദേശം പിന്തുടര്‍ന്ന സിനുവിന്റെ ദിവസങ്ങള്‍ ഇപ്പോള്‍ നോട്ട്സ്റ്റോറീസ് പോലെ കളര്‍ഫുളാണ്.
ബേസിക്ക് നോട്ടുകള്‍ ഉപയോഗിച്ച് ചുവരുകളും വീടുകളും അലങ്കരിക്കാന്‍ നൂലുപയോഗിച്ച് നിര്‍മ്മിക്കുന്ന ചുവരലങ്കാരമായ ‘മാക്രമെ‘യില്‍ കൈവയ്ക്കുന്നത് അങ്ങനെയാണ്. ആദ്യം ചെടികള്‍ക്ക് വേണ്ടിയാണ് ഇത് ചെയ്തിരുന്നത്. അവ വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയതോടെ പതിയെ ആവശ്യക്കാര്‍ എത്തിത്തുടങ്ങി. വൈകാതെ ഇവ കൂടുതല്‍ പേരിലേക്കെത്തി. ഇപ്പോ സിനുവിന്റെ പ്രൊഫഷനായി മാക്രെമെ മാറി. കഴിഞ്ഞ ഒരു വര്‍ഷമായി സിനുവിന്റെ ലോകത്ത് നോട്ട് സ്റ്റോറീസുമുണ്ട്.
ഓരോ വര്‍ക്കിനു പിന്നിലും ഒരു കഥയുണ്ട്. ഇഷ്ടങ്ങളോ, ഓര്‍മ്മകളോ അങ്ങനെയെന്തെങ്കിലും വച്ചിട്ടായിരിക്കും അവ ചെയ്യുന്നത്. പലതിന്റെയും ക്യാരക്ടേഴ്സിനെ കുറിച്ച് ഒരു പരിധി വരെ ആവശ്യക്കാര്‍ തന്നെ പറയും. മാക്രമെയില്‍ തന്നെ മൂന്നാല് തരം നൂലുകളുണ്ട്. കോട്ടണ്‍ യാര്‍ഡ്സ്, കോട്ടണ്‍ കോണ്‍സ്. ആ കോഡ് ഉപയോഗിച്ച് ചെയ്യുന്ന ബൊഹിമിയന്‍ ഡെക്കറാണ് ഇത്. മൂന്നാല് നോട്ടുകളുണ്ടാകും ഇവയ്ക്ക്. ഇത് കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന ആര്‍ട്ടാണിത്. കോട്ടണ്‍ കോഡിന്റെ സഹായത്തോടെ വാള്‍ ഡെക്കേഴ്സ്, പ്ലാന്റ്സ് ഒക്കെ ഉപയോഗിച്ചാണ് മാക്രമെ ചെയ്യുന്നത്. അലങ്കാരത്തിന് തൂക്കുന്ന തൊട്ടില്‍, ആട്ടുകട്ടിലൊക്കെ ഇതുപോലെ ചെയ്യാനാകും.
പലതരം നോട്ടുകള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കുന്നത് കൊണ്ടാണ് നോട്ട് സ്റ്റോറീസ് എന്ന പേര് സിനു തിരഞ്ഞെടുത്തത്. ക്യാരക്ടേഴ്സിനെ വച്ചാണ് സിനു മാക്രമെ നിര്‍മ്മിക്കുന്നത്. ചീപ്പ് ഉപയോഗിച്ച് നൂല് അഴിച്ചെഴുത്തിട്ടാണ് ക്യാരക്ടേഴ്സിന് രൂപം നല്കുക . ഒടുവില്‍ വുഡന്‍ എംമ്പ്രോയിഡറി ഹുക്കിലും ഫ്രെയിമിലും ഒക്കെ ഫിക്സ് ചെയ്തിട്ട് ആവശ്യക്കാരിലേക്ക് എത്തിക്കും. മാക്രമെയ്ക്ക് ആവശ്യമുള്ള സാധനങ്ങള്‍ നാട്ടിലെ ക്രാഫ്റ്റ് ഷോപ്പില്‍ ലഭ്യമാണ്. ഓണ്‍ലൈനായാണ് സിനു ഇവയൊക്കെ ഓര്‍ഡര്‍ ചെയ്യുന്നത്. സ്ഥിരമായി ഒരിടത്ത് നിന്നെടുക്കാറില്ല. വര്‍ക്കിന് ആവശ്യമായ ബാക്കി വസ്തുക്കള്‍ കാലിക്കറ്റ്, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് ഹോള്‍സെയിലായി ശേഖരിക്കും. 100 മീറ്റര്‍ നൂലിന് 600, 700 രൂപയോളമാണ് വില. മാക്രമെ ചെയ്യാന്‍ ഏകദേശം ഒരു ദിവസത്തോളം സമയമെടുക്കും.
ജീവനക്കാരി എന്നതിൽ നിന്ന് സംരംഭക എന്ന നിലയിലെത്തിയ സിനു ഇപ്പോള്‍ ഹാപ്പിയാണ്. പക്ഷേ ഉത്തരവാദിത്തം കൂടിയെന്ന പരിഭവം കലര്‍ന്ന സന്തോഷവുമുണ്ട്. വര്‍ക്കുകള്‍ ഏറ്റെടുക്കും മുമ്പ് ആവശ്യക്കാരെ ഡീല്‍ ചെയ്ത് അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയാണ് ഇപ്പോഴത്തെ ആദ്യപടി. പറഞ്ഞേല്പിക്കുന്ന ജോലിയുടെ തുടക്കം മുതല്‍ അതവരുടെ കൈയ്യില്‍ എത്തിക്കുന്നത് വരെ ഒരുപാട് കടമ്പകളുണ്ട്. ഇതൊരു ഫുള്‍ ടൈം പ്രോസസിങ്ങാണ്. ജീവനക്കാരിയായിരിക്കുമ്പോള്‍ തന്ന ജോലി തീര്‍ത്താല്‍ പിന്നെ സമാധാനമായി ഇരിക്കാമായിരുന്നു. എന്നാല്‍ സംരംഭകയുടെ വേഷമണിഞ്ഞപ്പോള്‍ കാര്യങ്ങള്‍ മാറി. വര്‍ക്കിന്റെ എല്ലാ കാര്യങ്ങളും നോക്കണം.ഓരോരുത്തര്‍ക്കും പെര്‍ഫക്ഷനിലാണ് ചെയ്തു കൊടുക്കുന്നതെന്ന് ഉറപ്പാക്കണം അങ്ങനെ ഉത്തരവാദിത്തങ്ങള്‍ കൂടിയിട്ടുണ്ട്.
വിഷാദത്തിന്റെ പിടിയില്‍ അകപ്പെടുന്നവരോട് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ സിനു പെട്ടെന്ന് ഉത്തരം പറഞ്ഞു. വെറുതെയിരിക്കരുത് .… പുതിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നോക്കുക. അപ്പോള്‍ നാം അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കും, തേടിപ്പോകും. അനാവശ്യ ചിന്തകളില്‍ നിന്നൊരു പരിധിവരെ രക്ഷപ്പെടാന്‍ ഇത് സഹായിക്കും. അത്രത്തോളം നമ്മളതില്‍ ഇന്‍വോള്‍വായെന്ന് ഉറപ്പാക്കണം. മനസിനെ എന്‍ഗേജ് ആക്കിവയ്ക്കാന്‍ ശ്രമിച്ചു കൊണ്ടെയിരിക്കുക. ഇതിലൊന്നും ഫലം കാണുന്നില്ല എന്ന് തോന്നിയാല്‍ മടിക്കരുത്, വിദഗ്ധസഹായം തേടണം. പണ്ടുള്ളവര്‍ പറയുന്നതു പോലെ മാടനും മറുതയുമൊന്നുമല്ല നമ്മിലെ മാറ്റത്തിന് കാരണം. ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ്, അത് പലരെയും പല തരത്തിലാണ് ബാധിക്കുക. പറയാന്‍ മടിക്കേണ്ട, ഇതൊക്കെ മനസിലാകുന്ന സമൂഹമാണ് ചുറ്റുമുള്ളത് എന്ന് ഓര്‍ത്താല്‍ മതി. മറച്ചു വയ്ക്കണ്ട കാര്യമല്ല ഇതൊന്നും, അതിജീവിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. വിദഗ്ധസഹായത്തിനൊപ്പം പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോകാന്‍ സ്വയം ശ്രമിക്കുക എന്നതാണ് മികച്ച പോംവഴി.

Exit mobile version