Site iconSite icon Janayugom Online

സംസ്ഥാന ധനമന്ത്രിമാരുടെ കോൺക്ലേവ് ഇന്ന്

പതിനാറാം ധനകാര്യ കമ്മിഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി അഞ്ച് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ പങ്കെടുക്കുന്ന കോൺക്ലേവ് ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാജ്യത്ത് സാമ്പത്തിക ഫെഡറലിസം വലിയതോതിൽ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലാണ് ഇത്തരത്തിൽ ഒരു ചർച്ചാസമ്മേളനത്തിന് കേരളം നേതൃത്വം നൽകുന്നത്. സംസ്ഥാനങ്ങൾ നേരിടുന്ന വികസന, ധനകാര്യ പ്രശ്നങ്ങൾ ഡോ. എ അരവിന്ദ് പനഗരിയ അധ്യക്ഷനായ പതിനാറാം ധനകാര്യ കമ്മിഷൻ മുമ്പാകെ അവതരിപ്പിക്കുന്നത് സംബന്ധിച്ച ആശയരൂപീകരണവും സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യമാകും.
ഹോട്ടൽ ഹയാത്ത് റീജൻസിയിൽ രാവിലെ 10ന് ആരംഭിക്കുന്ന ഏകദിന കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും.

തെലങ്കാന ഉപമുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു, കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, പഞ്ചാബ് ധനകാര്യമന്ത്രി ഹർപാൽ സിങ് ചീമ, തമിഴ്‌നാട് ധനകാര്യമന്ത്രി തങ്കം തെന്നരസു എന്നിവർക്കൊപ്പം പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവുമായ ഡോ. അരവിന്ദ് സുബ്രഹ്മണ്യൻ, മുൻ ധനകാര്യമന്ത്രി ടി എം തോമസ് ഐസക്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ തുടങ്ങിയവരും വിശിഷ്ടാതിഥികളാകും. ഉച്ചയ്ക്കുശേഷം രണ്ടിന് സാമ്പത്തിക, വികസന വിഷയങ്ങളിൽ ചർച്ച ആരംഭിക്കും. അന്താരാഷ്ട്ര അംഗീകാരമുള്ള വിഷയ വിദഗ്ധരുടെ വലിയ നിര പങ്കെടുക്കും. 

Exit mobile version