Site iconSite icon Janayugom Online

സ്റ്റാര്‍ട്ടപ്പ് നിക്ഷേപം കുറയുന്നു

ഇന്ത്യൻ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള വിദേശനിക്ഷേപം കഴിഞ്ഞ ഏഴ് വര്‍ഷത്തെ താഴ്ന്ന നിലയില്‍. 2023ലെ നാലാം പാദത്തിലെ(ഡിസംബര്‍ അഞ്ച്) കണക്കുകളാണ് ഗവേഷകരായ ട്രൈക്സണ്‍ പുറത്തുവിട്ടിരിക്കുന്നത്. 2016ലെ മൂന്നാം പാദത്തിലാണ് ഇതിന് മുമ്പ് സ്റ്റാര്‍ട്ടപ്പ് നിക്ഷേപത്തില്‍ ഏറ്റവും കുറവുണ്ടായത്.

എന്നാല്‍ സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങളിലെ കുറവ് ഇന്ത്യയില്‍ മാത്രമുള്ളതല്ലെന്നും യുഎസ്, യുകെ, ചൈന, ദക്ഷിണകിഴക്കൻ ഏഷ്യ തുടങ്ങിയ മേഖലകളില്‍ ഇത് പ്രകടമാണെന്നും ട്രൈക്സണ്‍ സഹസ്ഥാപക നേഹ സിങ്ങിനെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2023ല്‍ സ്റ്റാര്‍ട്ടപ്പ് നിക്ഷേപത്തില്‍ ഇന്ത്യയില്‍ 73 ശതമാനം കുറവാണ് ഉണ്ടായത്. 2022ല്‍ 2500 കോടി ഡോളര്‍ നിക്ഷേപമുണ്ടായിരുന്നത് 2023ഓടെ 700 കോടി ഡോളറായി ചുരുങ്ങി.

ഫിൻടെക്, റീട്ടെയില്‍, എന്റര്‍പ്രൈസ് ആപ്ലിക്കേഷൻസ്, എൻവയോണ്‍മെന്റ് ടെക്, സ്പേസ് ടെക് തുടങ്ങിയ മേഖലകളില്‍ ഫണ്ടിങ് ക്രമാതീതമായി കുറഞ്ഞു. 2023ല്‍ ഫിൻടെക് മേഖലയ്ക്ക് 210 കോടി ഡോളറിന്റെ നിക്ഷേപമാണ് ലഭിച്ചത്. 2022ല്‍ ഇത് 580 കോടി ഡോളറായിരുന്നു. ഫോണ്‍പേയായിരുന്നു കൂടുതല്‍ ഫണ്ട് നേടിയ കമ്പനി. റീറ്റെയില്‍ മേഖലക്ക് 190 കോടി ഡോളര്‍ കോടിയാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. 2022നേക്കാള്‍ 67 ശതമാനത്തിന്റെ കുറവുണ്ടായി. ഈ മേഖലയില്‍ കൂടുതല്‍ ഫണ്ട് നേടിയ കമ്പനി ലെൻസ്‌കാര്‍ട്ട് ആയിരുന്നു.

അതേസമയം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം ലഭിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറിയതായും ട്രൈക്സണ്‍ പറയുന്നു. 2021ലും 22ലും ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. ടൈഗര്‍ ഗ്ലോബല്‍, സോഫ്റ്റ് ബാങ്ക് തുടങ്ങിയ നിക്ഷേപകര്‍ പിൻവലിയാൻ ആരംഭിച്ചതോടെ കുറച്ചു നാളുകളായി പ്രവര്‍ത്തിച്ചു വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തിരിച്ചടി നേരിട്ടതായും ദി ഇക്കണോമിക് ടൈംസ് ചൂണ്ടിക്കാണിക്കുന്നു.

Eng­lish Sum­ma­ry: Start­up investment
You may also like this video

Exit mobile version