Site icon Janayugom Online

ശ്രീനിവാസന്റെ കൊലപാതകം; നാലുപേര്‍ കസ്റ്റഡിയിലായെന്ന് എഡിജിപി

ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേര്‍ കസ്റ്റഡിയിലായെന്ന് എഡിജിപി വിജയ് സാഖറെ. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും കേസില്‍ 16 പ്രതികളുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ പ്രതികളെയെല്ലാം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പോപ്പലുര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട ദിവസം രാത്രി ജില്ലാ ആശുപത്രി മോര്‍ച്ചറിയുടെ പിന്നിലുള്ള ഗ്രൗണ്ടില്‍വെച്ചാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. പിറ്റേദിവസം രാവിലെ കൊല്ലേണ്ട ആളെയും ഉറപ്പിച്ചു. ഇതില്‍ ആറുപേരാണ് ശ്രീനിവാസനെ കൊല്ലാനായി പോയതെന്നും എഡിജിപി പറഞ്ഞു.

പാലക്കാട് ജില്ലക്കാരായ ബിലാല്‍, റിസ്വാന്‍, സഹദ്, റിയാസ് ഖാന്‍ എന്നിവരാണ് നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. എന്നാല്‍, ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറുപേര്‍ക്ക് പുറമേ മറ്റ് നാലുപേര്‍ കൂടി സംഭവസ്ഥലത്തുണ്ടായിരുന്നു. ശ്രീനിവാസനെ കൊല്ലാനെത്തിയ ആറംഗസംഘത്തിന് നേരേ എന്തെങ്കിലും പ്രത്യാക്രമണമുണ്ടായാലോ പദ്ധതി പാളിയാലോ അത് നേരിടാന്‍ വേണ്ടിയാണ് നാലംഗസംഘം സമീപത്ത് നിലയുറപ്പിച്ചിരുന്നത്. കൊലപാതകത്തിന് ശേഷം പ്രതികളില്‍ ചിലര്‍ ജില്ലാ ആശുപത്രി പരിസരത്തേക്ക് തിരിച്ചെത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Eng­lish sum­ma­ry; Srini­vasan’s mur­der; The ADGP said four peo­ple were in custody

You may also like this video;

Exit mobile version