Site iconSite icon Janayugom Online

എസ്എസ്എൽസി: മൂല്യനിർണയം ഏപ്രിൽ മൂന്നു മുതൽ

examexam

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ മാര്‍ച്ച് ഒമ്പത് മുതല്‍ 29 വരെ നടക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എസ്എസ്എല്‍സി, ഹയർ സെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പരീക്ഷകൾക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായെന്നും മന്ത്രി പറഞ്ഞു. ഒന്നും രണ്ടും വർഷ ഹയർ സെക്കന്‍ഡറി പരീക്ഷ മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കും. വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പരീക്ഷ മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും.
രാവിലെ 9.30ന് എസ്എസ്എൽസി പരീക്ഷ ആരംഭിക്കും. 4,19,362 റെഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷയെഴുതും. ഇതിൽ 2,13,801 ആൺകുട്ടികളും 2,05,561 പെൺകുട്ടികളുമാണുള്ളത്. സർക്കാർ മേഖലയിൽ 1,170, എയ്ഡഡ് മേഖലയിൽ 1,421, അൺഎയ്ഡഡ് മേഖലയിൽ 369 എന്നിങ്ങനെ ആകെ 2,960 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്കൂളുകളിലായി 289 വിദ്യാർത്ഥികളും പരീക്ഷയെഴുതുന്നുണ്ട്. എസ്എസ്എൽസി പരീക്ഷയുടെ ഭാഗമായ ഐടി പരീക്ഷ ഫെബ്രുവരി 15 മുതൽ 25 വരെയുള്ള ദിവസങ്ങളിലായി കുറ്റമറ്റ രീതിയിൽ പൂർത്തീകരിച്ചെന്നും മന്ത്രി പറഞ്ഞു. 

എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രിൽ മൂന്നു മുതൽ 26 വരെ നടക്കും. 18,000ത്തില്പരം അധ്യാപകരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. മൂല്യനിർണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ ഏപ്രിൽ അഞ്ച് മുതൽ പരീക്ഷാ ഭവനിൽ ആരംഭിക്കും. ടാബുലേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം മേയ് രണ്ടാം വാരത്തിൽ ഫലം പ്രസിദ്ധീകരിക്കും.
2023 പരീക്ഷ കേന്ദ്രങ്ങളിലായി 4,25,361 വിദ്യാർത്ഥികൾ ഇത്തവണ ഒന്നാം വർഷ ഹയർ സെക്കന്‍ഡറി പരീക്ഷയും 4,42,067 വിദ്യാർത്ഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും. രാവിലെ 9.30 ന് പരീക്ഷകൾ ആരംഭിക്കും. ഹയർ സെക്കന്‍ഡറി തലത്തിൽ ഏപ്രിൽ മൂന്ന് മുതൽ മേയ് ആദ്യ വാരം വരെ മൂല്യനിർണയ ക്യാമ്പുകൾ നടക്കും. 80 ക്യാമ്പുകൾ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. 25,000 അധ്യാപകരുടെ സേവനം മൂല്യനിർണയ ക്യാമ്പുകളിലുണ്ടാകും.
വൊക്കേഷണൽ ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷത്തിൽ 28820 ഉം രണ്ടാം വർഷത്തിൽ 30740 ഉം വിദ്യാർത്ഥികൾ പരീക്ഷ എഴുതും. എട്ട് മൂല്യനിർണയ കേന്ദ്രങ്ങളിലായി 3,500 അധ്യാപകർ വേണ്ടി വരും. ഏപ്രിൽ മൂന്ന് മുതൽ മൂല്യനിർണയം ആരംഭിക്കും. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ മാർച്ച് 13 ന് ആരംഭിച്ച് 30 ന് അവസാനിക്കും. 

Eng­lish Sum­ma­ry: SSLC: Eval­u­a­tion from 3rd April

You may also like this video

Exit mobile version