അതിവേഗം ബഹുദൂരം എന്നതായിരുന്നു ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴത്തെ സംസ്ഥാന സർക്കാരിന്റെ മുദ്രാവാക്യം. ഏതാണ്ട് അതേ രീതിയാണ് രാഷ്ട്രീയ ജീവിതത്തിലും അദ്ദേഹം സ്വീകരിച്ചത്. അഭിമുഖീകരിക്കുന്ന വിഷയങ്ങൾ രാഷ്ട്രീയമായാലും ജനകീയമായാലും തിരക്കിട്ട ചർച്ചകൾ, തീരുമാനങ്ങൾ അതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. മുന്നണിക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാവുക സ്വാഭാവികം. എന്നാൽ, അതിലേറെ തലവേദനായിരുന്നു കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പ്രശ്നങ്ങൾ. എ ഗ്രൂപ്പും, ഐ ഗ്രൂപ്പും ഇടയ്ക്ക് തല പൊക്കുന്ന ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പുകളികളും. ഓരോ ദിവസവും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചില്ലറയായിരുന്നില്ല.
ഭരണകർത്താവെന്ന നിലയിൽ നിരവധി പരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ട അവസ്ഥയും ഉമ്മൻചാണ്ടിക്കുണ്ടായി. 2011 മുതൽ 2016 വരെയുള്ള രണ്ടാം ഉമ്മൻചാണ്ടി മന്ത്രിസഭ തുടക്കം മുതൽ ഒടുക്കം വരെ വിവാദങ്ങളുടെ പൂരപ്പറമ്പായിരുന്നു. ഉമ്മൻ ചാണ്ടി അധികാരത്തിലേറിയത് തന്നെ വെറും 72 അംഗങ്ങളുടെ ബലത്തിലാണ്. എപ്പോൾ വേണമെങ്കിലും ആ വഞ്ചി മറിയാമെന്ന ആശങ്കയിലായിരുന്നു ആ മന്ത്രിസഭയുടെ സഞ്ചാരം.
മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനമെന്ന ചർച്ചയിൽ കുടുങ്ങി മന്ത്രിസഭ നട്ടംതിരിഞ്ഞതും അതേ കാലത്ത് തന്നെ. രമേശ് ചെന്നിത്തലയ്ക്ക് താക്കോൽ സ്ഥാനം നൽകിയില്ലെന്ന കാരണത്തിൽ എൻഎസ്എസ് ഇടഞ്ഞതായിരുന്നു മറ്റൊരു പ്രതിസന്ധി. തിരുവഞ്ചൂർ രാധാകൃഷ്ണനെ ആഭ്യന്തര മന്ത്രിയാക്കി എൻഎസ്എസിനെ അനുനയിപ്പിച്ച് ആ പ്രശ്നത്തിന്റെ മുനയൊടിക്കാൻ പരിശ്രമിച്ചു. മുന്നണിരാഷ്ട്രീയത്തിലെ എല്ലാം തികഞ്ഞ ഒരു കളരിയഭ്യാസിയെയാണ് പിന്നീടങ്ങോട്ട് കേരളം കണ്ടത്. വലിയ വിവാദങ്ങളുയർത്തിയ സോളാർ കോഴക്കേസിലും പിന്നാലെ വന്ന ബാർ കോഴ കേസിലുമൊക്കെ ഈ മെയ് വഴക്കം മന്ത്രിസഭയെ പിടിച്ചുനിർത്തി.
English Summary:Speedy resolution of disputes
You may also like this video