Site iconSite icon Janayugom Online

വ്യവസായ പാർക്കുകളിൽ നിർമ്മാണ യൂണിറ്റുകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടിയും ഫീസും ഒഴിവാക്കി

സംസ്ഥാനത്തെ സർക്കാർ വ്യവസായ പാർക്കുകളിലും വിജ്ഞാപനം ചെയ്ത സ്വകാര്യ വ്യവസായ പാർക്കുകളിലും നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും പൂർണമായി ഒഴിവാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2023ലെ പുതിയ വ്യവസായ നയത്തിന്റെ ഭാഗമായാണ് ഇത്. സംരംഭങ്ങൾ ആരംഭിക്കുന്നത് എളുപ്പമാക്കുന്നതിനൊപ്പം സംരംഭകർക്ക് വിപുലമായ സാമ്പത്തികാനുകൂല്യങ്ങൾ നൽകുന്നതിനും സർക്കാർ നിശ്ചയദാർഢ്യത്തോടെ ഇടപെടുന്നതിന്റെ ഉദാഹരണമാണ് തീരുമാനമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. 

22 മുൻഗണനാ മേഖലകളാണ് വ്യവസായ നയത്തിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഇവയ്ക്കായി 18 ഇനം ഇൻസെന്റീവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആനുകൂല്യങ്ങളിൽ പ്രധാനപ്പെട്ടതാണ് സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസുകൾ പൂർണമായി ഒഴിവാക്കുന്ന നടപടി. ഇതു സംബന്ധിച്ച കെഎസ്ഐഡിസിയുടെ ശുപാർശ പരിശോധിച്ച ധനകാര്യ, രജിസ്ട്രേഷൻ വകുപ്പുകൾ ഇളവുകൾ അനുവദിക്കാൻ ശുപാർശ ചെയ്തിരുന്നു. സംസ്ഥാനത്തെ നിക്ഷേപാന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇളവ് വഴിയൊരുക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായ പാർക്കുകളിലെ സംരംഭങ്ങൾക്ക് ലഭിക്കുന്ന പിന്തുണ ഇതിലൂടെ പലമടങ്ങ് വർധിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

Exit mobile version