Site iconSite icon Janayugom Online

സംസ്ഥാന സഹകരണവകുപ്പ് : നാല് നഴ്ലിംങ് കോളജുകള്‍ കൂടി ആരംഭിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍

സംസ്ഥാന സഹകരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ആഭിമുഖ്യത്തില്‍ നാല് നഴ്‌സിംഗ് കോളേജുകള്‍ കൂടി ഉടന്‍ ആരംഭിക്കുമെന്ന് തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. കേപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ആദ്യത്തെ നഴ്‌സിംഗ് കോളേജ് ആലപ്പുഴ കേപ്പ് കോളേജ് ഓഫ് നഴ്‌സിംഗ് പുന്നപ്ര അക്ഷരനഗരി ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒമ്പത് എന്‍ജിനീയറിങ് കോളേജുകളും രണ്ട് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും സാഗര സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും സ്‌കില്‍ ആന്‍ഡ് നോളജ് ഡെവലപ്‌മെന്റ് സെന്ററും നടത്തുന്ന കേപ്പിന്റെ പുതിയ കാല്‍വെപ്പാണ് കോളേജ് ഓഫ് നേഴ്‌സിങ് ആലപ്പുഴ എന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിലെ പത്തനാപുരം, ആറന്മുള, വടക്കാഞ്ചേരി,കിടങ്ങൂര്‍ എന്നിവിടങ്ങളിലാണ് നഴ്‌സിംഗ് കോളേജുകള്‍ ഉടനെ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴയില്‍ എന്‍ജിനീയറിംഗ് കോളേജിന്റെ ഭാഗമായി ഉണ്ടായിരുന്ന കെട്ടിടം നഴ്‌സിംഗ് കൗണ്‍സിലിന്റെ പുനര്‍നിര്‍ണയ പ്രകാരം മാറ്റിയെടുക്കുകയും ലാബ്, ഫര്‍ണിച്ചര്‍ ‚ലൈബ്രറി തുടങ്ങിയവ പുതുതായി ഏര്‍പ്പെടുത്തുകയും ചെയ്തു. നഴ്‌സിംഗ് കോളേജിനായി മൂന്നര ഏക്കര്‍ ഭൂമി, ഹോസ്റ്റല്‍ സൗകര്യം എന്നിവയും ഏര്‍പ്പെടുത്തി. പുതിയ ബിഎസ്‌സി നഴ്‌സിംഗ് ബാച്ചില്‍ 50 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള സംവിധാനം ഇവിടെയുണ്ടെന്നും മന്ത്രി പറഞ്ഞു കേപ്പിന്റെ ആദ്യ നഴ്‌സിംഗ് കോളേജ് അമ്പലപ്പുഴയില്‍ തുടങ്ങണമെന്ന ആവശ്യം അംഗീകരിച്ച മന്ത്രിയെ ചടങ്ങില്‍ അധ്യക്ഷത വഹിച്ച എംഎല്‍എ അഭിനന്ദിച്ചു.

Exit mobile version