Site iconSite icon Janayugom Online

ലോട്ടറി തട്ടിപ്പുകൾക്കെതിരെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്

ലോട്ടറി മേഖലയിലെ വിവിധ തരം തട്ടിപ്പുകൾക്കെതിരെ ഏജന്റുമാരിൽ അവബോധം സൃഷ്ടിക്കുന്നതിന് ബോധവൽക്കരണ ക്ലാസുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്.

ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഓൺലൈൻ വിൽപന, സെറ്റ് വിൽപന, സമൂഹമാധ്യമങ്ങൾ വഴിയുള്ള വിൽപന, എഴുത്ത് ലോട്ടറി, ടിക്കറ്റുകളിലെ നമ്പർ തിരുത്തിയുള്ള പണം തട്ടിപ്പ് തുടങ്ങിയ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി.

ടിക്കറ്റുകളുടെ അവസാന നാലക്കങ്ങൾ ഒരേ രീതിയിൽ വരത്തക്കവിധമുള്ള സെറ്റ് വിൽപന വർധിക്കുന്നതു മൂലം 5000 രൂപ വരെയുള്ള ചെറിയ സമ്മാനങ്ങൾ കുറച്ചുപേർക്കു മാത്രമാണ് ലഭിക്കുന്നത്. ഇങ്ങനെ വൻതോതിൽ വാങ്ങുന്നവർക്കു വിലക്കുറവിൽ ടിക്കറ്റു നൽകുന്നതും പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നതും പതിവായതായി കണ്ടെത്തിയിട്ടുണ്ട്.

രജിസ്റ്റേഡ് ഏജന്റുമാരല്ലാത്തവരിൽ നിന്ന് ടിക്കറ്റുകൾ വാങ്ങി വിൽപന നടത്തുന്നത് ഏജന്റുമാരുടെയും വിൽപനക്കാരുടെയും ജീവനോപാധി നഷ്ടമാകാൻ കാരണമാകും. ഇതരസംസ്ഥാന ഭാഗ്യക്കുറികളുടെ കടന്നുവരവിന് അവസരം ഒരുക്കുന്ന തരത്തിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക മുദ്രയും കേരള ഭാഗ്യക്കുറിയുടെ ടൈറ്റിലും ഉപയോഗപ്പെടുത്തി സൈബർ പ്ലാറ്റ്ഫോമിലൂടെ അയൽസംസ്ഥാന ലോബികൾ സമ്മാനാർഹമായ നമ്പരുകളുടെ അവസാന നാലക്കങ്ങൾ ചേർത്ത് ചൂതാട്ടം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

സംസ്ഥാന ഭാഗ്യക്കുറികൾ അതിർത്തി സംസ്ഥാനങ്ങളിൽ വിൽപന നടത്തുന്നതായും ആക്ഷേപമുണ്ട്. ജനയുഗം ഇത് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിലുള്ള പരസ്യങ്ങൾ നൽകുക, സ്ഥാപനങ്ങളിൽ ബോർഡ് സ്ഥാപിക്കുക, ടിക്കറ്റുകൾ സമ്മാന പദ്ധതികളുമായി ബന്ധിപ്പിച്ച് വിപണനം നടത്തുക എന്നിവയൊന്നും ഏജന്റുമാർ ചെയ്യാൻ പാടില്ലെന്നാണ് അധികൃതരുടെ നിർദേശം. ഭാഗ്യക്കുറി ടിക്കറ്റുകൾ വ്യാജമായി നിർമിച്ചും ടിക്കറ്റുകളുടെ കളർ ഫോട്ടോസ്റ്റാറ്റ് പകർപ്പുകൾ നൽകിയും അക്കങ്ങൾ തിരുത്തി നൽകിയും ഏജന്റുമാരെയും വിൽപനക്കാരെയും കബളിപ്പിച്ച് സമ്മാനത്തുക തട്ടിയെടുക്ക സംഭവങ്ങളും പതിവായിട്ടുണ്ട്.

 

Eng­lish Sum­ma­ry: State Lot­tery Depart­ment Against Lot­tery Fraud

You may like this video also

Exit mobile version