Site iconSite icon Janayugom Online

പൊതുവിപണി വില്പന പദ്ധതി വഴി കേന്ദ്രം നല്‍കിയത് പഴകിയ അരി

ricerice

പൊതുവിപണി വില്പന പദ്ധതി വഴി (ഒഎംഎസ്എസ്) വഴി ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ സപ്ലൈകോയ്ക്ക് അനുവദിച്ചത് പഴകിയ അരിയാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കഴിഞ്ഞ ഒരു വർഷക്കാലമായി ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം പ്രകാരം എഫ്‌സിഐ മുഖേന നൽകിവന്നിരുന്ന ഭക്ഷ്യധാന്യവിതരണം കേന്ദ്രസർക്കാർ നിർത്തിവച്ചിരിക്കുകയായിരുന്നു. ഭക്ഷ്യകമ്മി സംസ്ഥാനമായ കേരളത്തെ ഈ നടപടി ദോഷകരമായി ബാധിക്കുകയും ചെയ്തിരുന്നു. കേന്ദ്ര ഭക്ഷ്യമന്ത്രിയെ നേരിൽ കണ്ടതിന്റെയും കത്തുകൾ മുഖേനയുമുള്ള സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് കേന്ദ്രസർക്കാര്‍ ജൂലൈ ഒന്ന് മുതല്‍ വീണ്ടും ആരംഭിച്ചത്. എന്നാല്‍ അരി വിട്ടെടുക്കുന്നതിനായി സപ്ലൈകോ അധികൃതർ ഗോഡൗണുകളിൽ എത്തിയപ്പോഴാണ് ഇതിനായി മാറ്റിവച്ചിട്ടുള്ള അരി വിതരണ യോഗ്യമല്ലെന്ന് കണ്ടെത്തിയത്. 

സംസ്ഥാനത്തെ വിവിധ എഫ്‌സിഐ ഗോഡൗണുകളിൽ ഒഎംഎസ്എസിനായി നീക്കി വച്ചിട്ടുള്ള അരിയുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് സപ്ലൈകോ ക്വാളിറ്റി അഷ്വറന്‍സ് മാനേജറെയും റേഷനിങ് കൺട്രോളറെയും ചുമതലപ്പെടുത്തി. ഇവരുടെ പരിശോധനയിൽ ഒഎംഎസ്എസ് വിതരണത്തിനായി കഴക്കൂട്ടം എഫ്‌സിഐ ഗോഡൗണില്‍ സൂക്ഷിച്ചിട്ടുള്ള അരി ഒഴികെ ബാക്കി ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുള്ള അരി വിതരണ യോഗ്യമല്ലെന്ന് കണ്ടെത്തി. കഴക്കൂട്ടം ഡിപ്പോയിൽ സൂക്ഷിച്ചിട്ടുള്ള അരി മിൽ ക്ലീനിങ്ങിന് ശേഷം വിതരണം ചെയ്യാനായി നടപടിയാരംഭിച്ചെങ്കിലും തുക അടയ്ക്കാൻ എത്തിയപ്പോൾ ഒരു കിലോ അരിക്ക് 31.73 രൂപ അടയ്ക്കണമെന്ന് എഫ്‌സിഐ അറിയിച്ചു. ഇതിന് പുറമെ ഗതാഗത കൈകാര്യച്ചെലവ്, ക്ലീനിങ് ചെലവ് എന്നീ ഇനങ്ങളിൽ കിലോയ്ക്ക് മൂന്ന് രൂപ ചെലവ് വരും. കൂടാതെ മിൽ ക്ലീനിങ് നടത്തുമ്പോൾ ഭക്ഷ്യധാന്യത്തിന്റെ അളവിൽ 10 ശതമാനം വരെ കുറവുണ്ടാകും. 

ഇത്തരത്തില്‍ പല വിധത്തിലും നടപടികള്‍ പൂര്‍ത്തിയാക്കി പച്ചരി എഫ്‌സിഐ ഗോഡൗണില്‍ നിന്ന് എടുക്കുമ്പോൾ സപ്ലൈകോക്ക് ഒരു കിലോയ്ക്ക് 37.23 ചെലവ് വരും. എന്നാൽ ഇ ടെൻഡറിങ്ങിലൂടെ സപ്ലൈകോയ്ക്ക് ശരാശരി 35–36 രൂപയ്ക്ക് പച്ചരി ലഭിക്കും. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഒഎംഎസ്എസ് പ്രകാരം അനുവദിച്ച പച്ചരി എടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം പ്രകാരം എഫ്‌സിഐ മുഖേന നൽകി വന്നിരുന്ന ഭക്ഷ്യധാന്യവിതരണം പുനഃസ്ഥാപിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ആവശ്യം കേന്ദ്രസർക്കാർ പരിഗണിച്ചെങ്കിലും അതിന്റെ ഗുണം സംസ്ഥാനത്തിന് ലഭിക്കാത്ത സാഹചര്യമാണ് നിലവിൽ ഉണ്ടായിട്ടുള്ളതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Exit mobile version