സിംബാബ്‌വെയ്ക്കെതിരെ വമ്പന്‍ ജയത്തോടെ ശ്രീലങ്ക ഏകദിന ലോകകപ്പിന് യോഗ്യത നേടി. ഒമ്പത് വിക്കറ്റിനാണ് ലങ്കന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 32.2 ഓവറില്‍ 165 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി 33.1 ഓവറില്‍ ശ്രീലങ്ക ലക്ഷ്യത്തിലെത്തി. സെഞ്ചുറി നേടിയ ഓപ്പണര്‍ പതും നിസങ്കയും നാലു വിക്കറ്റെടുത്ത ബൗളര്‍ മഹീഷ് തീക്ഷണയുമാണ് ശ്രീലങ്കയ്ക്ക് വിജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയ്ക്കായി സീന്‍ വില്യംസണിന്റെ അര്‍ധസെഞ്ചുറി മാത്രമാണ് എടുത്തുപറയാനുള്ളത്. 31 റണ്‍സുമായി സിക്കന്ദര്‍ റാസയും പൊരുതാന്‍ ശ്രമിച്ചു. മറ്റുള്ളവരെല്ലാം ലങ്കന്‍ ബൗളര്‍മാര്‍ക്കുമുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ പതും നിസങ്ക 102 പന്തില്‍ 101 റണ്‍സുമായി പുറത്താകാതെ നിന്നു. 25 റണ്‍സുമായി കുശാല്‍ മെന്‍ഡിസും നിസങ്കയ്ക്കൊപ്പം ക്രീസിലുണ്ടായിരുന്നു. ദിമുത് കരുണരത്നെയുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.
യോഗ്യതാ റൗണ്ടില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ശ്രീലങ്ക ലോകകപ്പിന് യോഗ്യത നേടിയത്. ഇതോടെ ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ കളിക്കുന്ന ഒന്‍പതാം ടീമിന്റെ ചിത്രമായി. ഇനിയൊരു ടീമിന് മാത്രമാണ് യോഗ്യത ലഭിക്കുക. ഇതിനായി സിംബാബ്‌വെയും സ്‌കോട്‌ലന്‍ഡും പോരാടും.
English Summary: Sri Lanka beat Zimbabwe to qualify for World Cup
You may also like this video