Site iconSite icon Janayugom Online

ശ്രീരാമനാവാന്‍ നോണ്‍ വെജ് നിര്‍ത്തി; മീൻ കഴിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൺബീർ കപൂറിനെതിരെ സൈബർ ആക്രമണം

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’ സിനിമയ്ക്കുവേണ്ടി താൻ സസ്യാഹാരിയായി എന്ന് രണ്ട് വർഷം മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞ ബോളിവുഡ് താരം രൺബീർ കപൂർ മീൻ കഴിക്കുന്ന വീഡിയോ പുറത്തുവന്നതിനുപിന്നാലെ കടുത്ത സൈബർ ആക്രമണം നേരിടുന്നു. നെറ്റ്ഫ്ലിക്സ് ഷോയായ ‘ഡൈനിങ് വിത്ത് കപൂർസ്’-ൽ നിന്നുള്ള വീഡിയോയിലാണ് രൺബീർ മീൻ കഴിക്കുന്നത്. രാജ് കപൂറിൻ്റെ 100-ാം ജന്മവാർഷികം ആഘോഷിക്കാൻ ഒത്തുകൂടിയ കപൂർ കുടുംബാംഗങ്ങൾ ഫിഷ് കറി റൈസ്, ജംഗ്ലി മട്ടൺ തുടങ്ങിയ വിഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നതും രൺബീർ ഭക്ഷണം കഴിക്കുന്നതും വീഡിയോയിൽ കാണാം. വിഡിയോ പുറത്തുവന്നതോടെ “നിങ്ങളുടെ പിആർ ടീമിനെ പിരിച്ചുവിടൂ” എന്നടക്കമുള്ള കമൻ്റുകളുമായി ഒരു വിഭാഗം രംഗത്തെത്തി. രാമായണത്തിൽ ശ്രീരാമനായി അഭിനയിക്കുന്നതിന് വേണ്ടി രൺബീർ കപൂർ നോൺ‑വെജ് ഭക്ഷണം ഉപേക്ഷിച്ചുവെന്നും, മദ്യപാനവും പുകവലിയും നിർത്തിയെന്നും, ധ്യാനവും കർശനമായ സാത്വിക ഭക്ഷണരീതികളും പിന്തുടരുന്നുവെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഒന്നാം ഭാഗം ചിത്രീകരണം പൂർത്തിയായ ‘രാമായണ’ 2026‑ലെ ദീപാവലിക്ക് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയിൽ സീതയെ സായ് പല്ലവിയും രാവണനെ യഷും ആണ് അവതരിപ്പിക്കുന്നത്. 

Exit mobile version