സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്മന്റ് സ്റ്റേറ്റ് ബാങ്ക് ഓപ്പറേഷന്‍സ് സപ്പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്ബിഒഎസ്എസ്) സ്ഥാപിക്കുന്നതിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം കനക്കുന്നു. ഓള്‍ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് അസോസിയേഷന്‍ (AIBEA) ജനറല്‍ സെക്രട്ടറി കെ എസ് കൃഷ്ണ എസ്ബിഐ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ക്ക് (ഹ്യൂമന്‍ റിസോഴ്സ്) അയച്ച കത്തില്‍ തൊഴിലാളികളുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി. ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ പുറംകരാര്‍ ചെയ്യുന്നത് ലക്ഷ്യം വെച്ചുള്ള എസ്ബിഒഎസ്എസിന്റെ രൂപീകരണം കുറഞ്ഞ വേതനത്തില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുമെന്നാണ് എസ്ബിഐ അവകാശപ്പെടുന്നത്, എന്നാല്‍ കരാര്‍ തൊഴിലാളികളെ കുറഞ്ഞ വേതനത്തില്‍ ബാങ്കിങ് മേഖലയിലെ പ്രവര്‍ത്തനങ്ങളിലേക്ക് എസ്ബിഒഎസ്എസ് വഴി നിയമിക്കുമ്പോള്‍ അതിലൂടെ ബാങ്കിങിലെ സുരക്ഷയും ഉത്തരവാദിത്തവും ചോദ്യം ചെയ്യപ്പെടുകയാണ്.
എസ്ബിഐ 10 കോടി രൂപ മൂലധന നിക്ഷേപംനടത്തിയാണ് പൂര്‍ണ്ണ ഉടമസ്ഥതയില്‍ സബ്സിഡിയറി (എസ്ബിഒഎസ്എസ്) സ്ഥാപിച്ചത്. ജൂലായ് 26 മുതല്‍ എസ്ബിഐ ബ്രാഞ്ചുകളുടെയും മറ്റും പ്രവര്‍ത്തനങ്ങള്‍ പലതും എസ്ബിഒഎസ്എസ് ഏറ്റെടുക്കുന്നതിനാണ് നീക്കം. ഐബിഎ (ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍) യും വര്‍ക്ക്മെന്‍ യൂണിയനുകളും തമ്മില്‍ ഔട്ട്സോഴ്സ് ചെയ്യാന്‍ കഴിയാത്ത/ ഔട്ട്സോഴ്സ് ചെയ്യാന്‍ കഴിയുന്ന ജോലികളും മേഖലകളും സംബന്ധിച്ച് കരാറുകളുണ്ട്. ഈ മാനദണ്ഡങ്ങള്‍ മറികടക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഓള്‍ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് അസോസിയേഷന്‍ (AIBEA) ജനറല്‍ സെക്രട്ടറി കെ എസ് കൃഷ്ണ കത്തില്‍ ചൂണ്ടിക്കാണിച്ചു.
മനുഷ്യശേഷി കുറച്ച് പകരം സാങ്കേതികവിദ്യ കൂടുതല്‍ ഉള്‍കൊള്ളിച്ചുകൊണ്ട് പ്രവര്‍ത്തിക്കാനാണ് എസ്ബിഒഎസ്എസിന്റെ ലക്ഷ്യമെന്നാണ് മാനേജ്‌മെന്റ് വാദം. ആര്‍ബിഐ അംഗീകരിച്ച നഗരപ്രദേശങ്ങളിലും ഗ്രാമീണ മേഖലകളിലെ ബാങ്കിന്റെ ശാഖകള്‍ക്കും റീട്ടെയില്‍ അസറ്റ് ക്രെഡിറ്റ് സെന്ററുകള്‍ക്കും പിന്തുണാ സേവനങ്ങളും ബിസിനസ് കറസ്പോണ്ടന്റ് പ്രവര്‍ത്തനങ്ങളും നല്‍കുന്നതിനായാണ് നീക്കം. നിലവില്‍ സ്ഥിര ജീവനക്കാര്‍ ബാങ്കിങ് ഇടപാട്, വായ്പ വിതരണ പ്രവര്‍ത്തനങ്ങളെന്നിവ ബ്രാഞ്ചുകള്‍ക്കുള്ളില്‍ തന്നെ കൈകാര്യം ചെയ്യുകയും സുരക്ഷിതത്വവും രഹസ്യവും ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്, എന്നാല്‍ ഇത്തരമൊരു പുറം കരാര്‍ സ്ഥാപനം എത്തുമ്പോള്‍ ഓപ്പറേറ്റിംഗ് ചെലവ് ചുരുക്കലിനൊപ്പം ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ അനൗപചാരികവും ഉത്തരവാദിത്തമില്ലായ്മയിലേക്കും കൂപ്പുകുത്തുമെന്നാണ് തൊഴിലാളികളുടെ ആശങ്ക. നിക്ഷേപമായാലും വായ്പയായാലും അവ സത്യസന്ധമായും സുരക്ഷിതത്വത്തോടെയും കൈകാര്യം ചെയ്യണം. എസ്ബിഐ നിയമപ്രകാരം ബാങ്കിലെ സ്ഥിരം ജീവനക്കാര്‍, ഓഫീസര്‍മാര്‍, ഡയറക്ടര്‍മാര്‍ എന്നിവര്‍ ഏറ്റെടുക്കുന്ന വിശ്വസ്തതയും രഹസ്യവും സംബന്ധിച്ച ബാധ്യതകള്‍ ഔട്ട്സോഴ്സ് മോഡലുകളില്‍ (എസ്ബിഒഎസ്എസ്) ഉണ്ടാകില്ലെന്നും കൃഷ്ണ ഓര്‍മ്മപ്പെടുത്തി.
English summary; State Bank of India subsidiary (SBOSS) for contract work; May lead to security issues in banking
You may also like this video;