Site iconSite icon Janayugom Online

സംസ്ഥാന തദ്ദേശ ദിനാചരണം സമാപിച്ചു; ഓൺലൈൻ സേവനങ്ങൾ ജനം അനുഭവിച്ചറിയുന്നു: മുഖ്യമന്ത്രി

ഓൺലൈൻ സേവനങ്ങൾ വെറും പ്രഖ്യാപനങ്ങൾ മാത്രമല്ല യാഥാർഥ്യമാണെന്ന് ജനങ്ങള്‍ അനുഭവിച്ച് അറിയുന്ന കാലഘട്ടം കൂടിയാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന തദ്ദേശ ദിനാചരണത്തിന്റെ സമാപന സമ്മേളനം മാങ്ങാട്ടുപറമ്പ് കെഎപി ബറ്റാലിയൻ മൈതാനിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിനായി രൂപം നൽകിയ കെ-സ്മാർട്ടിലൂടെ അപേക്ഷ ലഭിച്ച് ഒരു മണിക്കൂറിനകം തീർപ്പാക്കിയ ഫയലുകളുടെ എണ്ണമെടുത്താൽ 10 ലക്ഷത്തിലധികം വരും. ഒരു മിനിട്ടിനകം നൽകിയ കെട്ടിട നിർമ്മാണ പെർമിറ്റുകളുടെ എണ്ണമെടുത്താൽ രണ്ട് ലക്ഷത്തിലധികം വരും. കഴിഞ്ഞ നവംബർ ഒന്നോടുകൂടി അതിദാരിദ്ര്യമുക്തമായി എന്നതിനാൽ ഇത്തവണത്തെ തദ്ദേശ ദിനാഘോഷത്തിൽ വലിയ അഭിമാനത്തോടെയാണ് നാമെല്ലാം പങ്കെടുക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്ക് പ്രവർത്തിച്ചത് തദ്ദേശ സ്ഥാപനങ്ങളാണെന്നും അതിനെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ സംസ്ഥാനം അധികാര വികേന്ദ്രീകരണത്തെ വലിയ പ്രാധാന്യത്തോടെയാണ് കണ്ടിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളെ ഏറ്റവും ഗൗരവതരമായ പിന്തുണ നൽകി ശാക്തീകരിച്ചു. സംസ്ഥാനം രൂപീകരിച്ച് 75 വർഷം പൂർത്തിയാവുന്ന 2031ൽ കേരളം എങ്ങിനെയാവണം എന്നതിനെക്കുറിച്ച് പ്രുമുഖ വ്യക്തികൾ പങ്കെടുത്ത് മിഷൻ 2031 ചർച്ചകൾ നടന്നിരുന്നു. അതിൽ മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർ പറഞ്ഞത്, രാജ്യത്ത് അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടപ്പിലാക്കുന്നത് കേരളമാണ് എന്നാണ്. ഇത് രാജ്യം മൊത്തത്തിൽ അംഗീകരിക്കുന്ന കാര്യമാണ്. ലൈഫ് പദ്ധതിക്കായി നാളിതുവരെ 21,000 കോടിയോളം രൂപയാണ് സംസ്ഥാനത്ത് ചെലവഴിച്ചത്. ഇതിൽ കേന്ദ്ര ഫണ്ടായി ലഭിച്ചത് 2,300 കോടി രൂപ മാത്രമാണ്. അതുകൂടി ചേരുന്നത് നല്ലതാണ്. എന്നാൽ, ഇതെല്ലാം സംസ്ഥാനം ചെയ്യുന്നതല്ല, കേന്ദ്രം ചെയ്യുന്നതാണ് എന്ന തെറ്റായ പ്രചരണം നടക്കുന്നുണ്ട്. കേന്ദ്രവും സംസ്ഥാനവും കൂടിയാണ് നാടിന്റെ വികസനത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്യേണ്ടത്. നാടിന്റെ ക്ഷേമകാര്യത്തിൽ രണ്ടു സർക്കാരുകളും ഒരുമിച്ച് നീങ്ങേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തദ്ദേശസ്വയം ഭരണ വകുപ്പിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. അതി ദാരിദ്ര്യനിർമാർജനം, ഡിജി കേരളം പദ്ധതികളുടെ രണ്ടാം ഘട്ടത്തിന്റെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. സംസ്ഥാനത്ത് നാലിടങ്ങളിലായി സ്ഥാപിക്കുന്ന റീജിയണൽ സാനിറ്ററി വേസ്റ്റ് ഇൻസിനറേഷൻ ഫെസിലിറ്റിയുടെ രൂപമാതൃക മന്ത്രി എം ബി രാജേഷ് അനാച്ഛാദനം ചെയ്തു. അതിദാരിദ്ര്യ നിർമാർജനവുമായി ബന്ധപ്പെട്ടുള്ള ലേഖനങ്ങളുടെ സമാഹാരം പ്രകാശനം ചെയ്തു. ഇൻഫർമേഷൻ കേരള മിഷൻ ജീവനക്കാർക്കുള്ള ഗുഡ് സർവീസ് സർട്ടിഫിക്കറ്റുകൾ വേദിയിൽ വിതരണം ചെയ്തു. തുടർന്ന് സ്വരാജ് ട്രോഫി, മഹാത്മാ, മഹാത്മാ അയ്യങ്കാളി, ലൈഫ് മിഷൻ, ശുചിത്വ ഗ്രേഡിങ് പുരസ്‌കാരങ്ങള്‍ ലഭിച്ചവർ മന്ത്രിയിൽ നിന്നും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. 

Exit mobile version