Site iconSite icon Janayugom Online

ശ്രീലങ്കയിലെ ആദ്യത്തെ ഇടത് സര്‍ക്കാര്‍; അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്തു

ശ്രീലങ്കയിലെ ആദ്യത്തെ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി. പ്രസിഡന്റായി അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്തു.മാര്‍സ്റ്റിസ്റ്റ് ലെനിനിസ്റ്റ് കക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവാണ് അനുരകുമാര ദിസനായകെ.സാമ്പത്തിക പ്രതിസന്ധി നേരിട്ട ശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെര‍ഞ്ഞെടുപ്പിലാണ് ഇടതുസഖ്യത്തിന്റെ ചരിത്രജയം.

ശ്രീലങ്കന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സ്ഥാനാര്‍ഥിക്കും കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാം മുന്‍ഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്.2022ൽ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത്‌ നടക്കുന്ന തെരഞ്ഞെടുപ്പിലാണ് ഇടതുസഖ്യത്തിന്റെ തിളങ്ങുന്ന ജയം. തുടക്കം മുതല്‍ ദിസനായകെ തന്നെയായിരുന്നു മുന്നേറിയിരുന്നത്. 22 ജില്ലകളിലെ 13,400 പോളിങ് സ്റ്റേഷനുകളിലായി ശനിയാഴ്ചയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള പോളിങ് നടന്നത്. 

ആകെ 75% പോളിംഗ് രേഖപ്പെടുത്തി. 2022ല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. നേരത്തെ ഉള്ള ഭരണാധികാരികൾ കൈകൊണ്ട സാമ്പത്തിക നയങ്ങളുടെ ഇരയായ രാജ്യത്തെ ദിസനായകെ എങ്ങനെ മുന്നോട്ട് നയിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

അധികാരത്തുടര്‍ച്ചയ്ക്കായ് മത്സരിച്ച റനില്‍ വിക്രമസിംഗെയും ഇടതുപാര്‍ടിയായ ജെവിപിയുടെ അനുര കുമാര ദിസനായകെയും പ്രതിപക്ഷനേതാവായ സജിത് പ്രേമദാസയും മുന്‍പ്രസിഡന്റ് മഹീന്ദ രജപക്‌സെയുടെ മകന്‍ നമല്‍ രജപക്‌സെയുമാണ് മത്സരരംഗത്തുണ്ടായിരുന്നകത്.പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ് ഇത്രയും ശക്തമായ ചതുഷ്‌കോണമത്സരത്തെ അഭിമുഖീകരിച്ചത്.നേപ്പാളിന്‌ ശേഷം ഇടതുപക്ഷം അധികാരത്തിലെത്തുന്ന ഇന്ത്യയുടെ അയൽരാജ്യം കൂടി ആയി മാറുകയാണ് ശ്രീലങ്ക.

Exit mobile version