Site iconSite icon Janayugom Online

വിദേശകടങ്ങളുടെ തിരിച്ചടവ് നിര്‍ത്തിവച്ച് ശ്രീലങ്ക

വിദേശ ക‍ടബാധ്യതകളുടെ തിരിച്ചടവ് നിര്‍ത്തിവച്ച് ശ്രീലങ്ക. ക്രെഡിറ്റ് ഡൗൺഗ്രേഡുകൾ കാരണം കൂടുതൽ വാണിജ്യ വായ്പകൾ വാങ്ങാന്‍ കഴിയാത വന്നതോടെയാണ് 51 ബില്യണ്‍ ഡോളര്‍ വിദേശ ബാധ്യതകളുടെ തിരിച്ചടവ് ശ്രീലങ്കന്‍ സര്‍ക്കാര്‍ താല്കാലികമായി നിര്‍ത്തിവച്ചത്. കടം തിരിച്ചടയ്ക്കുന്നത് വെല്ലുവിളി നിറഞ്ഞതും അസാധ്യവുമായ ഒരു ഘട്ടത്തിലെത്തിയെന്നും തിരിച്ചടവ് ഒഴിവാക്കുകയാണ് നിലവില്‍ സാധ്യമായ നടപടിയെന്നും ശ്രീലങ്കൻ സെൻട്രൽ ബാങ്ക് ഗവർണർ പി നന്ദലാൽ വീരസിംഗ അറിയിച്ചു. ഏപ്രിൽ 12 മുതൽ കുടിശ്ശികയുള്ള എല്ലാ കടങ്ങളുടെയും താൽക്കാലിക റദ്ദാക്കാല്‍ പ്രാബല്യത്തിൽ വരുമെന്ന് ധനകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ഇതുകൂടാതെ, വിദേശ സർക്കാരുകൾ ഉൾപ്പെടെയുള്ള കടക്കാർക്ക് നല്‍കേണ്ട പലിശതുക രാജ്യത്തെ മൂലധനമായി കണക്കാക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാകാതിരിക്കാനുള്ള അവസാന ആശ്രയം എന്ന നിലയിലാണ് സർക്കാർ അടിയന്തര നടപടി സ്വീകരിക്കുന്നതെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നാണയനിധിയില്‍ നിന്നുളള ധനസാഹായം ലഭ്യമാകുന്ന മുറയ്ക്ക് തിരിച്ചടവ് പുനരാംഭിക്കുമെന്നാണ് ധനമന്ത്രാലയം അറിയിച്ചിട്ടുള്ളത്. സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതികള്‍ രൂപീകരിക്കുന്നതിനും അടിയന്തര ധനസഹായത്തിനുമായി ഐഎംഎഫിനെ സമീപിച്ചതായും പ്രസ്താവനയില്‍ പറഞ്ഞു.

Eng­lish Summary:Sri Lan­ka sus­pends repay­ment of for­eign loans
You may also like this video

Exit mobile version