ഒരു രാജ്യത്തുണ്ടാവുന്ന മഹാ കലാപങ്ങള്‍ക്ക് രണ്ടു തലങ്ങളുണ്ട്. ആദ്യത്തേത് പ്രത്യക്ഷത്തില്‍ കാണുന്ന അനുഭവങ്ങളും കലാപങ്ങളും, ദുരിതങ്ങളും. രണ്ടാമത്തേത് അതിലേക്കെത്തിച്ച സിദ്ധാന്തപരവും നയപരവുമായ വൈകല്യങ്ങള്‍. ആദ്യത്തേത് ഒരു വക പരിഹരിച്ചാല്‍, അതിലുമെത്രയോ പ്രയാസമുള്ള രണ്ടാം തലത്തെ അഭിമുഖീകരിച്ചാലേ ഒരു സമൂഹമൊ രാജ്യമൊ നേരിടുന്ന സംഘര്‍ഷങ്ങളെ ശാശ്വത പരിഹാരത്തിലെത്തിക്കാനാവൂ. ഇപ്പോള്‍ ശ്രീലങ്ക നേരിടുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണിതു പറയുന്നത്. ലങ്കന്‍ ക്രൈസിസിനെക്കുറിച്ച് കുറേ വാര്‍ത്തകളും വിശദീകരണങ്ങളും വന്നുകഴിഞ്ഞു. ശ്രീലങ്ക മെല്ലെ വാര്‍ത്തകളില്‍ നിന്നുമാഞ്ഞുകഴിഞ്ഞു. എന്നിട്ടും അമ്പതു ദിവസങ്ങള്‍ പിന്നിട്ടിട്ടും അവിടെ പൊതു കലാപം ശക്തമാവുകയാണ്. ഗോതബയ രാജപക്സെ രാജിവച്ചൊഴിയാതെ ഒരുതരത്തിലും രാജ്യം സമാധാനത്തിലേക്ക് തിരിച്ചുപോവില്ലെന്നാണ് കലാപക്കാര്‍ പറയുന്നത്. അതൊരു പ്രത്യക്ഷ ഡിമാന്റാണ്. അവരുടെ പ്രശ്നപരിഹാരം അതിലും എത്രയോ സങ്കീര്‍ണമാണ്. അതിന് അതിന്റേതായ ചരിത്രവും നയപരമായ പാളിച്ചകളും നിയോലിബറല്‍ ഭരണത്തിന്റെ പിടിമുറുക്കലുമുണ്ട്. കൂടുതല്‍ അഗാധമായ പഠനം ശ്രീലങ്ക അര്‍ഹിക്കുന്നു. 1930 നുശേഷമുള്ള ഏറ്റവും സങ്കീര്‍ണമായ രാഷ്ട്രീയ – സാമ്പത്തിക ക്രൈസിസിലാണ് ആ രാജ്യം. ഉക്രെയ്ന്‍ — റഷ്യ ബന്ധവും ആഗോളമാന്ദ്യവും വിലക്കയറ്റവുമൊക്കെയാണ് കാരണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍, രാജപക്സെ കുടുംബവും അവിടത്തെ എക്സിക്യൂട്ടീവ് ഭരണവും നയവൈകല്യങ്ങളും അഴിമതിയുമാണ് കാരണങ്ങളെന്നാണ് കലാപകാരികളും പറയുന്നത്. ശരി രണ്ടാമത്തേതാണ്. പണ്ട് അമേരിക്കന്‍ നിയോലിബറല്‍ തന്ത്രങ്ങള്‍ക്കും സ്വതന്ത്ര വ്യാപാര വിദ്യകള്‍ക്കും അടിപ്പെട്ട് ശ്രീലങ്ക തകര്‍ന്നതും തുടര്‍ന്ന് വംശീയ കലാപങ്ങള്‍ വരെ ആ രാജ്യത്തെ ഛിന്നഭിന്നമാക്കിയതും ചരിത്രത്തിലുണ്ട്. ഇപ്പോഴത്തെ പ്രശ്നം അതിലും സങ്കീര്‍ണമായി തോന്നുന്നു. ഒരു സ്വതന്ത്ര രാജ്യമാവാന്‍ ഒരുതരത്തിലും ശ്രീലങ്ക ശ്രമിച്ചിട്ടില്ല. ശ്രീലങ്കയിലെ ഘടനാപരമായ മാറ്റങ്ങള്‍ ചെറുതായൊരു വിശകലനമര്‍ഹിക്കുന്നു.
ഒരുപക്ഷെ, പെട്ടെന്നല്ലെങ്കിലും മെല്ലെ മെല്ലെ അവര്‍ക്ക് ഒരു പരിഹാരത്തിലെത്താന്‍ അതാവശ്യമാണ്. 1978 ല്‍ ഐഎംഎഫിന്റെ നിര്‍ദേശപ്രകാരം ഇറക്കുമതി ചുങ്കം കുറയ്ക്കല്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കുറയ്ക്കല്‍ തുടങ്ങിയ നടപടികളിലൂടെ നവലിബറല്‍ ചട്ടക്കൂടില്‍ വന്നുവീണതോടെ ശ്രീലങ്കയുടെ പതനം തുടങ്ങിയിരുന്നു. അവരുടെ സമ്പദ്ഘടന ആഗോള വ്യാപാരത്തിനു പൂര്‍ണമായും തുറന്നുകൊടുത്തു. അവിടെ വളര്‍ന്നുവന്ന പുത്തന്‍ ധനികവര്‍ഗം ഭരണത്തില്‍ സ്വാധീനം വര്‍ധിപ്പിച്ചതോടെ, സമ്പത്തിന്റെ രൂക്ഷമായ കേന്ദ്രീകരണവും ഭൂരിപക്ഷ ദാരിദ്ര്യവും സംഭവിച്ചു. രാഷ്ട്രീയവും ഈ പുതു സമ്പന്നരുടെ കൈവശമായി. നവലിബറല്‍ അജണ്ട, പൊതു താല്പര്യത്തിനെതിരായി നടപ്പിലാക്കാന്‍ സ്റ്റേറ്റ് സ്വേച്ഛാധിപരമായ തീരുമാനങ്ങളെടുത്തതോടെ അന്നേ ബഹുജനവികാരം സര്‍ക്കാരിനെതിരായിരുന്നു. ഉദാരവല്ക്കരണമെന്നാല്‍ ഫലത്തില്‍ ബഹുജന വിരുദ്ധമെന്നാണ്. ജയവര്‍ധനെ അധികാരത്തില്‍ വന്നതോടെ സംഘടിത തൊഴിലാളികളെ ഒതുക്കി, ജനാധിപത്യ ധ്വംസനം നടത്തി ഒരുതരം എക്സിക്യൂട്ടീവ് പ്രസിഡന്‍സി നടപ്പിലാക്കി. ഇന്നത്തെ കലാപം ഇതിനെതിരായാണ്. എക്സിക്യൂട്ടീവ് പ്രസിഡന്‍സിയുടെ നയങ്ങളെയാണ് ഇന്ന് ജനങ്ങള്‍ എതിര്‍ക്കുന്നത്. പൊതു അഭിപ്രായത്തിനു വിലയില്ലാതായതോടെ ഒരു കുടുംബത്തിലെ തന്നെ അഞ്ചാറുപേര്‍ തീര്‍ത്തും അവിദഗ്ധമായി ഭരണംകൊണ്ട് അരാജകത്വം സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. അതിന്റെ പൊറുതിമുട്ടലാണ് അമ്പത്തൊന്നു ദിവസങ്ങളായി സകലവിഭാഗം ജനങ്ങള്‍ പങ്കാളികളായുള്ള തീവ്ര കലാപം. ലിബറലൈസേഷന്റെ സാധ്യതകളുടെ അന്ത്യത്തില്‍ ഇനി മറ്റൊരു മുന്നോട്ടു പോക്കില്ലായെന്ന് ജനം തിരിച്ചറിഞ്ഞു. പുരോഗമനപരമായ ഒരു രാഷ്ട്രീയ മുന്നേറ്റത്തിലൂടെ ഇന്നത്തെ സാമ്പത്തിക ഫ്രെയിം വര്‍ക്ക് അഴിച്ചുപണിയാതെ വയ്യെന്നാണ് അക്കാദമിക് വ്യാഖ്യാനം.
ഇതുകൂടി വായിക്കാം; ശ്രീലങ്ക ഇന്ത്യക്കും ലോകത്തിനും നല്‍കുന്ന പാഠം
ഉദാരവല്ക്കരണത്തിന്റെ ആരംഭകാലത്തുതന്നെ വന്‍ ശക്തികളുടെ താല്പര്യപ്രകാരം ഭാരിച്ച കടം വാങ്ങി ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ തുടങ്ങി. വേണ്ടതും വേണ്ടാത്തതിനുമായ എല്ലാത്തിനും വികസനത്തിന്റെ പേരില്‍ അന്തംവിട്ട കടംവാങ്ങി. ഭാവിയുടെ ഭാരമായിരുന്നു അത്. പദ്ധതികളൊന്നും വേണ്ടതുമായിരുന്നില്ല. കടം നല്കി പെടുത്താന്‍ മത്സരിച്ചവരില്‍ ചൈനയും മുന്നില്‍ തന്നെ. അന്നു തുടങ്ങിയ വമ്പന്‍ പദ്ധതികളില്‍ മിക്കതും പ്രത്യായമില്ലാത്തവയായിരുന്നു. തുറമുഖങ്ങളും അണക്കെട്ടുകളും ബാധ്യതയായി. 1983 സിംഹള – തമിഴ് ആഭ്യന്തര യുദ്ധം ആയിരക്കണക്കിനു മരണത്തിലാണവസാനിച്ചത്. കടം നല്കിയ വന്‍ ശക്തികള്‍ മെല്ലെ പിന്‍വാങ്ങി. ഐഎംഎഫ് കൂടുതല്‍ സ്വകാര്യവല്ക്കരണവും ക്ഷേമപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലും ആവശ്യപ്പെട്ടു. ഭക്ഷ്യ സബ്സിഡി കുറയ്ക്കല്‍, കറന്‍സി ഡീവാല്യേഷന്‍ തുടങ്ങി ഒട്ടേറെ ഡിമാന്റുകളോടെ ‘ഫണ്ട്’ രംഗത്തെത്തി. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് 2008 ലെ ക്രൈസിസിനു ശേഷം പണമിറക്കാന്‍ ചെറു രാജ്യങ്ങള്‍ ആവശ്യമായിരുന്നു. ശ്രീലങ്ക നല്ലൊരു താവളമായി. വിദേശ പണം പ്രവഹിച്ചതോടെ ശ്രീലങ്കക്കാരുടെ താല്പര്യങ്ങള്‍ അവഗണിക്കപ്പെട്ടിരുന്നു. വന്നുകയറിയ പണം മുഴുവന്‍ നിര്‍മ്മാണരംഗത്താണ് എത്തിയത്. ആഭ്യന്തര വ്യാവസായിക ഉല്പാദനം തീര്‍ത്തും അവഗണിക്കപ്പെട്ടു. വന്നുചേര്‍ന്ന പണം നാട്ടുകാര്‍ക്ക് വേണ്ടത് ഉല്പാദിക്കാനല്ല ഉപയോഗിച്ചത്. ഒപ്പംതന്നെ കെട്ടുപോയ രാഷ്ട്രീയ നേതൃത്വം ഇതില്‍ വലിയൊരു പങ്കും സ്വന്തമാക്കി. കടബാധ്യത ജനങ്ങളുടേതായി. ചെെനയുടെ കടം മാത്രം പുറംകടത്തിന്റെ പത്ത് ശതമാനമായി. ചെെന ഇവരെ കടക്കെണിയില്‍ വീഴ്ത്തുകയായിരുന്നു. ടൂറിസം ദുര്‍ബലമായതോടെ പുറം പണവരവ് കുറയുകയും വിദേശ ധനക്കരുതല്‍ കുറയുകയും ചെയ്തു. അതോടെ അത്യാവശ്യ ഇറക്കുമതിയും പ്രതിസന്ധിയിലായി. വിദേശ ക്യാപ്പിറ്റല്‍ മാര്‍ക്കറ്റുകളില്‍ നിന്ന് വാണിജ്യ കടം കിട്ടാനും വിഷമമായതോടെ, ലങ്ക നിലയില്ലാ കയത്തിലേക്ക് താഴുകയായിരുന്നു.
ഘടനാപരമായ ഈ പതനം ആദ്യമൊന്നും അറിയാതെ പോയത് അവിടത്തെ രാഷ്ട്രീയ തന്ത്രംകൊണ്ടായിരുന്നു. ദേശീയ സര്‍ക്കാരും വിദേശ ധന ഏജന്‍സികളും ചേര്‍ന്ന് ജനങ്ങളില്‍ നിന്ന് സത്യം മറച്ചുവയ്ക്കുകയും ചെയ്തു. എല്ലാം താങ്ങാനാവാത്തത്രയായപ്പോഴാണ് ജനത്തിന് കാര്യം മനസിലാവുന്നത്. പിന്നെ സാധാരണ എല്ലാ രാജ്യങ്ങളിലും നടക്കുന്നതുപോലെ, കലാപമായി. ജനങ്ങള്‍ സാമ്പത്തികശാസ്ത്ര വിദഗ്ധരല്ല. അവരുടെ മുന്നില്‍ കാരണക്കാര്‍ ഭരണക്കാരാണ്. അതുകൊണ്ട് അവര്‍ അധികാരമാറ്റം ആവശ്യപ്പെടുന്നു. ഇന്നത്തെ സ്ഥിതിക്ക്, അടിസ്ഥാന സാമ്പത്തിക ദര്‍ശനത്തിലും പോളിസിയിലും മാറ്റം വരുത്താന്‍ തയാറും ശേഷിയുമുള്ള ഒരു പൊളിറ്റിക്കല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ആവശ്യമാണ്. ഇത്തരമൊരു ചെറിയ പ്രബന്ധത്തില്‍ ഒതുങ്ങാത്തത്ര സങ്കീര്‍ണ പ്രശ്നങ്ങള്‍, ശ്രീലങ്കയിലുണ്ട്. ടൂറിസം തകര്‍ന്നതോടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം, തൊഴില്‍, വരുമാനം എന്നിവയൊക്കെയും തകര്‍ന്നു. വരുമാനം കുറഞ്ഞ ശ്രീലങ്കയ്ക്ക് ഇറക്കുമതിക്ക് ഫണ്ടില്ലാതായി. ആഭ്യന്തര വ്യവസായം കുറഞ്ഞതോടെ കയറ്റുമതി വരുമാനം കുറഞ്ഞു. ഇങ്ങനെ ശൃംഖലയായി പ്രശ്നങ്ങള്‍ ഒന്ന് ഒന്നിന്മേല്‍ പിടിച്ചുവളരുന്നു. മുഖ്യധാരാ ധനശാസ്ത്രജ്ഞരുടെ ലിബറല്‍ ചായ്‌വുള്ള പരിഹാരങ്ങള്‍ ശ്രീലങ്കയെ രക്ഷിക്കാന്‍ പോകുന്നില്ല. ഐഎംഎഫ് പ്രത്യക്ഷ, പരോക്ഷ നികുതി വര്‍ധന, മാര്‍ക്കറ്റ് അധിഷ്ഠിത എനര്‍ജി വില നിശ്ചയിക്കല്‍, കറന്‍സി ഫ്ലോട്ടിങ് തുടങ്ങിയ സ്ഥിരം ജനദ്രോഹപരിപാടികള്‍ തന്നെയാണ് ‘ഫണ്ടി‘ന്റെ പരിഹാരങ്ങള്‍. അതായത് ശ്രീലങ്ക ഇനിയും ആഴക്കടലിലേക്കാണ് പോകുന്നത്. രാജപക്സെ ഒരു തെറ്റിന്റെ ആള്‍രൂപമാണ്. കൂടുതല്‍ കാതലായ സാമ്പത്തിക പുനരുജ്ജീവനവും രാഷ്ട്രീയ പൊളിച്ചെഴുത്തും മാത്രമെ വഴിയുള്ളു. ഒപ്പംതന്നെ ഒരു ‘ന്യൂജെന്‍’ സാമ്പത്തികചിന്തയും അവിടെ ഉണ്ടാവണം. സര്‍വനാശത്തിനു മുമ്പ് ഇതേ വഴിയുള്ളു.