Site iconSite icon Janayugom Online

ബ്രൂവറി ആരോപണത്തിന് പിന്നില്‍ സ്പരിറ്റ് ലോബിയുണ്ടാകാം: എം വി ഗോവിന്ദന്‍

ബ്രൂവറി അനുമതിക്കെതിരെ ആരോപണമുന്നയിക്കുന്നവർക്കുപിന്നിൽ സ്‌പിരിറ്റ്‌ ലോബിയുണ്ടാകാമെന്ന്‌ സിപിഐ (എം )സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വർഷം 10 കോടി ലിറ്റർ സ്‌പിരിറ്റാണ്‌ കേരളത്തിലെത്തുന്നത്‌. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽനിന്ന്‌ ഇത്രയും സ്‌പിരിറ്റെത്തിക്കാൻ 100 കോടിയോളമാണ്‌ ചെലവ്‌. ഇവിടെ ഉൽപ്പാദിപ്പിച്ചാൽ അത്രയും പണം ലാഭിക്കാം. സ്‌പിരിറ്റ്‌ ലോബിയുടെ പണിയും പോകും അദ്ദേഹം വാർത്താലേഖകരോട്‌ പറഞ്ഞു.

കേരളത്തിന്‌ ആവശ്യമായ ഇന്ത്യൻ നിർമിത വിദേശമദ്യവും ബിയറും ഇവിടെത്തന്നെ ഉൽപ്പാദിപ്പിക്കുമെന്ന്‌ കഴിഞ്ഞ രണ്ട്‌ വർഷത്തെ മദ്യനയത്തിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്‌. ഇവിടുത്തെ കാർഷികോൽപ്പന്നങ്ങൾ ഉപയോഗിച്ച്‌ സ്‌പിരിറ്റ്‌ ഉണ്ടാക്കുന്നതുവഴി 680 പേർക്ക്‌ ജോലിയും രണ്ടായിരത്തിലധികംപേർക്ക്‌ അനുബന്ധ ജോലിയും ലഭിക്കും. സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന എട്ട്‌ ഡിസ്റ്റിലറിയും 10 ബ്ലെൻഡിങ്‌ യൂണിറ്റും രണ്ട്‌ ബ്രൂവറിയും കേരളത്തിലുണ്ട്‌.

ഇവ യുഡിഎഫ്‌, എൽഡിഎഫ്‌ സർക്കാരുകളുടെകാലത്ത്‌ അനുവദിച്ചവയാണ്‌. ഒയാസിസ്‌ കമ്പനി സംസ്ഥാന സർക്കാരിന്‌ പദ്ധതി സമർപ്പിച്ച്‌ പ്രവർത്തിക്കാൻ തയ്യാറാണെന്ന്‌ അറിയിച്ചതാണ്‌. അഞ്ച്‌ ഏക്കറിൽ മഴവെള്ള സംഭരണി സ്ഥാപിക്കുമെന്നറിയിച്ചിട്ടുണ്ട്‌. പത്തുകോടി ലിറ്റർ വെള്ളം ഇതുവഴി ഉപയോഗിക്കാനാകും.

കേരളത്തിൽ ബിവറേജസ്‌ കോർപറേഷൻവഴി മാത്രമാണ്‌ മദ്യവിൽപ്പന. 309 വിൽപ്പനശാലകളുണ്ടിവിടെ. കോൺഗ്രസ്‌ ഭരിക്കുന്ന കർണാടകത്തിൽ എണ്ണം 3,780. കേരളത്തിൽ 2012–13ൽ 241. 8 ലക്ഷം കെയ്‌സ്‌ മദ്യമാണ്‌ ഉപയോഗിച്ചത്‌. 2021 –-22ൽ 181.03 ലക്ഷമായി കുറഞ്ഞു. മദ്യമൊഴുക്കുന്നുവെന്ന കോൺഗ്രസുകാരുടെ രാഷ്‌ട്രീയ ദുഷ്ടലാക്കോടെയുള്ള വാദം അംഗീകരിക്കാനാകില്ല.

Exit mobile version