Site iconSite icon Janayugom Online

കായിക പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കായിക ഭവൻ തുടങ്ങും : മന്ത്രി വി അബ്ദുറഹിമാൻ

സംസ്ഥാന കായിക മേഖലയിൽ വിപുലമായ വികസന പദ്ധതികൾ നടപ്പിലാക്കുമെന്നും കായിക പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ‘കായിക ഭവൻ’ ആരംഭിക്കുമെന്നും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലാ സ്പോർട്സ് കൗൺസിലുകളിൽ പുതുതായി അധികാരമേറ്റ ഭാരവാഹികളുടെ കോൺക്ലേവ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

പുതിയതായി ആരംഭിക്കുന്ന കായിക ഭവനിൽ സംസ്ഥാന സ്‌പോർട്‌സ് ഡയറക്ടറേറ്റും സ്‌പോർട്‌സ് ആന്റ് റിസർച്ച് പ്ലാനിങ് വകുപ്പും തുടങ്ങും. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാനത്ത് സ്‌പോർട്‌സ് ആന്റ് റിസർച്ച് പ്ലാനിങ് ഡിപ്പാർട്ട്‌മെന്റ് തുടങ്ങുന്നത്. കായിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്‌പോർട്‌സ് കൗൺസിലുകളുമായി ചേർന്നുള്ള പ്രവർത്തനത്തിന് രൂപരേഖ തയാറാക്കുകയും അതിനനുസരിച്ചുള്ള പദ്ധതികൾ നടപ്പിലാക്കുകയുമാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്. ഭരണപരമായ പുതിയ മാറ്റങ്ങൾ പഞ്ചായത്ത് തലം മുതൽ നടപ്പിലാക്കുന്ന പുതിയൊരു പ്രവർത്തന രീതിയാണ് കായിക രംഗത്ത് സർക്കാർ ആവിഷ്‌കരിക്കുന്നത്.

കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കായിക മേഖലയിൽ 4,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞു. ഇതിന്റെ ഭാഗമായി 369 സ്റ്റേഡിയങ്ങൾ പുതുതായി നിർമ്മിക്കുകയും സിന്തറ്റിക് ട്രാക്കുകളുടെ എണ്ണം രണ്ടിൽ നിന്ന് 25 ആയി വർധിപ്പിക്കുകയും ചെയ്തു. ‘എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം’ പദ്ധതിയിലൂടെ 167 പഞ്ചായത്തുകളിൽ ഇതിനകം കളിക്കളങ്ങൾ നിർമ്മിച്ചു. സ്‌കൂൾ പാഠ്യപദ്ധതിയിൽ ലോവർ പ്രൈമറി തലം മുതൽ സ്‌പോർട്‌സ് ഉൾപ്പെടുത്തിയതും 961 കായിക താരങ്ങൾക്ക് സ്‌പോർട്‌സ് ക്വാട്ടയിൽ സർക്കാർ ജോലി നൽകിയതും ഈ സർക്കാരിന്റെ വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. 

കായിക വികസനം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വികേന്ദ്രീകൃതമായ പ്രവർത്തന രീതിയാണ് സർക്കാർ സ്വീകരിക്കുന്നത്. നിലവിൽ സംസ്ഥാനത്തെ 800-ഓളം പഞ്ചായത്തുകളിൽ കൗൺസിലുകൾ രൂപീകരിച്ചിട്ടുണ്ട്. സ്‌പോർട്‌സ് ഡയറക്ടറേറ്റും കൗൺസിലും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനായി സ്‌പോർട്‌സ് ഡയറക്ടർക്കും കൗൺസിൽ സെക്രട്ടറിക്കും ചുമതല നൽകിയിട്ടുണ്ട്. ജില്ലാ സ്‌പോർട്‌സ് കൗൺസിലുകൾ ഈ പഞ്ചായത്ത് കൗൺസിലുകളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കണം. 

ഹോസ്റ്റലുകളിലെ മെസ് നടത്തിപ്പുമായി ബന്ധപ്പെട്ട കുടിശിക തീർക്കാനും കായിക അസോസിയേഷനുകൾക്ക് ഗ്രാന്റ് ലഭ്യമാക്കാനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്റ്റേഡിയങ്ങളുടെ പരിപാലനത്തിലും നടത്തിപ്പിലും ജില്ലാ കൗൺസിലുകൾക്ക് കൂടുതൽ അധികാരം നൽകുന്ന ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു. കായിക, യുവജനകാര്യ ഡയറക്ടർ പി വിഷ്ണുരാജ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി എന്നിവർ പങ്കെടുത്തു.

Exit mobile version