പുതിയ കാലത്തിന്റെ പരക്കം പാച്ചിലുകൾക്കിടയിലും പഴമയുടെ ശേഷിപ്പുകൾക്ക് തിളക്കമേറെയെന്ന് ഒന്നുകൂടി തെളിയിക്കുകയാണ് 65 കാരിയായ വിജയലക്ഷ്മി. തൃശൂരിൽ ആരംഭിച്ച കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന്റെ ആദ്യദിനം കൊട്ടു പാട്ടുകളുടെ ഈണത്തിൽ മുഖരിതമായപ്പോൾ കണ്ണേറുപാട്ടിൽ മത്സരിച്ച 10 പേരെയും പിന്നിലാക്കിയാണ് വിജയലക്ഷ്മി ഒന്നാമതെത്തിയത്.
കണ്ണേറുപാട്ട് പാരമ്പര്യമായി തുടരുന്ന വിജയലക്ഷ്മിയമ്മയുടെ സ്വതസിദ്ധമായ ശൈലിയും അനുബന്ധ ഉപകരണവുമെല്ലാം മത്സരത്തെ വ്യത്യസ്തമാക്കി. മത്സരത്തിൽ പങ്കെടുത്തവരിൽ ഏറ്റവും പ്രായം കൂടിയയാളും വിജയലക്ഷ്മി ആയിരുന്നു. പണ്ടുകാലങ്ങളിൽ അനുഷ്ഠാനകലയുടെ ഭാഗമായിട്ടായിരുന്നു കണ്ണേറുപാട്ടുകൾ അവതരിപ്പിച്ചിരുന്നത്. അന്നൊക്കെ പത്തോളം പേർ ചേർന്നായിരുന്നു പാട്ടുപാടുക. തന്റെ ചെറുപ്പം മുതൽ അറിഞ്ഞും കേട്ടും പരിചിതമായ കണ്ണേറുപാട്ടിൽ മത്സരിക്കാൻ പ്രത്യേകം തയ്യാറെടുപ്പൊന്നും വേണ്ടിവന്നില്ലെന്ന് വിജയലക്ഷ്മി പറഞ്ഞു.
പാലക്കാട് ചെർപ്പുളശേരി നഗരസഭയെ പ്രതിനിധീകരിച്ചാണ് വിജയലക്ഷ്മി കലോത്സവത്തിനെത്തിയത്. ഇന്നലെ നടന്ന ചിത്രരചന(ജലച്ഛായം) മത്സരത്തിലും വിജയലക്ഷ്മിയമ്മ പങ്കെടുത്തു. മത്സരത്തിനായി ഈ പരമ്പരാഗത പാട്ടിനങ്ങൾ സ്വായത്തമാക്കിയവരും കലോത്സവത്തിൽ മാറ്റുരച്ചു. കണ്ണേറുപാട്ടിൽ മത്സരിച്ച എല്ലാവരും എ ഗ്രേഡ് സ്വന്തമാക്കി. മരംകൊട്ട്പാട്ടിൽ തൃശൂരിൽ നിന്നുള്ള ഗ്രേഷ്മ ഒന്നാമതെത്തി.
പഴമയുടെ പൊലിമ വിളിച്ചോതിയ പരമ്പരാഗത കലാ ഇനങ്ങളായ കണ്ണേറുപാട്ട്, കൂളിപ്പാട്ട്, മരംകൊട്ടി പാട്ട് തുടങ്ങിയ മത്സര ഇനങ്ങൾ വേദിയെ മികവുറ്റതാക്കി. കണ്ണേറുപാട്ടും കൊട്ടിപ്പാട്ടുമെല്ലാം കാണികളെ കയ്യിലെടുത്തു. വൈവിധ്യം നിറഞ്ഞ പാട്ടുകളാണ് മത്സരാർത്ഥികൾ അവതരിപ്പിച്ചത്. ആവർത്തന വിരസതയില്ലാത്തതും വേദിയെ ശ്രദ്ധേയമാക്കി. മരത്തിന്റെയും ഉടുക്കിന്റെയുമെല്ലാം താളത്തിൽ അവര്‍ പാടിയപ്പോൾ ചമയവൈവിധ്യവും ആകർഷണീയമായി.
english summary; special story vijayalakshmi
you may also like this video;