Site iconSite icon Janayugom Online

ശ്രീറാം വെങ്കിട്ടരാമന്റെ കേസ്: വിചാരണ സ്റ്റേ ചെയ്തു

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ കോടതി നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിചാരണ നടപടിയും സ്റ്റേ ചെയ്തത്. സർക്കാരിന്റെ അപ്പീൽ ഹർജിയിലാണ് കോടതി നടപടി. പ്രോസിക്യുഷൻ ഹാജരാക്കിയ രേഖകൾ ശരിയായി പരിഗണിക്കാതെയാണ് നരഹത്യ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഒഴിവാക്കി തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. 

ഐപിസി 304 പ്രകാരം നരഹത്യാക്കുറ്റം നിലനിൽക്കുമോയെന്ന് പരിശോധിക്കാമെന്ന് ഹൈക്കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വ്യക്തമാക്കിയിരുന്നു. ഇന്നലെ ഹർജി പരിഗണിച്ച കോടതി വിചാരണ നടപടി സ്റ്റേ ചെയ്ത് ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയം ‑വെള്ളയമ്പലം റോഡിലുണ്ടായ അപകടത്തിലാണ് കെ എം ബഷീർ കൊല്ലപ്പെട്ടത്. ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നരഹത്യ, തെളിവു നശിപ്പിക്കൽ, മദ്യപിച്ചു വാഹനം ഓടിക്കൽ, അമിത വേഗത്തിലുള്ള ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അന്തിമ റിപ്പോർട്ട് നൽകിയത്. 

Eng­lish Sum­ma­ry: Sri­ram Venkatara­man’s case: Tri­al stayed

You may also like this video

Exit mobile version