Site iconSite icon Janayugom Online

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചു

എസ്എസ്എൽസി, രണ്ടാം വർഷ ഹയർ സെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പരീക്ഷകൾ ആരംഭിച്ചു. സംസ്ഥാനത്തൊട്ടാകെ 2,964, ലക്ഷദ്വീപിലെ ഒമ്പത്, ഗള്‍ഫ് മേഖലയിലെ ഏഴ് വീതം കേന്ദ്രങ്ങളിലായി 4,27,021 വിദ്യാര്‍ത്ഥികളാണ് എസ്എസ്എൽസി റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നത്. 26നാണ് പരീക്ഷ അവസാനിക്കുന്നത്. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിജയാശംസകൾ നേര്‍ന്നു. ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നിന്നും പരീക്ഷ എഴുതുന്നതില്‍ 2,17,696 ആണ്‍കുട്ടികളും 2,09,325 പെണ്‍കുട്ടികളുമാണുള്ളത്. സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും 1,42,298 കുട്ടികളും എയിഡഡ് സ്കൂളുകളില്‍ നിന്നും 2,55,092 കുട്ടികളും അണ്‍ എയ്ഡഡ് സ്കൂളുകളില്‍ നിന്നും 29,631 കുട്ടികളും ഗള്‍ഫ് മേഖലയിലെ 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയിലെ 447 കുട്ടികളും റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതുന്നുണ്ട്. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്കീമില്‍ (പിസിഒ) എട്ട് കുട്ടികളുമുണ്ട്.
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് (28,358). ഏറ്റവും കുറച്ച് കുട്ടികള്‍ പരീക്ഷ എഴുതുന്നത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (1,893). ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി പികെഎംഎംഎച്ച്എസ്എസ് എടരിക്കോട്, 2,017. ഏറ്റവും കുറച്ച് വിദ്യാര്‍ത്ഥികള്‍ ഗവ. സംസ്കൃതം എച്ച്എസ് ഫോര്‍ട്ട് , തിരുവനന്തപുരം, ഒരു കുട്ടി. 

ടിഎച്ച്എസ്എല്‍സി വിഭാഗത്തില്‍ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3,057 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഹയർസെക്കന്‍ഡറി ഒന്നും രണ്ടും വർഷങ്ങളിലായി മൊത്തം 11,74,409 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. റെഗുലര്‍ പരീക്ഷയോടൊപ്പം ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയും നടക്കും. ഉച്ചക്കു ശേഷമാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷകൾ. 29നുള്ള ഒന്നാം വർഷ ഹയർ സെക്കന്‍ഡറി ഇംഗ്ലീഷ് പരീക്ഷയുടെ സമയക്രമം രാവിലെ 09.30 മുതൽ 12.15 വരെയാണ്.

Exit mobile version