Site icon Janayugom Online

സ്നേഹത്തിന്റെ സമ്മാനവുമായി ചന്ദ്രനെത്തി ;വാക്കിന്റെ വിലയാണ് ജീവിതമെന്ന് സ്മിജ

പറഞ്ഞ വാക്കിന് പണത്തേക്കാൾ വിലയുണ്ടെന്ന് തെളിയിച്ച സ്മിജയ്ക്ക് സമ്മാനവുമായി ചന്ദ്രൻ എത്തി.ഇരുവരെയും നിങ്ങൾ അറിയും പണം നൽകാതെ, പറഞ്ഞുറപ്പിച്ചിരുന്ന ലോട്ടറി ടിക്കറ്റിന് ബംപർ സമ്മാനമായ ആറ് കോടി രൂപ ലഭിച്ചിട്ടും വാക്ക് മാറാതിരുന്ന സ്മിജ കെ. മോഹനനും സമ്മാനവുമായി ബംപർ ലഭിച്ച ചന്ദ്രനും മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നിറ സാന്നിധ്യമായിരുന്നു.മാർച്ചിൽ സമ്മർ ബംപറടിച്ച കീഴ്മാട് സ്വദേശി ചന്ദ്രന് കഴിഞ്ഞ ദിവസമാണ് പണം ലഭിച്ചത്. അതിൽ ഒരു ലക്ഷം രൂപയാണ് സ്മിജയ്ക്ക് സമ്മാനമായി ചന്ദ്രൻ നൽകിയത്. 

ഓണം ബംപർ ലോട്ടറി എടുക്കാനെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ചന്ദ്രൻ സ്മിജയ്ക്ക് പണം നൽകിയത്. സമ്മാനത്തുകയായി ഏജൻസി കമ്മീഷനും നികുതിയും കഴിഞ്ഞ് നാല് കോടി 20 ലക്ഷം രൂപയാണ് ചന്ദ്രന് ലഭിച്ചത്. ലോട്ടറി വിറ്റതിനുള്ള കമ്മീഷൻ തുകയായ 60 ലക്ഷം രൂപയിൽ നിന്ന് നികുതി കഴിഞ്ഞ 51 ലക്ഷം രൂപ സ്മിജക്ക് കഴിഞ്ഞ മാസം ലഭിച്ചിരുന്നു. ഇനിയും വാക്ക് പറഞ്ഞാൽ തെറ്റിക്കാതിരിക്കുകയാണ് ലക്ഷ്യം.ചന്ദ്രന്റെ സ്നേഹോപഹാരം ഈക്കാര്യം വീണ്ടും ഓർമിപ്പിക്കും.

രാജഗിരി ആശുപത്രിക്ക് മുന്നിൽ വർഷങ്ങളായി ലോട്ടറി വിൽക്കുകയാണ് സ്മിജ. വിറ്റുപോകാതിരുന്ന ടിക്കറ്റ് പലരെയും വിളിച്ച് വേണോ എന്ന് ചോദിച്ചിരുന്നു, ഒടുവിൽ ടിക്കറ്റ് മാറ്റിവെക്കാൻ ചന്ദ്രൻ ആവശ്യപ്പെടുകയായിരുന്നു. ടിക്കറ്റ് വിലയായ 200 രൂപ അടുത്ത ദിവസം നൽകാമെന്ന് പറയുകയും ചെയ്തു. സ്മിജ ടിക്കറ്റ് മാറ്റിവെച്ച് ഫോട്ടോയും ചന്ദ്രന് അയച്ചു നൽകിയിരുന്നുഈ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് അറിഞ്ഞതിന് ശേഷമാണ് ഭർത്താവിനൊപ്പം ചന്ദ്രന്റെ വീട്ടിലെത്തി ടിക്കറ്റ് കൈമാറിയത്. കാക്കനാട് സർക്കാർ പ്രസിലായിരുന്നു സ്മിജയ്ക്കും ഭർത്താവിനും ജോലി. മകന്റെ ചികിത്സയ്ക്കായി ലീവെടുത്തതിന്റെ പേരിൽ ജോലി നഷ്ടമായി. തുടർന്നാണ് ഇരുവരും ലോട്ടറി കച്ചവടത്തിലേക്കിറങ്ങിയത്. സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ പട്ടിമറ്റം വലമ്പൂരിൽ ലഭിച്ച വീട്ടിലാണ് താമസിക്കുന്നത്.
eng­lish summary;Special sto­ry of Chan­dran and smija
you may also like this video;

Exit mobile version