Site iconSite icon Janayugom Online

സംസ്ഥാന തല പട്ടയമേള; വയനാട്ടില്‍ 1203 പട്ടയങ്ങൾ വിതരണം ചെയ്തു

k rajank rajan

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുളള സംസ്ഥാനതല പട്ടയമേള വയനാട് മാനന്തവാടിയിലെ ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ച് ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ റവന്യൂമന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. സ്വന്തം ഭൂമിയിൽ തലചായ്ക്കാൻ കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായതിന്റെ സന്തോഷം. ഹാളിൽ തിങ്ങി നിറഞ്ഞവരുടെ മുഖത്തെല്ലാം പ്രതീക്ഷകളുടെ നവജീവന്‍. ജില്ലയിൽ നടന്ന ഏറ്റവും വലിയ പട്ടയമേളകളിലൊന്നായി ഈ ചടങ്ങും മാറുമ്പോൾ ദീർഘകാലമായുള്ള സ്വപ്നം കൂടിയാണ് ഇവിടെ യാഥാർത്ഥ്യമായത്. പലരും മക്കളും ചെറുമക്കളുമായാണ് പട്ടയം വാങ്ങുന്നതിനായി ചടങ്ങിനെത്തിയത്. ഊന്നുവടിയുമായി സ്വന്തം ഭൂമിക്ക് ലഭിച്ച പട്ടയ രേഖകൾ വാങ്ങാനെത്തിയവരുമുണ്ട്. ആദിവാസികളും കുടിയേറ്റ കർഷകരും തോട്ടം തൊഴിലാളികളുമെല്ലാമുണ്ടായിരുന്നു ഇക്കുട്ടത്തിൽ. 

ഈരംകൊല്ലി കോളനിയിൽ നിന്നും കറുത്തയും ആമയും പട്ടയം വാങ്ങാനെത്തി. മുത്തങ്ങയുടെ പ്രതിനിധികളായി നഞ്ഞിയും കൂട്ടരുമാണ് പട്ടയം വാങ്ങാനെത്തിയത്. തലപ്പുഴ പാരിസൺ എസ്റ്റേറ്റിലെ മിച്ചഭൂമിക്ക് പട്ടയം ലഭിച്ചവരും കൂട്ടത്തോടെയാണ് പട്ടയമേളയിലെത്തിയത്. വിവിധ കാരണങ്ങളാൽ പട്ടയവും കൈവശ രേഖകളും ഇതുവരെ കിട്ടാൻ വൈകിയവർക്ക് ഇതെല്ലാം ചരിത്ര നിമിഷമായി.
സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി നടന്ന പട്ടയമേളയിൽ 1203 പട്ടയങ്ങളാണ് ജില്ലയിൽ വിതരണം ചെയ്തത്. 305 എൽ. എ. പട്ടയം, 508 മിച്ചഭൂമി പട്ടയം, മുത്തങ്ങ ഭൂസമരത്തിൽ പങ്കെടുത്തവർക്കുള്ള 37 കൈവശരേഖകൾ, 353 ലാൻഡ് ട്രീബ്യൂണൽ ക്രയ സർട്ടിഫിക്കറ്റ് എന്നിവയാണ് ചടങ്ങിൽ വിതരണം ചെയ്തത്. പട്ടയ വിതരണത്തിനായി പ്രത്യേക കൗണ്ടർ മേളയിൽ സജ്ജീകരിച്ചിരുന്നു. വില്ലേജ് അടിസ്ഥാനത്തിലുള്ള പട്ടയവിതരണം കാര്യക്ഷമമാക്കാൻ റവന്യു ജീവനക്കാരെയും വിന്യസിച്ചിരുന്നു.

You may also like this video

Exit mobile version