ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാം പ്രതീക്ഷകളാല്‍ പൂത്തുലയുന്നു. കാട്ടാനക്കലിയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ആറളം ഫാമില്‍ മറ്റ് കൃഷികള്‍ക്കൊന്നും ഏറെ ആയുസ്സുണ്ടായിരുന്നില്ല. വന്യജീവി ശല്യം കാരണം പ്രദേശവാസികള്‍ നട്ടുവളര്‍ത്തിയ കപ്പയും വാഴയും പച്ചക്കറികളും അനുഭവിക്കാനുള്ള യോഗവുമില്ല. ഈ അവസ്ഥയിലാണ് പ്രതീക്ഷയുടെ വസന്തം വിരിയിച്ച് ചെണ്ടുമല്ലിപാടം ആറളം ഫാമില്‍ പൂത്തുലഞ്ഞത്.
ആറളം ഫാമിലെ പതിമൂന്നാം ബ്ലോക്കിലെ അഞ്ച് ഏക്കര്‍ സ്ഥലത്താണ് ചെണ്ടുമല്ലികൃഷി വിളവെടുപ്പിനൊരുങ്ങിയത്. ആറളം ഫാം ഫ്ളവര്‍ പ്രൊഡ്യൂസേര്‍സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ അമ്പത് അംഗങ്ങള്‍ ചേര്‍ന്നാണ് ഏപ്രിലില്‍ പൂകൃഷി ആരംഭിച്ചത്. കണ്ണൂര്‍ ജില്ലാ സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന വി കെ അജിമോള്‍, ഇരിട്ടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ ബീന എന്നിവരാണ് പദ്ധതി ആസൂത്രണം ചെയ്തത്. കര്‍ണാടകത്തിലെ ഗുണ്ടല്‍പേട്ടിനെ വെല്ലുന്ന തരത്തിലാണ് ഇവിടെയുള്ള ചെണ്ടുമല്ലിപാടം ഇപ്പോള്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നത്. ചിത്രങ്ങളെടുക്കാനും ചെണ്ടുമല്ലി കൃഷിയുടെ ഭംഗി ആസ്വദിക്കുവാനും നിരവധി പേരും ഇവിടെയെത്തുന്നു.
ഓണവിപണി ലക്ഷ്യമിട്ട് പതിമൂന്നേക്കറില്‍ മൂന്ന് ലക്ഷം ചെണ്ടുമല്ലി തൈകള്‍ വേറെയും ഇവര്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. തൊഴിലുറപ്പ് ജോലിക്കാരും കര്‍ഷകരും ഉള്‍പ്പെടെ 250 പേരാണ് ബ്ലോക്കില്‍ ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്. ഇതിനായി അട്ടപ്പാടിയില്‍ വെച്ച് ഇവര്‍ക്കായി പരിശീലനവും നല്‍കിയിരുന്നു. ഒരു ക്വിന്റല്‍ പൂക്കള്‍ ഇതിനോടകം ഇവിടെ നിന്നും ലഭിച്ച് കഴിഞ്ഞു. കണ്ണൂര്‍ മുനീശ്വരന്‍ കോവില്‍ മാര്‍ക്കറ്റിലേക്കും ക്രിസ്ത്യന്‍ പള്ളികളിലേക്കുമാണ് പൂക്കള്‍ കൂടുതലായും വില്‍ക്കുന്നത്. കണ്ണൂരില്‍ 100 രൂപയും പ്രാദേശിക വിപണിയില്‍ 60 രൂപയുമാണ് വില.
english summary; Spring of Hope; Chandumalli flower bloomed in Aralam
you may also like this video;