ജീവൻ നിലനിർത്തുന്നതിനുള്ള പ്രധാന ഉപാധിയായ ഭക്ഷണമില്ലാതെ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പട്ടിണിയിലാണ്. യഥാർത്ഥത്തിൽ ഭൂരിഭാഗം പ്രദേശങ്ങളും ആശങ്കാജനകമായ വിഭഗത്തിലാണ്. ഈ താഴ്ന്ന വിഭാഗത്തിൽപ്പെടുന്ന കാൽലക്ഷത്തോളം പേർ പ്രതിദിനം മരിക്കുന്നുണ്ട്. അവരിൽ 10, 000ത്തിലധികം കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. വളരെ കുറച്ച് പ്രദേശങ്ങൾ മാത്രമാണ് മിതമായത് എന്ന വിഭാഗത്തിൽപ്പെടുന്നത്. ഭയാനകമായ സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്ന തീരെ പട്ടിണിയുള്ള വിഭാഗം എല്ലായിടത്തുമുണ്ട്.
ലോകത്തെ ഏറ്റവും കൂടുതൽ ഭക്ഷ്യോല്പാദനം നടക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന വൈരുധ്യവുമുണ്ട്. 30 സ്കോറുമായി 117ൽ 102-ാം സ്ഥാനത്താണ് നമ്മുടെ രാജ്യമെന്നതും വസ്തുതയാണ്. 2019ൽ ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ എന്നീ മൂന്ന് രാജ്യങ്ങളെക്കാൾ താഴെയാണ് ഇന്ത്യയുടെ സ്ഥാനം. 2021ൽ ഈ രാജ്യങ്ങൾ നില കൂടുതൽ മെച്ചപ്പെടുത്തുകയും നമുക്ക് മുകളിൽതന്നെ നിൽക്കുകയും ചെയ്തു. നമ്മുടെ റാങ്ക് 27.3ലേക്ക് താഴുകയും ചെയ്തു. കോവിഡിന് മുമ്പ് തന്നെ പട്ടിണി അശുഭ യാഥാർത്ഥ്യമായിരുന്നു എന്നതാണ് വസ്തുത. തൊഴിലില്ലായ്മ എല്ലാ ശുഭാപ്തി വിശ്വാസങ്ങളെയും തകർക്കുകയും ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്ക് പതിക്കുവാൻ നിർബന്ധിതമാക്കുകയും ചെയ്തു.
കുഞ്ഞുനാളിൽ ആരംഭിക്കുന്ന പോഷകാഹാരക്കുറവ് ജീവിത കാലയളവിലേക്ക് മുഴുവൻ പടരുന്നു. യുവത്വത്തെയും മാനസിക വളർച്ചയെയും തകർക്കുന്ന ഈ സാഹചര്യം അവസാനം മുരടിപ്പിന് കാരണമാകുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്തെ 80 ശതമാനം പേരെങ്കിലും ചെറിയ തോതിലുള്ള പോഷകാഹാരക്കുറവ് മൂലം കഷ്ടപ്പെടുന്നവരാണെന്നാണ് പഠനം. ഒളിഞ്ഞിരിക്കുന്ന വിശപ്പിന്റെ ലക്ഷണമാണിത്. പ്രായപൂർത്തിയുടെ പടിവാതിൽക്കൽ നിൽക്കുന്നവർ ഭാവി ജീവിതത്തിനായുള്ള സേവന പ്രക്രിയ രൂപപ്പെടുത്തുന്നവർ മാത്രമല്ല, അടുത്ത തലമുറ നായകരുമാണ്. ഉറച്ച വൈജ്ഞാനിക ശേഷിയും സമൂഹത്തെയും രാജ്യത്തെയും നയിക്കുവാൻ കരുത്തുമുള്ള തലമുറയായി അവരെ മാറ്റണമെങ്കിൽ അനുയോജ്യമായ ഭക്ഷണം അവർക്ക് ലഭ്യമാക്കേണ്ടതുണ്ട്. യുവതലമുറ പോഷകാഹാരക്കുറവ് നേരിടുന്നുവെങ്കിൽ ജനസംഖ്യാപരമായ നേട്ടം ഉപയുക്തമാക്കാൻ സാധിക്കില്ല തന്നെ.
ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് കടന്നുപോകുന്ന അപകടകരമായ ഒന്നാണ് വിശപ്പ്. വിട്ടുമാറാത്ത പട്ടിണിയും പോഷകാഹാരക്കുറവും കാരണം പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് അവരുടെ മനസിനും ശരീരത്തിനും ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ പോകുന്നു. ഇത് ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ നിന്ന് അവരെ തടയുകയോ ജീവിതം മെച്ചപ്പെടുത്താൻ സാധിക്കാതെ വരികയോ ചെയ്യുന്നു.
അധ്വാനമാണ് ജനസംഖ്യയിലെ മഹാഭൂരിപക്ഷത്തിന്റെയും പ്രധാന ജീവിത സ്രോതസ്. അതിനാൽ തൊഴിലാളികളെ ഉയർന്ന ഉല്പാദനക്ഷമതയുള്ളവരാക്കുന്നതിലൂടെ അവരുടെ വരുമാനം ഉയർത്തുന്നതിന് സാധിക്കുന്നു. ഈ സാഹചര്യം ദീർഘകാലം നിലനിൽക്കുകയാണെങ്കിൽ, ദാരിദ്ര്യം സ്വയമേവ കുറയും. കൂടാതെ ക്രമത്തിൽ ആളോഹരി വരുമാനം ഉയർന്ന തോതിലെത്തുകയും ചെയ്യും. എന്നാൽ നമ്മുടെ പല ക്ഷേമ പദ്ധതികളും ഗുണപ്രദമല്ലാതാകുകയോ ഉള്ളവർക്കുമാത്രമായി പ്രാപ്യമാക്കുകയോ ചെയ്യുകയാണ്.
ഉദാഹരണങ്ങൾ ധാരാളമാണ്. മഹാമാരിയുടെ കാലത്ത് (കോവിഡ് നാളുകളിൽ) തൊഴിലില്ലായ്മയും പട്ടിണിയും നടമാടുന്ന ഘട്ടത്തിൽ, ജനസാമാന്യത്തിന് സ്വന്തമെന്ന് പറയാൻ ഒരുപാധിയുമില്ലാതിരുന്ന സമയത്തും അംബാനിയും അഡാനിയും പോലെയുള്ളവർ സാധാരണയെക്കാൾ നേട്ടമുണ്ടാക്കിയത് നാം കണ്ടതാണ്.
ഭൂരിഭാഗം ദരിദ്ര രാജ്യങ്ങളുടെയും സവിശേഷത കുറഞ്ഞ നിരക്കിലുള്ള നഗരവൽക്കരണവും കൃഷിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര ഉല്പാദനത്തിലും (അല്ലെങ്കിൽ ജിഡിപി) തൊഴിലവസരങ്ങളിലും സാധ്യമാകുന്ന ഉയർന്ന നിലവാരവുമാണ്. വ്യാവസായികവൽക്കരണവുമായി ബന്ധപ്പെട്ട ഘടനാപരമായ ഈ മാറ്റങ്ങളെക്കുറിച്ച് ചരിത്രകാരന്മാർ എഴുതുന്നുണ്ട്: ഉല്പാദനമേഖലയിലോ സേവന മേഖലകളിലോ തൊഴിൽ ലഭിക്കുന്നതിനുവേണ്ടി കൂടുതൽ ഉല്പാദനക്ഷമതയിലേക്കുള്ള കാർഷിക തൊഴിലാളികളുടെ മുന്നേറ്റത്തെക്കുറിച്ചാണത്. എല്ലായിടത്തും ആവശ്യാനുസരണം സാധനങ്ങൾ ഉല്പാദിപ്പിച്ച് സമ്പദ്‌വ്യവസ്ഥയെ നവീകരിക്കുകയാണ് ചെയ്യുന്നത്. അനൗപചാരിക ജോലിയും സ്വയം തൊഴിലും ക്രമേണ ഔപചാരിക തൊഴിലിന്റെ പ്രധാന പങ്ക് വഹിക്കുന്നു. എങ്കിലും അവർ ഇപ്പോഴും അനൗപചാരിക തൊഴിലാളികളായി തുടരുകയും ഓരോ തൊഴിലാളിയുടെയും ഉല്പാദനം ഉയരുകയും ചെയ്യുന്നു. പക്ഷേ ഇന്ത്യയിൽ, കഴിഞ്ഞ പത്ത് വർഷമായി ഇതുമായി ബന്ധപ്പെട്ട മുഴുവൻ പ്രക്രിയയും തടസപ്പെട്ടിരിക്കുകയാണ്.
ദാരിദ്ര്യം കുറയ്ക്കുന്നതിനുള്ള പ്രക്രിയയിൽ കുറഞ്ഞ വളർച്ച ഉയർന്ന വളർച്ചയെക്കാൾ കുറഞ്ഞ ഫലമേ പ്രദാനം ചെയ്യുന്നുള്ളൂ എന്നത് സ്വാഭാവികമായ ഒരു സൂചനയാണ്. ഉദാരവൽക്കരണാനന്തര കാലഘട്ടത്തിലെ ഇന്ത്യയുടെ അനുഭവം ഇത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് കൂടുതൽ ലാഭം ലഭിക്കുന്ന നഗരപ്രദേശങ്ങളിൽ കേന്ദ്രീകരിക്കപ്പെടുന്ന വളർച്ചാ ഘടകങ്ങൾ സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിലേക്ക് കൈമാറേണ്ടതുണ്ട്. സാമ്പത്തിക വികസനത്തിനായുള്ള ദീർഘകാല പ്രക്രിയയിൽ വളർച്ച മാത്രമല്ല, ഘടനാപരമായ പരിവർത്തനവും ഉൾപ്പെടേണ്ടതുമുണ്ട്. അതിലൂടെ തൊഴിലാളികൾ കൂടുതൽ ഉല്പാദന മേഖലകളിലേക്ക് — പ്രത്യേകിച്ച് കൃഷിയിൽ നിന്ന് ഉല്പാദനത്തിലേക്കും സേവനത്തിലേക്കും നീങ്ങുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം, മെച്ചപ്പെട്ട പൊതു സേവനങ്ങൾ, അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്താൻ ദരിദ്രരെ പ്രാപ്തരാക്കൽ എന്നിങ്ങനെയുള്ള സാമൂഹിക സുരക്ഷാ നയങ്ങൾ ദാരിദ്ര്യം നേരിട്ട് കുറയ്ക്കാൻ സഹായിക്കുന്നതാണ്. പക്ഷേ, അത് നടക്കാറില്ല. പട്ടിണിക്കാരായ പലരും ഭക്ഷ്യ ദൗർലഭ്യമുള്ളയിടങ്ങളിലല്ല, മിച്ചമുള്ള രാജ്യങ്ങളിലാണ് ജീവിക്കുന്നത്. ആ വിപുലമായ ജനവിഭാഗത്തിന് ഭക്ഷണത്തിലേക്കോ ജീവന്റെ തന്നെ അടിസ്ഥാനമായ ഭക്ഷണം നേടുന്നതിനുള്ള മാർഗങ്ങളിലേക്കോ പ്രവേശനമില്ല എന്നതാണ് വസ്തുത.
2014–2023 കാലഘട്ടത്തിൽ, കാർഷിക, കാർഷികേതര, നിർമ്മാണ മേഖലകളിലെ ഗ്രാമീണ പുരുഷ തൊഴിലാളികളുടെ വേതനം വളരെ മന്ദഗതിയിലാണ് വർധിച്ചതെന്നാണ് ലേബർ ബ്യൂറോയുടെ സ്വതന്ത്ര കണക്കുകൾ കാണിക്കുന്നത്. പ്രതിശീർഷ വരുമാനത്തിൽ ഗണ്യമായ വ്യത്യാസത്തിൽ പിന്നിലാണ്. കൂലി വ്യത്യാസം ഇവിടെയും അവസാനിക്കുന്നില്ല. സ്ത്രീകളുടെ ജീവിത നിലവാരം പുരുഷന്മാരുടേതിന് തുല്യമല്ല. അസമത്വം ബോധപൂർവം നിലനിർത്തപ്പെടുകയാണ്. ലോകത്തെ പട്ടിണി കിടക്കുന്നവരിൽ 60 ശതമാനവും സ്ത്രീകളും പെൺകുട്ടികളുമാണ്. ദിവസങ്ങളോളം അവർ ഒരുമിച്ച് പട്ടിണി കിടക്കേണ്ടി വരുന്നു. കൂടാതെ ഇതിന് പ്രായപരിധി ഇല്ല, മാസാരംഭത്തിൽതന്നെ ഇത് ആരംഭിക്കുകയും ചെയ്യുന്നു.