തമിഴ് നാട്ടിലൂടെയുള്ള ഒരു യാത്രക്കിടെയാണ് മൂവാറ്റുപുഴക്കാരനായ ജെയിംസ് വണ്ടിയിൽ നിന്ന് ഇറങ്ങിപ്പോകുന്നത്. അടുത്തുള്ള തമിഴ് ഗ്രാമത്തിലെത്തുന്ന അയാൾ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് വർഷങ്ങൾക്ക് മുമ്പ് കാണാതായ സുന്ദരം എന്ന തമിഴ് ഗ്രാമീണനായി പരകായ പ്രവേശം നടത്തുന്നു. ജെയിംസും സുന്ദരവും തമ്മിൽ യാതൊരു ബന്ധവുമില്ല. അവർ തമ്മിൽ നേരിൽ കാണുകയോ സംസാരിക്കുകയോ പോലും ചെയ്തിട്ടില്ല. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സുന്ദരമായി ജെയിംസ് മാറുമ്പോൾ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. തന്റെ അസാധാരണമായ അഭിനയ പ്രതിഭ കൊണ്ടാണ് മമ്മൂട്ടി എന്ന മഹാനടൻ ജെയിംസിൽ നിന്ന് സുന്ദരത്തിലേക്കുള്ള പരകായ പ്രവേശം സാധ്യമാക്കുന്നത്. തികച്ചും വ്യത്യസ്തമായ സ്വഭാവവിശേഷങ്ങളുള്ള രണ്ട് മനുഷ്യരുടെ ദ്വന്ദ്വഭാവങ്ങളെ സൂക്ഷ്മമായ പ്രകടനത്തിലൂടെ മമ്മൂട്ടി വെള്ളിത്തിരയിൽ അനശ്വരമാക്കുകയായിരുന്നു. അഭിനയ മികവിന്റെ ഈ മാന്ത്രികതയാണ് ആറാം തവണയും സംസ്ഥാന പുരസ്ക്കാരത്തിലേക്ക് മമ്മൂട്ടി എന്ന നടനെ നയിച്ചത്.
മമ്മൂട്ടിയെ താരമായി കാണാതെ, ആ കഥാപാത്രത്തിൽ കേന്ദ്രീകരിക്കാതെ കഥ പറയുകയായിരുന്നു നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിൽ സംവിധായകൻ ലിജോ. എന്നാൽ പറയാനുള്ള പ്രമേയത്തെ തീവ്രമായി പ്രേക്ഷകരിലേക്കെത്തിക്കാൻ മമ്മൂട്ടിയെന്ന അഭിനയ പ്രതിഭയെ സംവിധായകൻ നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തു. വണ്ടിയിൽ നിന്ന് ഉറക്കമുണർന്ന് ഇറങ്ങിപ്പോകുമ്പോഴും കള്ള് ഷാപ്പിലെ രംഗത്തും സുന്ദരത്തിന്റെ വീട്ടിലെത്തി അയാളുടെ വസ്ത്രമെടുത്ത് അണിഞ്ഞ് അയാളായി മാറുമ്പോഴും ഗ്രാമത്തിൽ നിന്ന് തിരികെ കൊണ്ടുപോകാൻ ഭാര്യയും മറ്റും എത്തുമ്പോഴുമെല്ലാം മമ്മൂട്ടിയുടെ പ്രകടനം അസാധാരണം എന്ന് തന്നെ പറയാം.
ദീർഘമായ ചില രംഗങ്ങളിൽ ഒറ്റയാൾ പ്രകടനത്തിലൂടെ മമ്മൂട്ടി സിനിമയെ നയിക്കുകയും ചെയ്യുന്നുണ്ട്. സുന്ദരമായി പകർന്നാടുമ്പോഴും തിരികെ ജെയിംസിലേക്ക് മടങ്ങുമ്പോഴുമെല്ലാം മമ്മൂട്ടി സമ്മാനിക്കുന്ന അഭിനയ മികവിന്റെ കരുത്ത് നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തെ കൂടുതൽ മികവുറ്റതാക്കുന്നുണ്ട്. ലോക നിലവാരത്തിലേക്ക് ഉയരുന്ന അഭിനയവും അവതരണവും തന്നെയായിരുന്നു ഈ സിനിമയുടേത്. അലൻസിയറും കുഞ്ചാക്കോ ബോബനും ശക്തമായ വെല്ലുവിളി ഉയർത്തിയെങ്കിലും സുന്ദരമാകുന്ന ജെയിംസിന്റെ ജീവിതത്തിലൂടെ അതിനെയെല്ലാം മറികടക്കുകയായിരുന്നു മമ്മൂട്ടി.
English Sammury: In a massive win, Mammootty bagged the 53rd Kerala State Film Award for Best Actor