Site iconSite icon Janayugom Online

കായിക കേരളത്തിന് ട്രാക്കുണരുന്നു; സംസ്ഥാനത്ത് 22 സിന്തറ്റിക് സ്റ്റേഡിയങ്ങൾ

ഒളിമ്പിക് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള തിരുവനന്തപുരത്ത് ആരംഭിക്കുമ്പോൾ കുതിപ്പിന്റെ ട്രാക്കിലാണ് കേരളം. മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ മാത്രം സിന്തറ്റിക് ട്രാക്ക് കണ്ടിരുന്ന കുട്ടികളല്ല ഇന്നുള്ളത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ സംസ്ഥാനത്ത് 20 സിന്തറ്റിക് ട്രാക്കുകളാണ് കായികതാരങ്ങളുടെ പരിശീലനത്തിനും മത്സരങ്ങൾക്കുമായി കായിക വകുപ്പ് നിർമ്മിച്ചത്. ഇതോടെ ആകെ സിന്തറ്റിക് ട്രാക്കുകളുടെ എണ്ണം 22 ആയി. അവയിൽ പരിശീലിച്ചും മത്സരിച്ചും കയറിവന്ന പുത്തൻ താരോദയങ്ങൾക്കാണ് കേരളം കൺപാർക്കുന്നത്.

നിലവിൽ 14 ജില്ലകളിലും സിന്തറ്റിക് ട്രാക്കുകൾ വന്നു. പാലാ മുനിസിപ്പൽ സ്റ്റേഡിയം, മഹാരാജാസ് കോളജ് എന്നിവിടങ്ങളിലാണ് നേരത്തെ സിന്തറ്റിക് ട്രാക്കുണ്ടായിരുന്നത്. ആലപ്പുഴ പ്രീതികുളങ്ങര സ്കൂൾ, കോഴിക്കോട് മേപ്പയൂർ, പത്തനംതിട്ട കൊടുമൺ ഇഎംഎസ് സ്റ്റേഡിയം, നീലേശ്വരം ഇഎംഎസ് സ്റ്റേഡിയം, മലപ്പുറം എടപ്പാൾ ജി എച്ച്എസ്എസ്, വയനാട് ജില്ലാ സ്റ്റേഡിയം, തൃത്താല തിരുമിറ്റക്കോട് സ്റ്റേഡിയം, ഇടുക്കി നെടുങ്കണ്ടം, തലശ്ശേരി വി ആർ കൃഷ്ണയ്യർ സ്റ്റേഡിയം, മലപ്പുറം താനൂർ, ജിവി രാജ സ്പോർട്സ് സ്കൂൾ, ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം, തൃശൂർ കുന്നംകുളം ജിബിഎച്ച്എസ്എസ്, പരിയാരം മെഡിക്കൽ കോളജ്, പാലക്കാട് കോട്ടായി സ്കൂൾ, നിലംബർ മാനവേദൻ ജിഎച്ച്എസ്എസ്, നാട്ടിക ഫിഷറീസ് സ്കൂൾ, മൂക്കുതല പിസിഎൻജിഎച്ച്എസ്എസ്, കൊല്ലം ഒളിമ്പ്യൻ സുരേഷ് ബാബു ജില്ലാ സ്റ്റേഡിയം എന്നിവയാണ് ഒൻപത് വർഷത്തിനിടെ നിർമ്മിച്ചത്. 

കായികമേളകളിൽ നേട്ടങ്ങൾ കൊയ്ത സ്കൂളുകളിലാണ് സ്റ്റേഡിയങ്ങൾ അനുവദിച്ചിട്ടുള്ളത്. ഇത് ആ സ്കൂളിലെയും സമീപ സ്‌കൂളുകളിലെയും കായികതാരങ്ങൾക്ക് ഏറെ സഹായകമായി. മൺ സ്റ്റേഡിയങ്ങളിൽ പരിശീലനം നേടിയ താരങ്ങൾ സിന്തറ്റിക് ട്രാക്കിൽ മത്സരത്തിനെത്തുമ്പോൾ പലപ്പോഴും ഉദ്ദേശിച്ച പ്രകടനം കാഴ്ചവയ്ക്കാനാകാതെ പ്രയാസപ്പെടാറുണ്ട്. നിലവില്‍ ഇതിനൊരു അറുതിവന്നിരിക്കുകയാണ്. പരിശീലനം നേടിയ അതേ തരം ട്രാക്കിൽ മത്സരിക്കാനുമാകുന്നത് കായികതാരങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. മികച്ച ദൂരവും ഉയരവും സമയവും സ്വന്തം പേരിൽ കുറിക്കാനെത്തുന്ന കൗമാരത്തിന്റെ കാൽവേഗങ്ങൾക്ക് കരുത്താവുകയാണ് ഈ സർക്കാർ.

Exit mobile version