Site iconSite icon Janayugom Online

പഴുതടച്ച ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തണം

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകൾ കൃത്യമായി നടത്തിയിരുന്നെങ്കിൽ ഒരു ജീവൻ പൊലിയില്ലായിരുന്നുവെന്ന് ഹൈക്കോടതി. സുരക്ഷാ പരിശോധനക്ക് മതിയായ സ്ക്വാഡുകളുണ്ടായിട്ടും ഇത്തരം അപകടങ്ങൾ എങ്ങിനെയാണുണ്ടാകുന്നത്. ഭക്ഷ്യ വിഷബാധ പോലുള്ള ദുരന്തങ്ങൾ ഇനി ഉണ്ടാകാത്ത വിധമുള്ള നടപടികളാണ് ഉണ്ടാകേണ്ടതെന്ന് ഡിവിഷൻബെഞ്ച് നിരീക്ഷിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കുന്ന നടപടികൾ അറിയിക്കണമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പിനോട് കോടതി നിർദേശിച്ചു.

കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ദേവനന്ദയെന്ന പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വമേധയ സ്വീകരിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. പെൺകുട്ടിയുടെ മരണത്തിനിടയാക്കിയ ഷവർമ വില്പന നടത്തിയ സ്ഥാപനത്തിന്റെ ലൈസൻസ് കാലാവധി ആറ് മാസം മുമ്പ് അവസാനിച്ചിരുന്നുവെന്നതടക്കം ചൂണ്ടിക്കാട്ടി ഭക്ഷ്യ സുരക്ഷ വകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ പരാമർശമുണ്ടായത്. ഷവർമ വില്പന നടത്തിയ ഐഡിയൽ കൂൾ ബാർ എന്ന സ്ഥാപനത്തിനും ഇവർക്ക് ചിക്കൻ വിതരണം ചെയ്യുന്ന ബദരിയ ചിക്കൻ സെന്ററിനും ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഉണ്ടായിരുന്നില്ല.

ഐഡിയൽ കൂൾ ബാറിന്റെ ലൈസൻസ് കാലാവധി 2021 ഒക്ടോബർ 30ന് കഴിഞ്ഞിരുന്നതായും ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മിഷണർ പി ഉണ്ണികൃഷ്ണൻ നായർ ഹൈക്കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ പറയുന്നു. ലൈസൻസ് കാലാവധി അവസാനിച്ചെങ്കിലും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള ശുചിത്വ നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് വിലയിരുത്തിയാണ് ലൈസൻസ് പുതുക്കി നൽകാതിരുന്നത്. ഏപ്രിൽ 29ന് ഈ സ്ഥാപനത്തിൽ 80 കിലോ ചിക്കൻ ഷവർമയുണ്ടാക്കിയെന്നും വൈകിട്ട് ഏഴുമണിയോടെ വിറ്റു തീർന്നെന്നുമാണ് കടയുടമ വ്യക്തമാക്കിയിട്ടുള്ളത്. ഷവർമ കഴിച്ച 40 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ 32 സ്ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്. ഓരോ സ്ക്വാഡിലും രണ്ടോ മൂന്നോ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരുണ്ട്. കാസർകോട് സംഭവത്തിന് ശേഷം സംസ്ഥാനത്താകെ നാല് ദിവസത്തിനുള്ളിൽ 500 പരിശോധനകൾ നടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. പരിശോധനയെ തുടർന്ന് ഭക്ഷണം തയാറാക്കുന്ന 43 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. കേടായ 115 കിലോയോളം മാംസം നശിപ്പിച്ചു. ലാബ് പരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

നിയമം പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. സുരക്ഷിത ഭക്ഷണത്തിന്റെ കാര്യത്തിൽ സംസ്ഥാനം ദേശീയ തലത്തിൽ രണ്ടാം സ്ഥാനത്താണെന്നും ഫുഡ് സേഫ്റ്റി കമ്മിഷണറുടെ വിശദീകരണത്തിൽ പറയുന്നു. കാര്യക്ഷമമായി പ്രവർത്തിച്ചാൽ എത്ര പരിശോധന നടത്താൻ കഴിയുമായിരുന്നുവെന്ന് നാല് ദിവസം കൊണ്ട് 115 കിലോ കേടായ മാംസം പിടിച്ചെടുത്തെന്ന റിപ്പോർട്ട് പരാമർശിച്ച് കോടതി ആരാഞ്ഞു.

Eng­lish sum­ma­ry; Stale food safe­ty inspec­tions should be car­ried out

You may also like this video;

Exit mobile version