Site iconSite icon Janayugom Online

യുപിയില്‍ എസ്‌പിയുടെ തേരോട്ടം തുടങ്ങി; കര്‍ഹാലില്‍ നിന്നും അങ്കതട്ടിലേക്ക് അഖിലേഷ്

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കര്‍ഹാലില്‍ നിന്നും പട നയിക്കാനൊരുങ്ങി അഖിലേഷ് യാദവ്. സമാജ്‌വാദി പാര്‍ട്ടിയെയും അഖിലേഷിനെയും സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ മണ്ഡലമാണ് കര്‍ഹാല്‍.

സുരക്ഷിത മണ്ഡലത്തില്‍ മത്സരിച്ച് മറ്റു മണ്ഡലങ്ങളില്‍ ആവശ്യമായ പ്രചരണവും ക്യാമ്പെയ്‌നുകളും സംഘടിപ്പിക്കുക എന്ന തന്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് അഖിലേഷ് കര്‍ഹാല്‍ തന്നെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് കരുതുന്നത്. അഖിലേഷ് യാദവിന്റെ പിതാവും സമാജ്‌വാദി പാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവുമായ മുലായം സിംഗ് യാദവ് അഞ്ച് തവണ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ച ലോക്‌സഭാ മണ്ഡലമായ മെയിന്‍പുരിയിലെ അഞ്ച് നിയമസഭാ മണ്ഡലത്തില്‍ ഒന്നാണ് കര്‍ഹാല്‍.

1993 മുതല്‍ സമാജ്‌വാദി പാര്‍ട്ടിയെ, 2002ല്‍ ഒരിക്കല്‍ മാത്രമാണ് കര്‍ഹാല്‍ കൈവിട്ടത്. എന്നാല്‍ 2002ല്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചു കയറിയ എംഎല്‍എ പിന്നീട് എസ്പിയില്‍ ചേരുകയും ചെയ്തിരുന്നു.അതേസമയം, യോഗി ആദിത്യനാഥിനെതിരെ ഗൊരഖ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ അറിയിച്ചിരുന്നു. വ്യാഴാഴ്ചയായിരുന്നു ആസാദ് തന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.

കോണ്‍ഗ്രസ് ആസാദിനെ പിന്തുണക്കാനാണ് സാധ്യത. പ്രതിപക്ഷ കക്ഷികളായ എസ്പിയും ബിഎസ്പിയും യോഗിക്കെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്തുമോ അതോ ചന്ദ്രശേഖര്‍ ആസാദിനെ പിന്തുണക്കുമോ എന്നതും മത്സരത്തിന്റെ ഗതി നിര്‍ണയിക്കും.34കാരനായ ആസാദ് ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വരാണസിയില്‍ നിന്ന് മത്സരിക്കുമെന്ന് ആസാദ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദളിത് വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ പന്നീട് അദ്ദേഹം പിന്മാറുകയായിരുന്നു.മുഖ്യമന്ത്രി ആദിത്യനാഥ് ആദ്യമായാണ് ഗൊരഖ്പൂരില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

ഗൊരഖ്പൂരില്‍ നിന്ന് മാറി അയോധ്യയിലോ മഥുരയിലോ യോഗി മത്സരിച്ചേക്കുമെന്ന് ആദ്യ ഘട്ടത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അവസാന ഘട്ട സൂചനകള്‍ പ്രകാരം ഗൊരഖ്പൂരില്‍ നിന്ന് തന്നെ യോഗി മത്സരിക്കും. തുടര്‍ച്ചയായി യോഗി ലോക്സഭയിലെത്തിയത് ഗൊരഖ്പൂരില്‍ നിന്നാണ്.

ഫെബ്രുവരി 10നാണ് യു.പിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും.

മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസാണ് ഭരണകക്ഷി.

Eng­lish Sum­ma­ry: SP’s race begins in UP; Akhilesh to fight from Karhal

You may also like this video:

Exit mobile version