Site icon Janayugom Online

മാറിപ്പോകരുത്, രണ്ടും രണ്ടാണേ…

ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും രണ്ട് വ്യത്യസ്ത ഭരണഘടനാ സ്ഥാപനങ്ങളാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ്. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫിസിലേക്ക് വരുന്ന സാഹചര്യത്തിലാണ് വിശദീകരണം. 

സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലെ 21,900 നിയോജകമണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ചുമതലയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുള്ളത്. 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ചുമതല കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ്. വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിനും തെരഞ്ഞെടുപ്പ് നടത്തുന്നതിനും രണ്ട് സ്ഥാപനങ്ങള്‍ക്കും സമാന അധികാരമാണുള്ളത്. ജില്ലാ കളക്ടര്‍മാരാണ് രണ്ട് കമ്മിഷന്റെയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തെരഞ്ഞെടുപ്പ് ചുമതലകള്‍ സംസ്ഥാനത്ത് നിര്‍വഹിക്കുന്നത് ചീഫ് ഇലക്ടറല്‍ ഓഫിസര്‍(സിഇഒ) ആണ്. 

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റ് www. sec.kerala.gov.in ആണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍, ജനഹിതം, വികാസ് ഭവന്‍, തിരുവനന്തപുരം-695033 എന്നതാണ് വിലാസം. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് eci.gov.in, ceo.kerala.gov.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം. പൊതുജനങ്ങള്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിന് കോള്‍ സെന്ററുകളിലും (ജില്ലകളില്‍ 1950 എന്ന നമ്പറിലും ചീഫ് ഇലക്ടറല്‍ ഓഫിസില്‍ 1800 425 1965 എന്ന നമ്പറിലും) ബന്ധപ്പെടാം. 

Eng­lish Sum­ma­ry: State Elec­tion Com­mis­sion that Elec­tion Com­mis­sion of India and State Elec­tion Commission

You may also like this video

Exit mobile version