Site iconSite icon Janayugom Online

പട്ടിണി: ഓരോ നാല് സെക്കന്‍ഡിലും ഒരാള്‍ മരിക്കുന്നു

starvationstarvation

പട്ടിണി മൂലം ഒരോ നാല് സെക്കന്‍ഡിലും ഒരാള്‍ വീതം മരിക്കുന്നുവെന്ന് എന്‍ജിഒകളുടെ മുന്നറിയിപ്പ്. ആഗോള ഭക്ഷ്യ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ഇടപെടണമെന്നാവശ്യപ്പെട്ട് 75 രാജ്യങ്ങളിലെ 238 സംഘടനകള്‍ യുഎന്നിന് തുറന്ന കത്തയച്ചു.
ഓക്സ്ഫാം, സേവ് ദ ചില്‍ഡ്രന്‍, പ്ലാന്‍ ഇന്റര്‍നാഷണല്‍ തുടങ്ങിയ എന്‍ജിഒകളാണ് വര്‍ധിച്ചു വരുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥയിലും കുതിച്ചുയരുന്ന പട്ടിണിനിരക്കിലും ആശങ്കയറിയിച്ച് യുഎന്‍ പൊതുസഭയ്ക്ക് കത്തയച്ചത്.
34.5 കോടി ജനങ്ങള്‍ കൊടും പട്ടിണിയിലാണ്. 2019 മുതല്‍ പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ ഇരട്ടിപ്പുണ്ടായെന്നും കത്തില്‍ പറയുന്നു. 21-ാം നൂറ്റാണ്ടില്‍ ഇനിയൊരിക്കലും പട്ടിണിയുണ്ടാകില്ലെന്ന് ലോകനേതാക്കള്‍ ഉറപ്പുനല്‍കിയിട്ടും സൊമാലിയ കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ലോകമെമ്പാടും അഞ്ച് കോടിയാളുകള്‍ പട്ടിണിയുടെ വക്കിലാണ്, കത്തില്‍ പറയുന്നു.
പട്ടിണിയെ തുടര്‍ന്ന് ഒരു ദിവസം ഏകദേശം 19,700 പേരാണ് മരിക്കുന്നത്. അതായത് ഒരോ നാല് സെക്കന്‍ഡിലും ഒരാള്‍ വീതം മരിക്കുന്നു. കൃഷിയ്ക്കും വിളവെടുപ്പിനും എല്ലാത്തരം സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്ന നമ്മള്‍ ഇപ്പോഴും പട്ടിണിയെക്കുറിച്ച് സംസാരിക്കേണ്ടിവരുന്നത് ദയനീയമാണെന്ന് യെമന്‍ ഫാമിലി കെയര്‍ അസോസിയേഷന്‍ പ്രതിനിധി മൊഹന്ന അഹമ്മദ് അലി ഇല്‍ജാബ്ലി പറഞ്ഞു.
ഇത് ഏതെങ്കിലും ഒരു രാജ്യത്തിന്റെയോ ഭൂഖണ്ഡത്തിന്റെയോ മാത്രം അവസ്ഥയല്ല. ഏതെങ്കിലും ഒരു കാരണം കൊണ്ടുമാത്രമല്ല പട്ടിണിയുണ്ടാകുന്നത്. ജീവന്‍ രക്ഷിക്കുന്നതിനുള്ള അടിയന്തര ഉപാധിയായി ഭക്ഷണം വിതരണം ചെയ്യുകയും ദീര്‍ഘകാല പിന്തുണ ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്, കത്തില്‍ പറയുന്നു. 

Eng­lish Sum­ma­ry: Star­va­tion: One per­son dies every four seconds

You may also like this video

Exit mobile version