Site iconSite icon Janayugom Online

കൊച്ചിയില്‍ പഴകിയ ഇറച്ചി പിടികൂടി; കടയ്ക്ക് ലൈസന്‍സോ മറ്റ് രേഖകളോ ഇല്ലെന്ന് കണ്ടെത്തി

കൊച്ചിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഇറച്ചിക്കടയില്‍ നിന്ന് പഴകിയ ഇറച്ചി പിടികൂടി. നെട്ടൂരില്‍ ഇറച്ചിക്കടയില്‍ നിന്നാണ് എട്ട് കിലോഗ്രാം പഴകിയ, ദുര്‍ഗന്ധം വമിക്കുന്ന ഇറച്ചി പിടികൂടിയത്. മരട് നഗരസഭ ആസ്ഥാനത്തിന് സമീപം പ്രവര്‍ത്തിക്കുന്ന കടയില്‍ നിന്നാണ് ദുര്‍ഗന്ധം വമിക്കുന്ന പഴകിയ ഇറച്ചി പിടികൂടിയത്. നെട്ടൂര്‍ സ്വദേശി ഷെരീഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. കടയില്‍ നിന്നും ഇറച്ചി വാങ്ങിയവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ ഇറച്ചി കണ്ടെത്തിയത്. 

രാവിലെ ഇറച്ചി വാങ്ങിയവര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ നിറവ്യത്യാസവും ദുര്‍ഗന്ധവും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭയിലെ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയില്‍ കടയില്‍ സൂക്ഷിച്ചിരുന്ന പഴയ ഇറച്ചിയാണെന്ന് കണ്ടെത്തിയത്. പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ച ശേഷം ഇറച്ചി നശിപ്പിച്ചു. പരിശോധനാഫലം ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ലൈസന്‍സോ മറ്റ് രേഖകളോ ഇല്ലാതെയാണ് കട പ്രവര്‍ത്തിച്ചിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry; Stale meat seized in Kochi
You may also like this video

Exit mobile version