Site icon Janayugom Online

തലസ്ഥാന നഗരിയിലേയ്ക്ക് സ്നേഹപൂർവം

സിപിഐ ജില്ലാ സെക്രട്ടറി
(ജനറൽ കൺവീനർ, സ്വാഗതസംഘം)

സിപിഐ 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുളള സംസ്ഥാന സമ്മേളനം സെപ്റ്റംബർ 30 മുതൽ ഒക്ടോബർ മൂന്നുവരെ തിരുവനന്തപുരത്തു നടക്കുകയാണ്. 14 ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് സംസ്ഥാന തലസ്ഥാന നഗരം പാർട്ടി സംസ്ഥാന സമ്മേളനത്തിന് ആതിഥ്യമരുളുന്നത്. തലസ്ഥാന ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് അഭിമാനകരമായ വളർച്ചയുടെ നാളുകൾ പിന്നിടുമ്പോഴാണ് സംസ്ഥാനസമ്മേളനത്തിന് വേദിയാകുന്നതിന് അവസരം ലഭിച്ചത്.
ജനകീയ വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ടുള്ള നിരന്തരമായ പ്രക്ഷോഭങ്ങളുടെയും പ്രചാരണ പരിപാടികളുടെയും ഒരു കാലമായിരുന്നു കഴിഞ്ഞുപോയത്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ശക്തമായ പ്രക്ഷോഭ പരിപാടികൾ പാർട്ടി നേതൃത്വത്തിൽ സംഘടിപ്പിക്കാൻ സാധിച്ചു. കേരള രാഷ്ട്രീയത്തിൽ പാർട്ടി ഉയർത്തിപ്പിടിക്കുന്ന നിലപാടുകളിലും ജനകീയ വിഷയങ്ങളിലെ ഇടപെടലിലും ആകൃഷ്ടരായി ആയിരക്കണക്കിന് സഖാക്കളാണ് വിവിധ പാർട്ടികളിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായി പ്രവർത്തിക്കാനെത്തിയത്.
തലസ്ഥാന ജില്ലയിലെ എല്ലാ ജനകീയ പ്രശ്നങ്ങളിലും സജീവമായി ഇടപെടാൻ കഴിയുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ് പാർട്ടി മാറിക്കഴിഞ്ഞു. പാർട്ടി ഭിന്നിപ്പിനു ശേഷം ദുർബലമായിപ്പോയ സിപിഐ സംഘടിപ്പിക്കുന്നതിന് ധീരമായ നേതൃത്വം കൊടുത്ത ത്യാഗധനരായ ഒരുകൂട്ടം നേതാക്കളെ ഈ അവസരത്തിൽ ആദരപൂർവം സ്മരിക്കുന്നു. സഖാക്കൾ കെ സി ജോർജ്, കെ വി സുരേന്ദ്രനാഥ്, എൻ കാർത്തികേയൻ, കാട്ടായിക്കോണം സദാനന്ദൻ, എൻ അരവിന്ദൻ, കണിയാപുരം രാമചന്ദ്രൻ തുടങ്ങി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് ജീവിതം സമർപ്പിച്ച നേതാക്കന്മാടെ പട്ടിക വലുതാണ്. അവർ സ്വപ്നം കണ്ടതുപോലെ തിരുവനന്തപുരം ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി കരുത്തുറ്റ, സ്വാധീനമുള്ള, ജനകീയ അംഗീകാരമുള്ള ഒരു മഹാപ്രസ്ഥാനമായി വളരുകയാണ്. ഇത്തരം ആവേശകരമായ അനുഭവങ്ങളുടെയും കോവിഡ് ഉൾപ്പെടെ നേരിടേണ്ടിവന്ന ദുരന്തകാലത്തെ സന്നദ്ധ പ്രവർത്തനങ്ങളുടെയും പശ്ചാത്തലത്തിലാണ് സംസ്ഥാനസമ്മേളനം ചേരുന്നത്. ആ വളർച്ചയുടെ പാതയിലെ ഒരു നാഴികക്കല്ലായിരിക്കും 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം. 

Exit mobile version