Site icon Janayugom Online

ആരാം പദ്ധതിക്ക് തുടക്കം

വയോജന മന്ദിരങ്ങളിലും മറ്റു ക്ഷേമ സ്ഥാപനങ്ങളിലും നടപ്പാക്കുന്ന ജൈവ പച്ചക്കറി കൃഷി പദ്ധതിയുടെ (ആരാം) ഉദ്ഘാടനം കൃഷി മന്ത്രി പി പ്രസാദ് നിർവഹിച്ചു. അന്താരാഷ്ട്ര വയോജന മാസാചരണത്തിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പും കാർഷിക വകുപ്പും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. കൃഷിയെ ഹോർട്ടികൾച്ചർ തെറാപ്പി എന്ന രീതിയിൽ പ്രയോജനപ്പെടുത്താനാകണമെന്നും മനസിൻറെയും ശരീരത്തിൻറെയും ആരോഗ്യം ഉറപ്പാക്കാൻ ഇതുവഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ക്ഷേമ സ്ഥാപനങ്ങളിലെ മികച്ച കർഷകരായ ജാനകിയമ്മ (ഗാന്ധി ഭവൻ സ്നേഹവീട്), പ്രഭാകരൻ (അഖില കേരള വൃദ്ധ സദനം), ആർ രാധാകൃഷ്ണൻ (സ്നേഹധാര) എന്നിവരെ മന്ത്രി ആദരിച്ചു. ക്ഷേമ സ്ഥാപനങ്ങൾക്ക് പച്ചക്കറി തൈകളും വിത്തുകളും ചടങ്ങിൽ വിതരണം ചെയ്തു.

എച്ച് സലാം എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കലക്ടർ എ അലക്സാണ്ടർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി എസ്. താഹ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ ശ്രീരേഖ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബിജി ജോയ്, സാമൂഹ്യനീതി ഓഫീസർ എ ഒ അബീൻ, പ്രൊബേഷൻ ഓഫീസർ ജയകുമാർ, സാമൂഹ്യനീതി വകുപ്പ് സീനിയർ സൂപ്രണ്ട് എം എൻ ദീപു, ഫാ. ജോർജ് ജോഷ്വ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version