Site iconSite icon Janayugom Online

ഞെട്ടി സ്ത്രീകൾ, ലേഡീസ് കംപാർട്ട്മെന്‍റിന്‍റെ പുറത്ത് ജനലിൽ പെട്ടെന്നൊരു കൈ; അതിക്രമിച്ച് കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ലേഡീസ് കംപാർട്ട്‌മെന്‍റിൽ അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയും വനിതാ യാത്രക്കാരെ അസഭ്യം പറയുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. സെപ്റ്റംബർ 11ന് വിരമനഗരം-ദാദർ ഫാസ്റ്റ് ലോക്കൽ ട്രെയിനിലാണ് സംഭവം. ബോറിവലി റെയിൽവേ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഗുജറാത്തിലെ വൽസാദ് സ്വദേശിയായ 35 വയസുള്ള നാഥു ഹൻസയാണ് അറസ്റ്റിലായത്. സഹോദരിയുടെ വീട്ടിൽ പോകാനായാണ് ഇയാൾ ബാന്ദ്രയിൽ എത്തിയത്.

ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. കോടതി ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും തൊഴിൽരഹിതനാണെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 24നാണ് കേസ് രജിസ്റ്റർ ചെയ്തത്. എഫ്ഐആർ ഫയൽ ചെയ്തതിന് ശേഷം ബോറിവലി റെയിൽവേ പൊലീസ് ഒരു പ്രത്യേക സംഘം രൂപീകരിച്ചു. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ നിന്ന് ലഭിച്ച പ്രതിയുടെ ഫോട്ടോ ഉപയോഗിച്ച്, മുഖം തിരിച്ചറിയൽ സംവിധാനം വഴി പൊലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Exit mobile version