Site iconSite icon Janayugom Online

മതിലകം കനിവ് പുരസ്‌കാരം കളത്തറ ഗോപന് ശ്രീലങ്കന്‍ തമിഴ് കവി റിയാസ് ഖുരാന സമ്മാനിക്കും

kavikavi

അഞ്ചാമത് കൊടുങ്ങല്ലൂര്‍ മതിലകം കനിവ് കവിതാ പുരസ്‌കാരം മലയാളത്തിലെ പ്രമുഖ കവി കളത്തറ ഗോപന്. ഇരുട്ടെന്നോ വെളിച്ചമെന്നോ തീര്‍ച്ചയില്ലാത്ത ഒരാള്‍ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. മാർച്ച് മൂന്നിന് ഞായറാഴ്ച തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രശസ്ത ശ്രീലങ്കന്‍ തമിഴ് കവി റിയാസ് ഖുരാന അവാര്‍ഡ് സമര്‍പ്പിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

1972ല്‍ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് കളത്തറയിലാണ് ഗോപന്‍ ജനിച്ചത്. ആനുകാലികങ്ങളില്‍ നിരവധി കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ ചിലത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. 2006ല്‍ പ്രസിദ്ധീകരിച്ച അത് നിങ്ങളാണ്, 2011ല്‍ പ്രസിദ്ധീകരിച്ച ചിറകിലൊളിപ്പിച്ച പേന, 2016ല്‍ പ്രസിദ്ധീകരിച്ച പറന്നുനിന്നു മീന്‍ പിടിക്കുന്നവ എന്നിവയാണ് മറ്റ് പുസ്തകങ്ങള്‍.

2021ല്‍ ഷീജ എടമുട്ടത്തിനും 2022ല്‍ ബിനു എം പള്ളിപ്പാടിനും 2023ല്‍ അജിത്ത് എം. പച്ചനാടന്‍, വിഷ്ണുപ്രസാദ് എന്നിവര്‍ക്കുമാണ് മതിലകം കനിവ് പുരസ്‌കാരം ലഭിച്ചത്. 

മുതിര്‍ന്ന കവികളായ പി.എന്‍ ഗോപീകൃഷ്ണൻ, ആര്‍. ‚സെറീന എന്നിവരടങ്ങുന്ന ജൂറിയാണ്‌ അവാര്‍ഡ് നിര്‍ണ്ണയിച്ചത്. പറഞ്ഞുപഴകിയ കല്‍പ്പനകള്‍ക്കു പോലും ഗോപന്റെ കവിതകളില്‍ ചിന്തയുടെ കനമുണ്ടെന്നും ദാര്‍ശനികമായ പശ്ചാത്തലമുണ്ടെന്നും അവാര്‍ഡ് നിര്‍ണ്ണയ സമിതി വിലയിരുത്തി.

പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പ്രശസ്ത തമിഴ് കവി രാജ് കുമാര്‍, മലയാള കവികളായ എസ് കണ്ണന്‍, സി എസ് രാജേഷ്, ഡോ. രോഷ്‌നി സ്വപ്‌ന എന്നിവര്‍ പങ്കെടുക്കും.

Exit mobile version