ഇന്ത്യയില്‍ ഒരാള്‍ക്ക് ദിവസവും പെട്രോളിന് വേണ്ടി ചെലവഴിക്കേണ്ടിവരുന്നത് അയാളുടെ ദിവസവരുമാനത്തിന്റെ നാലിലൊന്ന് തുക. ദിനംപ്രതി വര്‍ധിക്കുന്ന ഇന്ധനവില ജനങ്ങളുടെ ജീവിതദുരിതത്തെ എത്രമാത്രം ബാധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് ശരാശരി 24.3 ശതമാനം തുകയാണ് വാഹനത്തില്‍ പെട്രോള്‍ നിറയ്ക്കുന്നതിനുവേണ്ടി മാത്രം ഓരോ പൗരനും അവരുടെ വരുമാനത്തില്‍ നിന്ന് ചെലവഴിക്കുന്നതെന്നാണ് ദ ഹിന്ദു തയാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയ്ക്കനുസരിച്ച് രാജ്യത്തെ ഇന്ധനവില കൂടുകയും കുറയുകയും ചെയ്യേണ്ടതാണെങ്കിലും അതിന് വിരുദ്ധമായാണ് രാജ്യത്ത് സംഭവിക്കുന്നത്. 2014 മുതല്‍ ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനവുണ്ടായപ്പോഴെല്ലാം ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ പക്ഷെ, ക്രൂഡ് ഓയില്‍ വില കുറയുന്ന സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് അതിന്റെ ഗുണഫലം അനുഭവിക്കാനുള്ള അവസരം കൊടുത്തിട്ടില്ല. അതേസമയം, തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനവുണ്ടായാലും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കാറില്ല.
ക്രൂഡ് ഓയില്‍ വില ഇടിയുമ്പോള്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചുകൊണ്ട് വില അതേപടി നിലനിര്‍ത്തുകയാണ് കേന്ദ്രത്തിന്റെ പതിവ്. നിലവില്‍ നൂറ് രൂപയ്ക്ക് പെട്രോള്‍ വാങ്ങുന്ന പൗരന്മാര്‍ അതില്‍ അമ്പത് രൂപയും നികുതിയായാണ് നല്‍കുന്നത്. യാത്രാ നിയന്ത്രണങ്ങളുടെ ഫലമായി പെട്രോള്‍ ഉപഭോഗത്തില്‍ വലിയ കുറവുണ്ടായിട്ടും 2021ല്‍ കേന്ദ്രത്തിന് നികുതിയിനത്തില്‍ ലഭിച്ചത് 3.7 ലക്ഷം കോടി രൂപയാണ്.
ദേശീയതലത്തിലും വിവിധ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍, ക്രൂഡ് ഓയില്‍ വിലയില്‍ എത്രയധികം വര്‍ധനവുണ്ടായാലും രാജ്യത്ത് അത് പ്രതിഫലിക്കാറില്ലെന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഇരട്ടത്താപ്പിന്റെ മറ്റൊരു ഉദാഹരണമാണ്. ദീപാവലിക്കുശേഷം 137 ദിവസം പെട്രോള്‍ വിലയില്‍ വര്‍ധനവുണ്ടായിരുന്നില്ല. യുപി ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പായിരുന്നു ഇതിന് കാരണമെന്ന് വ്യക്തം. 2021ല്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോഴും ഈ പ്രതിഭാസം ദൃശ്യമായി.
English Summary: Spend a quarter of your daily income on petrol
You may like this video also